ന്യൂഡൽഹി: പത്തു മാസത്തോളം യഥാർഥ നിയന്ത്രണരേഖയ്ക്കു സമീപം മുഖാമുഖം നിന്നശേഷം കിഴക്കൻ ലഡാക്കിലെ പാങ്ങോംഗ് തടാകത്തിന്റെ തെക്കൻ തീരത്തുനിന്ന് ഇന്ത്യയുടെയും ചൈനയുടെയും സൈന്യങ്ങൾ പിൻവാങ്ങി. പാങ്ങോംഗ് തടാകത്തിന്റെ തെക്കൻ തീരത്ത് കൈലാഷ് റേഞ്ചിൽ നിലയുറപ്പിച്ചിരുന്ന സൈനികരാണ് പിൻവാങ്ങിയത്. പാങ്ങോംഗ് തടാകത്തിന്റെ വടക്കൻ തീരത്ത് ഫിംഗർ പോയിന്റ് അഞ്ചിൽ നിർമിച്ച ബോട്ട് ജെട്ടി ചൈന നീക്കം ചെയ്തു. ഇവിടെ തീരത്ത് നിർമിച്ചിരുന്ന ഹെലിപാഡും താത്കാലിക ആശുപത്രിയും ടെന്റുകളും നിരീക്ഷണ പോസ്റ്റുകളും പൊളിച്ചുനീക്കി. പാങ്ങോംഗ് തടാകത്തിന്റെ വടക്കൻ തീരത്തുനിന്നുള്ള ചൈനയുടെ പിൻമാറ്റം സസൂക്ഷ്മം നിരീക്ഷിച്ച് കൊണ്ടാണ് തെക്കൻ തീരത്തുനിന്ന് ഇന്ത്യൻ സൈന്യവും പിന്മാറ്റം നടത്തുന്നത്. പിൻമാറിയ സ്ഥലങ്ങളിലെ കെട്ടിടങ്ങളും ടെന്റുകളും ബങ്കറുകളും നീക്കം ചെയ്ത പ്രദേശം ജെസിബി ഉപയോഗിച്ച് ചൈനീസ് സൈന്യം പൂർവ സ്ഥിതിയിലാക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണ അനുസരിച്ച് പിന്മാറുന്ന സ്ഥലങ്ങൾ പൂർവസ്ഥിതിയിൽ ആക്കണമെന്ന് വ്യവസ്ഥയുണ്ട്. സേനാപിൻമാറ്റം ഫെബ്രുവരി ഇരുപതോടെ പൂർത്തിയാകുമെന്നാണ് കരുതപ്പെടുന്നത്. പിന്മാറ്റം വിലയിരുത്തുന്നതിനായി കിഴക്കൻ ലഡാക്കിൽ നോർത്തേണ് ആർമി കമാൻഡർ ലെഫ്. ജനറൽ വൈ.കെ ജോഷി സന്ദർശിച്ചു.
തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് അമേരിക്കൻ കമ്പനിയായ ഇഎംസിസിയുമായി സർക്കാർ ഒപ്പിട്ട 5,000 കോടി രൂപയുടെ ധാരണാപത്രവും സർക്കാർ റദ്ദാക്കി. വ്യവസായ വകുപ്പിനു കീഴിലുള്ള കെഎസ്ഐഡിസിയുമായി കഴിഞ്ഞ വർഷം ഫെബ്രുവരി 28ന് ഒപ്പിട്ട ധാരണാപത്രമാണു റദ്ദാക്കിയത്. എന്നാൽ ഇഎംസിസിക്ക് ഭക്ഷ്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാൻ ആലപ്പുഴ പള്ളിപ്പുറത്തു നാല് ഏക്കർ ഭൂമി നൽകിയ സർക്കാർ തീരുമാനം റദ്ദാക്കിയില്ല. നേരത്തെ കേരളാ സ്റ്റേറ്റ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനും ഇഎംസിസിയുമായുള്ള കരാർ ഒപ്പിട്ടതു റദ്ദാക്കിയതിനു പിന്നാലെയാണ് തീരുമാനം.