തിരുവനന്തപുരം: പിഎസ്സി ഉദ്യോഗാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എംഎൽഎമാരായ ഷാഫി പറമ്പിലും കെ.എസ്. ശബരീനാഥനും സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ഒൻപതു ദിവസമായി നിരാഹാര സമരം തുടർന്ന എംഎൽഎമാരുടെ ആരോഗ്യസ്ഥിതി മോശമാണെന്ന് ഡോക്ടർമാർ അറിയിച്ചതിനെത്തുടർന്ന് കോണ്ഗ്രസ് നേതൃത്വം ഇടപെട്ട് രണ്ടു പേരെയും ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഇവർക്കു പകരം യൂത്ത് കോണ്ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ റിയാസ് മുക്കാളി, റിജിൽ മാക്കുറ്റി, എൻ.എസ്. നുസൂർ എന്നിവർ നിരാഹാരസമരം തുടരും.
എംഎൽഎമാരെ പരിശോധിച്ച ഡോക്ടർമാർ ആരോഗ്യനില മോശമാണെന്ന് അറിയിച്ചു. തുടർന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള നേതാക്കൾ എത്തി എംഎൽഎമാരോട് നിരാഹാരസമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. തുടര്ന്ന് ഷാഫിയെയും ശബരീനാഥനെയും ആശുപത്രിയിലേക്കു മാറ്റി.
ആലപ്പുഴ: സംസ്ഥാന സർക്കാർ ഇതുവരെ ഇന്ധനനികുതി വർധിപ്പിച്ചിട്ടില്ലെന്നും കേന്ദ്രസർക്കാർ നികുതി കുറച്ച് ഇന്ധനവില കുറയ്ക്കാൻ തയാറാകണമെന്നും ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. വിലവർധനയുടെ ഉത്തരവാദിത്തം കേന്ദ്രം ഏറ്റെടുക്കണം. സംസ്ഥാനത്തിന്റെ ചെലവിൽ കേന്ദ്രം രക്ഷപ്പെടേണ്ടെന്നും അദ്ദേഹം ആലപ്പുഴയിൽ പത്രസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനം സാമ്പത്തിക ബുദ്ധിമുട്ടിലായതിനാൽ നികുതി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ചിന്തയും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ധനവില ജിഎസ്ടിയുടെ ഭാഗമാക്കുന്നതിനോട് എതിർപ്പില്ല. എന്നാൽ സംസ്ഥാനത്തിന് ഇതുമൂലം നഷ്ടമാകുന്ന തുകയ്ക്ക് അഞ്ചുവർഷം കോമ്പൻസേഷൻ കിട്ടണം. തോന്നുംപടി വില കൂട്ടാൻ പെട്രോളിയം കമ്പനികൾക്ക് അധികാരം നല്കിയത് യുപിഎ സർക്കാരാണ്. അത് ബിജെപിയും പിന്തുടരുന്നു. ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞപ്പോൾ അഞ്ചുമടങ്ങ് ഡീസലിലും മൂന്നുമടങ്ങ് പെട്രോളിലും നികുതി കൂട്ടിയത് കേന്ദ്രമാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: നിയമസഭാ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് എൽഡിഎഫിൽ ജനതാദൾ-എസ് ഒഴികെയുള്ള കക്ഷികളുമായി ആദ്യഘട്ട ചർച്ച സിപിഎം പൂർത്തിയാക്കി. പുതുതായി ഇടതുമുന്നണിയിലെത്തിയ കേരള കോണ്ഗ്രസ്- എം 15 സീറ്റ് ആവശ്യപ്പെട്ടു. സിപിഎം ഇക്കാര്യത്തിൽ അഭിപ്രായം പിന്നീടറിയിക്കും. എകെജി സെന്ററിൽ നടന്ന ചർച്ചയിൽ ജോസ് കെ. മാണി ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
എൻസിപിയുമായുള്ള ചർച്ചയിൽ സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരൻ നാലു സീറ്റ് ആവശ്യപ്പെട്ടു. ലോക് താന്ത്രിക് ജനതാദൾ നേരത്തേതന്നെ ഏഴു സീറ്റുകളാവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. ജനതാദൾ-എസ് പ്രസിഡന്റ് മാത്യു ടി. തോമസ്, തിരുവല്ലയിൽ ഇടതു മേഖലാ ജാഥയുടെ തിരക്കിലായതിനാൽ ചർച്ചയ്ക്കെത്തിയില്ല. ജെഡിഎസുമായി ചർച്ച ചെയ്ത ശേഷം ഇരു പാർട്ടികളുടെയും കാര്യത്തിൽ ധാരണയാകാമെന്ന് എൽജെഡി നേതാവ് എം.വി. ശ്രേയാംസ് കുമാറിനെ അറിയിച്ചു.
സിപിഐയുമായി നേരത്തേ തന്നെ ആദ്യവട്ട ചർച്ച പൂർത്തിയാക്കിയിരുന്നു. ഇടതുമുന്നണിയിൽ പുതുതായി കക്ഷികളെത്തിയ സാഹചര്യത്തിൽ പരിമിതികൾ മനസിലാക്കി എല്ലാവരും വിട്ടുവീഴ്ച ചെയ്യണമെന്നു മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും നിർദേശിച്ചു.