Kerala Express

ഓഖി ചുഴലിക്കാറ്റ്: കേരളത്തിലും തമിഴ്നാട്ടിലും 7 വീതം മരണം
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റു വിതച്ച ദുരന്തത്തില്‍ മൂന്നുപേര്‍കൂടി മരിച്ചതോടെ കേരളത്തില്‍ മരണം ഏഴായി. തമിഴ്നാട്ടിലും മരണം ഏഴായി. കാറ്റും മഴയും ആരംഭിച്ച് 48 മണിക്കൂര്‍ പിന്നിട്ടിട്ടും നൂറുകണക്കിന് മത്സ്യത്തൊഴിലാളികള്‍ ആഴക്കടലില്‍ ജീവന് മല്ലടിക്കുകയാണ്. ഇവരെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. സര്‍ക്കാരിന്‍റെ രക്ഷാപ്രവര്‍ത്തനം അശാസ്ത്രീയമാണെന്നാരോപിച്ച് തീരത്ത് പ്രതിഷേധം ശക്തമായി.
218 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 38 ബോട്ടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിലെ തൊഴിലാളികള്‍ക്ക് ദുരിതാശ്വാസ കിറ്റുകളും ആഹാരവും നല്‍കിയിട്ടുണ്ട്. എന്നാല്‍, കൊച്ചിയില്‍നിന്ന് ബുധനാഴ്ച മത്സ്യബന്ധനത്തിന് പോയ 211 ബോട്ടുകളെക്കുറിച്ച് വിവരമില്ല. ഇതിലുള്ളവര്‍ തമിഴ്നാട്ടുകാരാണ്. കേരള തീരത്തുനിന്ന് ലക്ഷദ്വീപിനെ കേന്ദ്രീകരിച്ച് ഓഖി നീങ്ങുന്നതിനാല്‍ ലക്ഷദ്വീപിലും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലും കടല്‍ പ്രക്ഷുബ്ധമാണ്. അടുത്ത 36 മണിക്കൂറില്‍ ശക്തമായ മഴക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ കനത്ത ജാഗ്രത പാലിക്കണമെന്ന്  ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പു നല്‍കി.

Sponsored Advertisments

GP-Adv2
TSI-Adv