തിരുവനന്തപുരം: കവി വിഷ്ണുനാരായണൻ നമ്പൂതിരി (81) അന്തരിച്ചു. തിരുവനന്തപുരത്ത് തൈക്കാട് ശ്രീവല്ലി ഇല്ലത്ത് ഫെബ്രുവരി 25നു ഉച്ചകഴിഞ്ഞു രണ്ടോടെയായിരുന്നു അന്ത്യം. ശാരീരിക അവശതകളോടൊപ്പം മറവിരോഗവും ബാധിച്ചതിനാൽ ഏറെനാളായി ചികിത്സയിലായിരുന്നു. 2014-ൽ രാജ്യം അദ്ദേഹത്തെ പദ്മശ്രീ നൽകി ആദരിച്ചു. കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാർഡുകളും എഴുത്തച്ഛൻ പുരസ്കാരവും ഉൾപ്പെടെ നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. 1939 ജൂണ് രണ്ടിന് തിരുവല്ല ഇരിങ്ങോലിലാണു ജനനം. സാമ്പ്രദായിക രീതിയിൽ മുത്തച്ഛനിൽനിന്നു സംസ്കൃതവും വേദവും പുരാണങ്ങളും പഠിച്ചു. കൊച്ചുപെരിങ്ങര സ്കൂൾ, ചങ്ങനാശേരി എസ്ബി കോളജ്, കോഴിക്കോട് ദേവഗിരി കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. എംഎയ്ക്കു ശേഷം മലബാർ ക്രിസ്ത്യൻ കോളജിൽ ഇംഗ്ലീഷ് അധ്യാപകനായി. പിന്നീട് വിവിധ സർക്കാർ കോളജുകളിലും അധ്യാപകനായിരുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽനിന്ന് ഇംഗ്ലീഷ് വകുപ്പ് അധ്യക്ഷനായി വിരമിച്ചു. അതിനുശേഷം മൂന്നു വർഷം തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ ശാന്തിക്കാരനായിരുന്നു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ റിസർച്ച് ഓഫീസറും ഗ്രന്ഥാലോകം മാസികയുടെ പത്രാധിപരുമായിരുന്നു.
ഇന്ത്യയെന്ന വികാരം, ആരണ്യകം, അതിർത്തിയിലേക്ക് ഒരു യാത്ര, ഉജ്ജയിനിയിലെ രാപ്പകലുകൾ, മുഖമെവിടെ, ഭൂമിഗീതങ്ങൾ, പ്രണയഗീതങ്ങൾ, സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു ഗീതം, ചാരുലത എന്നിവയാണു അദ്ദേഹത്തിന്റെ പ്രധാന കവിതാ സമാഹാരങ്ങൾ.
ഭൂമിഗീതങ്ങൾക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് (1979), മുഖമെവിടെക്ക് ഓടക്കുഴൽ അവാർഡ് (1983), ഉജ്ജയിനിയിലെ രാപകലുകൾക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (1994), ആശാൻ പുരസ്കാരം (1996), കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനാ പുരസ്കാരം (2004), മാതൃഭൂമി സാഹിത്യ പുരസ്കാരം (2010), വള്ളത്തോൾ പുരസ്കാരം (2010), വയലാർ അവാർഡ് (2010), ചങ്ങന്പുഴ പുരസ്കാരം (1989), ഉള്ളൂർ അവാർഡ് (1993), സാഹിത്യകലാനിധി സ്വർണമുദ്ര, വീണപൂവ് ശതാബ്ദി പുരസ്കാരം (2008), എഴുത്തച്ഛൻ പുരസ്കാരം (2014), തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഭാര്യ: സാവിത്രി, മക്കൾ: അദിതി, അപർണ.
