Kerala Express

ലോസ്ആഞ്ചലസ്: യുഎസിനെ നടുക്കി കൂട്ടക്കൊല. വിനോദസഞ്ചാര കേന്ദ്രമായ ലാസ് വേഗാസില്‍ മാന്‍ഡലേ ബേ ഹോട്ടലിനു സമീപം സംഗീതപരിപാടിക്കിടെയുണ്ടായ വെടിവെപ്പിലാണ് 58 പേര്‍ കൊല്ലപ്പെട്ടത്.

515 പേര്‍ക്ക് പരുക്കേറ്റു. ജനക്കൂട്ടത്തിനു നേരെ വെടിയുതിര്‍ത്ത സ്റ്റീഫന്‍ പാ‍ഡോക്ക് (64) എന്നയാളെ പിന്നീട് ഹോട്ടലിന്‍റെ 32-ാം നിലയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇയാള്‍ സ്വയം ജീവനൊടുക്കിയതാണെന്ന് പോലീസ് അറിയിച്ചു. ഇയാളുടെ മുറിയില്‍നിന്ന് പത്ത് തോക്കുകള്‍ കണ്ടെടുത്തു. വെടിയേറ്റ നിരവധി പേരുടെ നില ഗുരുതരമാണെന്ന് യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്‍റര്‍ ആശുപത്രി അധികൃതര്‍ പറഞ്ഞു.
ലാസ് വേഗാസ് സ്വദേശിയായ സ്റ്റീഫന്‍ പാ‍ഡോക്കിനെ കൂട്ടക്കുരുതിക്ക് പ്രേരിപ്പിച്ച കാരണം വ്യക്തമല്ല. അമേരിക്കയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ വെടിപ്പാണിത്. 2016 ജൂണില്‍ ഒര്‍ലാന്‍ഡോയില്‍ നൈറ്റ് ക്ലബില്‍ നടന്ന വെടിവെപ്പില്‍ 49 പേര്‍ കൊല്ലപ്പെട്ടിരുന്നു. ജാസണ്‍ ആല്‍ഡീന്‍റെ സംഗീതനിശയ്ക്കിടെ യന്ത്രത്തോക്കുപയോഗിച്ചാണ് 32-ാം നിലയിലെ തന്‍റെ ഹോട്ടല്‍മുറിയില്‍നിന്ന് സ്റ്റീഫന്‍ പാ‍ഡോക്ക് താഴേക്ക് തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പറയുന്നു.

Sponsored Advertisments