ഇടതുമുന്നണിയില്‍ ഭിന്നത മറനീക്കിയ നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണ് രാജി. കായല്‍ കൈയേറ്റ ആരോപണത്തില്‍ കുരുങ്ങിയ ചാണ്ടി കുരുക്കഴിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ സ്വയം സൃഷ്ടിച്ച കുരുക്കുകളും ചേര്‍ന്നാണ് പുറത്തേക്കുള്ള വഴി ഒരുക്കിയത്. ഒടുവില്‍ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം അശനിപാതംപോലെ പതിച്ചതോടെ മറ്റൊരു വഴിയില്ലെന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തുകയായിരുന്നു. രാജിയോടെ രണ്ടംഗങ്ങളുള്ള എന്‍സിപിക്ക് ഇടത് മന്ത്രിസഭയില്‍ പ്രാതിനിധ്യമില്ലാതായി.
രാജിക്കത്ത് തയ്യാറാക്കി ഒപ്പുവെച്ച ചാണ്ടി, മുഖ്യമന്ത്രിയെ കാണാന്‍ കൂട്ടാക്കാതെ ഔദ്യോഗിക വാഹനത്തില്‍ ആദ്യം കുട്ടനാട്ടിലെ വീട്ടിലേക്കും പിന്നീട് കൊച്ചിയിലേക്കും പോയി. മന്ത്രിയുടെ രാജിക്കത്ത് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരനാണ് സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്. ഒന്നര വര്‍ഷം പിന്നിടുന്ന എല്‍ഡിഎഫ് മന്ത്രിസഭയില്‍ നിന്നുള്ള മൂന്നാമത്തെ മന്ത്രിയുടെ രാജിയാണ് തോമസ് ചാണ്ടിയിലൂടെ ഉണ്ടായിരിക്കുന്നത്. ഉപാധികളില്ലാതെയാണ് രാജിയെങ്കിലും ഘടകകക്ഷി എന്ന നിലയില്‍ എന്‍സിപിയുടെ മന്ത്രിസ്ഥാനത്തിനായുള്ള അവകാശവാദം നിലനില്‍ക്കുമെന്ന് നേതൃത്വം അവകാശപ്പെട്ടു. എന്‍സിപിയുടെ മന്ത്രിസ്ഥാനം ഒഴിച്ചിടുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും ആദ്യം കുറ്റവിമുക്തനായി എത്തുന്ന ആള്‍ക്ക് മന്ത്രിസ്ഥാനം മടക്കിക്കിട്ടുമെന്നും ടി.പി. പീതാംബരന് വാര്‍ത്താലേഖകരോടു പറഞ്ഞു. ഹണിട്രാപ്പില്‍പ്പെട്ട എ.കെ. ശശീന്ദ്രനും ബന്ധുനിയമന വിവാദത്തില്‍പ്പെട്ട ഇ.പി. ജയരാജനും മുമ്പ് മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു.