Kerala Express

കൊച്ചി: മുന്‍മന്ത്രി കെ.എം. മാണി പ്രതിയായ ബാര്‍ കോഴക്കേസ് അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് ഹൈക്കോടതി 45 ദിവസംകൂടി അനുവദിച്ചു. അന്വേഷണം പൂര്‍ത്തിയാക്കാന്‍ വിജിലന്‍സ് കൂടുതല്‍ സമയം തേടിയതിനെത്തുടര്‍ന്നാണിത്. തുടരന്വേഷണത്തിന്‍റെ പുരോഗതി റിപ്പോര്‍ട്ട് കേസ് പരിഗണിക്കവേ വിജിലന്‍സ് മുദ്രവെച്ച കവറില്‍ കോടതിക്ക് കൈമാറി. ഇതിനോടൊപ്പമാണ് അന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെട്ടത്. 30 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി തുടര്‍ന്നുള്ള 15 ദിവസത്തിനകം അന്തിമ റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച് നടപടി പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശം. ബാര്‍ ലൈസന്‍സ് പുതുക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണത്തെത്തുടര്‍ന്ന് വിജിലന്‍സ് രണ്ടുതവണ അന്വേഷണം നടത്തിയെങ്കിലും കാര്യമായ തെളിവ് ലഭിച്ചില്ലെന്നും വീണ്ടും തുടരന്വേഷണം നടത്തുന്നത് അന്യായമായതിനാല്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കെ.എം. മാണി സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണനയിലുള്ളത്. അന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കുന്നതിനെ മാണിയുടെ അഭിഭാഷകന്‍ എതിര്‍ത്തു. എന്നാല്‍, അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് തൃപ്തികരമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കുകയായിരുന്നു.

തിരുവല്ല: മലങ്കര കത്തോലിക്കാസഭ ബത്തേരി, പുത്തൂര്‍ രൂപതകളുടെ മുന്‍ അധ്യക്ഷന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ് (67) കാലം ചെയ്തു. ആരോഗ്യപരമായ കാരണങ്ങളാല്‍ രൂപതാദ്ധ്യക്ഷസ്ഥാനം ഒരു വര്‍ഷം മുമ്പ് ഒഴിഞ്ഞ മാര്‍ ദിവന്നാസിയോസ് തിരുവല്ല കുറ്റൂരിലുള്ള സ്നേഹഭവനില്‍ (പള്ളിമല) വിശ്രമജീവിതത്തിലായിരുന്നു. തിരുവല്ല സെന്‍റ് ജോണ്‍സ് മെത്രാപ്പോലീത്തന്‍ കത്തീഡ്രലിനോടു ചേര്‍ന്ന കബറിടത്തിലാണു കബറടക്കം.

കൊച്ചി: സംസ്ഥാനത്തു വര്‍ഷങ്ങള്‍ക്കു മുമ്പു നിരോധിച്ച ബന്ദിന്‍റെ മറ്റൊരു രൂപമാണ് ഹര്‍ത്താലെന്നും പൊതുജനങ്ങളെ ബന്ദികളാക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ സര്‍ക്കാരിനു നിയന്ത്രിക്കാനാവാത്തതു കുറ്റകരമായ വീഴ്ചയാണെന്നും ഹൈക്കോടതി. ഹര്‍ത്താലിനു നശിപ്പിക്കല്‍ എന്നായി അര്‍ത്ഥമെന്നും ഡിവിഷന്‍ ബെഞ്ച് വിമര്‍ശിച്ചു. 2005ലെ ഇടതുമുന്നണി ഹര്‍ത്താലിനിടെയുണ്ടായ കല്ലേറില്‍ കാഴ്ച നഷ്ടപ്പെട്ട ലോറി ഡ്രൈവര്‍ക്കു സര്‍ക്കാര്‍ ഏഴുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ തള്ളിയാണു ഹൈക്കോടതിയുടെ വിമര്‍ശനം. പൗരന്‍റെ ജീവനു സംരക്ഷണം നല്‍കുകയെന്നതു സര്‍ക്കാരിന്‍റെ പ്രാഥമിക കര്‍ത്തവ്യമാണെന്നു കോടതി ചൂണ്ടിക്കാട്ടി. പലപ്പോഴും മുന്നറിയിപ്പില്ലാതെയാണു ഹര്‍ത്താല്‍ വരുന്നത്. ഏതെങ്കിലും  അനിഷ്ടസംഭവത്തിന്‍റെ പേരില്‍ സംസ്ഥാനത്തു രാഷ്ട്രീയ വികാരം ആളിക്കത്തിക്കാനാണു പാര്‍ട്ടികള്‍ ശ്രമിക്കുന്നത്. അങ്ങേയറ്റം ഉത്കണ്ഠയോടെയാണ് ഇതിനെ നോക്കിക്കാണേണ്ടത്.

Sponsored Advertisments