കട്ടപ്പന: ഇടുക്കിക്ക് 12,000 കോടിയുടെ പാക്കേജ് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. അടുത്ത അഞ്ചുവർഷംകൊണ്ടാണ് പദ്ധതികൾ നടപ്പാക്കുക. കാർഷിക വരുമാനം വർധിപ്പിക്കൽ, മൂല്യവർധിത വ്യവസായങ്ങളുടെ പ്രോ ത്സാഹനം, ടൂറിസം വികസനം, പശ്ചാത്തല സൗകര്യങ്ങളുടെ വികസനം, ദാരിദ്ര്യനിർമാർജനം, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്ക് ഊന്നൽ നൽകിയുള്ള പദ്ധതികളാണ് മുഖ്യമന്ത്രി കട്ടപ്പനയിൽ പ്രഖ്യാപിച്ചത്. കാർഷിക മേഖലയ്ക്കുള്ള ബജറ്റ് വിഹിതം 100 കോടിയായി വർധിപ്പിക്കും. കുരുമുളക് പുനരുദ്ധാരണത്തിനു സബ്സിഡിയും ജാതി, ഇഞ്ചി, മഞ്ഞൾ എന്നിവയുടെ പ്രോത്സാഹനത്തിനു പ്രത്യേക പദ്ധതികളും ആവിഷ്കരിക്കും. ഹൈറേഞ്ചിലെ സുഗന്ധവ്യഞ്ജനങ്ങൾ ബ്രാൻഡുചെയ്തു മാർക്കറ്റുചെയ്യുന്നതിനും ജില്ലയ്ക്ക് കാർബണ് ന്യൂട്രൽ പദവി നേടിയെടുക്കുന്നതിനുമുള്ള പദ്ധതികൾ ആരംഭിക്കും.
തിരുവനന്തപുരം: വിദേശത്തു നിന്നെത്തുന്നവർക്കു കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കോവിഡ് പരിശോധന നിർബന്ധമാക്കിയതോടെ യാത്രക്കാർ ദുരിതത്തിൽ. യാത്രയ്ക്കുശേഷം ആർടിപിസിആർ പരിശോധനയ്ക്കായി മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടി വരുന്നു. പരിശോധനയ്ക്കായി വേണ്ടത്ര കൗണ്ടറുകളോ മറ്റു സംവിധാനങ്ങളോ ഒരുക്കിയിട്ടില്ല. വിദേശത്തുനിന്നും എത്തുന്ന യാത്രക്കാർക്ക് കേന്ദ്രസർക്കാരിന്റെ നിർദേശപ്രകാരമാണ് ആർടിപിസിആർ പരിശോധന നടത്തുന്നത്. യാത്രക്കാർ സ്വന്തം ചെലവിൽ പരിശോധന നടത്തണമെന്നാണ് നിബന്ധന.
ഗൾഫ് രാജ്യങ്ങളിൽ നിന്നും സ്വന്തം ചെലവിൽ പരിശോധന നടത്തി സർട്ടിഫിക്കറ്റുമായി എത്തിയവർ വലിയ പ്രതിഷേധമാണ് ഉയർത്തിയത്. 24 മണിക്കൂറിനിടെയും 48 മണിക്കൂറിനിടെയും പരിശോധന നടത്തിയവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇവർ വീണ്ടും 1700 രൂപ മുടക്കി കോവിഡ് ടെസ്റ്റ് നടത്തണമെന്നാണ് നിർദേശം. അഞ്ച് അംഗങ്ങൾ വരെയുള്ള കുടുംബങ്ങൾ ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇവർക്കു വൻ തുകയാണ് കോവിഡ് പരിശോധനയ്ക്കു വേണ്ടിവന്നത്. യുഎഇയിൽ മൂവായിരത്തോളം രൂപയാണ് കോവിഡ് ടെസ്റ്റിനായി ഈടാക്കുന്നത്. നാലു പേർ അടങ്ങുന്ന കുടുംബത്തിന് പരിശോധനയ്ക്കു മാത്രം ചെലവാകുന്നത് 12,000 രൂപ. ഇവിടെ നാലു പേർക്ക് ടെസ്റ്റിന് ചെലവാകുന്നത് 6800 രൂപ. ജോലി നഷ്ടപ്പെട്ടു വിദേശത്തുനിന്നും വരുന്ന നിരവധി കുടുംബങ്ങളാണുള്ളത്. ഇവർക്കും കോവിഡ് പരിശോധന വൻ തരിച്ചടിയായി.
അതേസമയം, വിമാനത്താവളത്തിൽ ആർടിപിസിആർ പരിശോധനയ്ക്കായി നിലവിൽ 20 കൗണ്ടറുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു. ഇതിനായി പ്രത്യേക മെഡിക്കൽ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. എന്നാൽ ആദ്യദിനത്തിൽ കൗണ്ടറുകളുടെ എണ്ണം പരിമിതമായതിനാലാണ് ചിലർ പ്രതിഷേധവുമായി രംഗത്തെത്തിയതെന്നും എയർപോർട്ട് അധികൃതർ പറഞ്ഞു.