Kerala Express

ഇ. ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ സൗമ്യഭാവമായിരുന്ന മുന്‍ മന്ത്രിയും സിപിഐ നേതാവുമായ ഇ. ചന്ദ്രശേഖരന്‍ നായര്‍ (89) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖം മൂലം അദ്ദേഹത്തെ തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്‍ററില്‍ പ്രവേശിപ്പിച്ചെങ്കിലും ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്ത്യം സംഭവിക്കുകയായിരുന്നു. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗമായിരുന്നു. 1928 ഡിസംബര്‍ രണ്ടിന് കൊല്ലം എഴുകോണ്‍, ഇടയിലഴികത്ത് ഈശ്വരപിള്ളയുടെയും ഇരുമ്പനങ്ങാട് മുട്ടത്തുവയലില്‍ മീനാക്ഷിയമ്മയുടെയും മകനായാണ് ജനനം. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെയാണ് അദ്ദേഹം പൊതുരംഗത്തേക്കു വന്നത്. ആറു തവണ നിയമസഭാംഗമായി. മൂന്നുതവണ മന്ത്രിയുമായി. ഭാര്യ: മനോരമ നായര്‍ (റിട്ട. ഹെഡ്മിസ്ട്രസ്). ഗീതയും ജയചന്ദ്രനുമാണ് മക്കള്‍. ഗീതയുടെ ഭര്‍ത്താവ് മുന്‍ ലേബര്‍ കമ്മീഷണര്‍ സി. രഘുവാണ്. കാലിഫോര്‍ണിയയില്‍ എഞ്ചിനീയറായ മകന്‍ ജയചന്ദ്രന്‍റെ ഭാര്യ ലക്ഷ്മി കാലിഫോര്‍ണിയയില്‍ ഹൃദ്രോഗ വിദഗ്ദ്ധയാണ്.

ബാലമന്ദിരങ്ങള്‍ അടച്ചുപൂട്ടലിലേക്ക്

തൃശൂര്‍: സംസ്ഥാനത്തെ 1200ലേറെ വരുന്ന ബാലമന്ദിരങ്ങള്‍ അടച്ചുപൂട്ടലിലേക്കു നീങ്ങുന്നു. ഈ സ്ഥാപനങ്ങളില്‍ കഴിയുന്ന അമ്പതിനായിരത്തിലേറെ കുട്ടികള്‍ വിദ്യാഭ്യാസം തുടരാനോ ഭക്ഷണം ലഭിക്കാനോ സാധിക്കാതെ വഴിയാധാരമാകുന്ന അവസ്ഥയായിട്ടും, കേന്ദ്ര ഗവണ്‍മെന്‍റ് കൊണ്ടുവന്ന നിയമത്തെ നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. എന്നാല്‍, സംസ്ഥാനത്ത് ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്‍റെ കീഴിലും അല്ലാതെയും പ്രവര്‍ത്തിക്കുന്ന എല്ലാ ശിശു സംരക്ഷണ സ്ഥാപനങ്ങളും 2015ലെ ജുവനൈല്‍ ജസ്റ്റീസ് (കെയര്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍) ആക്ടിനു കീഴില്‍ നവം. 10നകം നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്നു സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതേത്തുടര്‍ന്ന് സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന എഴുനൂറോളം സ്ഥാപനങ്ങള്‍ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്‍റെ
അംഗീകാരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു. ഇതില്‍ നേരത്തെ അപേക്ഷ നല്‍കിയ 200 സ്ഥാപനങ്ങളുടെ അപേക്ഷ ബോര്‍ഡ് അംഗീകരിച്ചു. അഞ്ഞൂറോളം സ്ഥാപനങ്ങളുടെ അപേക്ഷ സര്‍ക്കാരില്‍നിന്ന് അഭിപ്രായം തേടിയശേഷം പരിഗണിക്കാന്‍ അടുത്ത ബോര്‍ഡ് യോഗത്തിലേക്കു മാറ്റിവെച്ചിരിക്കുകയാണ്.
അട്ടപ്പാടിയിലടക്കം ഇത്തരം പല സ്ഥാപനങ്ങളും അടച്ചുപൂട്ടിക്കഴിഞ്ഞതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. അംഗീകാരം റദ്ദാക്കാനാവശ്യപ്പെട്ടവയില്‍ പലതും അടച്ചുപൂട്ടലിലേക്കു തന്നെയാണ് നീങ്ങുന്നത്. ആയിരക്കണക്കിനു കുട്ടികളുടെ ഭാവി അവതാളത്തിലാവുകയാവും ഇതിന്‍റെ ഫലം. കേന്ദ്രഗവണ്‍മെന്‍റിന്‍റെ 2016ല്‍ കൊണ്ടുവന്ന ജുവനൈല്‍ ജസ്റ്റീസ് ആക്ടില്‍ എല്ലാ ബാലഭവനങ്ങളും അനാഥമന്ദിരങ്ങളും രജിസ്റ്റര്‍ ചെയ്യണമെന്നും 2017 ഡിസംബര്‍ 31നകം രജിസ്റ്റര്‍ ചെയ്യാത്തവയുടെ ലൈസന്‍സ് റദ്ദാക്കുമെന്നുള്ള കര്‍ശന ഉത്തരവാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു തുടക്കമിട്ടത്.

ചട്ടം ലംഘിച്ച കെട്ടിടങ്ങള്‍ക്ക് പിഴയിട്ട് അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്ത് ചട്ടങ്ങള്‍ ലംഘിച്ചു നിര്‍മ്മിച്ച കെട്ടിടങ്ങള്‍ക്കു പിഴ ഈടാക്കി അംഗീകാരം നല്‍കും. 2017 ജൂലൈ 31നു മുമ്പ് നിര്‍മ്മിച്ച കെട്ടിടങ്ങള്‍ക്കാണ് അംഗീകാരം. നല്‍കുക. കെട്ടിടത്തിന്‍റെ സുരക്ഷയുടെയും ഉറപ്പിന്‍റെയും കാര്യത്തില്‍ മാത്രം ഇളവു നല്‍കില്ല. ജില്ലാ ടൗണ്‍ പ്ലാനറുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതി പരിശോധിച്ചാണു പിഴത്തുക നിശ്ചയിക്കുക. ഇതിനുള്ള ഓര്‍ഡിനന്‍സിനു മന്ത്രിസഭ അംഗീകാരം നല്‍കി. പഞ്ചായത്തുരാജ്, മുനിസിപ്പല്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തി രണ്ട് ഓര്‍ഡിനന്‍സുകളാണ് തയാറാക്കിയിട്ടുള്ളത്. ഗവര്‍ണര്‍ അംഗീകരിച്ചു വിജ്ഞാപനം ചെയ്യുന്നതോടെ പുതിയ മാനദണ്ഡങ്ങള്‍ നിലവില്‍ വരും. 2013 വരെ നിര്‍മ്മിച്ച അനധികൃത കെട്ടിടങ്ങള്‍ ക്രമപ്പെടുത്താന്‍ നേരത്തെ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു,

Sponsored Advertisments