തിരുവനന്തപുരം: തിരിച്ചറിയൽ കാർഡ് കാണിച്ചാൽ മാത്രം തുറക്കുന്ന വാതിലുകൾ സംസ്ഥാന സെക്രട്ടേറിയറ്റിലെ എല്ലായിടത്തും ഘടിപ്പിക്കുന്നു. ജീവനക്കാർക്കും സന്ദർശകർക്കും ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലേക്കു കയറാനും ഇറങ്ങാനും ഇത്തരം കാർഡ് വേണ്ടി വരും. സെക്രട്ടേറിയറ്റിൽ എത്തി ഹാജർ രേഖപ്പെടുത്തിയ ശേഷം കറങ്ങിനടക്കുന്ന ജീവനക്കാരെ പിടികൂടുന്നതിനാണു നടപടിയെന്നാണു വിശദീകരണം. ജീവനക്കാരും സന്ദർശകരും സെക്രട്ടേറിയറ്റിലേക്കും പുറത്തേക്കും പോകുന്നതു നിയന്ത്രിക്കുന്നതിനുള്ള സംവിധാനം 1.95 കോടി രൂപ ചെലവിൽ സ്ഥാപിക്കാൻ കെൽട്രോണിനെ ചുമതലപ്പെടുത്തി. സെക്രട്ടേറിയറ്റിന്റെ പ്രധാന കെട്ടിടങ്ങളിലും അനക്സുകളിലും ബൂം ബാരിയർ ഗേറ്റുകളും സ്ഥാപിക്കും. കൊച്ചി മെട്രോ മാതൃകയിലാണു സംവിധാനം. ഇതിനായി കൊച്ചി മെട്രോയുടെ സാങ്കേതിക സഹായവുമുണ്ടാകും. ജീവനക്കാരുടെ അറ്റൻഡൻസ് സംവിധാനം വഴി ശമ്പളം കൈകാര്യം ചെയ്യുന്ന സ്പാർക്ക് സോഫ്റ്റ്വേറുമായി ബന്ധിപ്പിക്കും. നിശ്ചിത സമയം ജോലി ചെയ്തില്ലെങ്കിൽ അതു രേഖപ്പെടുത്തും. ശമ്പളം നഷ്ടപ്പെടാതിരിക്കാൻ ദിവസം ഏഴുമണിക്കൂർ ജോലി ചെയ്യണം. പഞ്ച് ചെയ്തശേഷം മുങ്ങുന്ന ജീവനക്കാർ വൈകുന്നേരം വീണ്ടും പഞ്ച് ചെയ്താലും പിടിവീഴും. സെക്രട്ടേറിയറ്റിൽ എത്തുന്ന സന്ദർശകർക്കു തിരിച്ചറിയൽ കാർഡിന്റെ അടിസ്ഥാനത്തിൽ ക്യുആർ കോഡ് ഉള്ള പാസ് ആണു നൽകുക. ഇവർ ഏതൊക്കെ ഓഫീസുകളിലേക്കു പോകുന്നുവെന്ന് ഇതുവഴി നിരീക്ഷിക്കാനാകും.
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിനായി കേരളത്തിൽ ഉമ്മൻ ചാണ്ടി അധ്യക്ഷനായി കോണ്ഗ്രസിനു പുതിയ പത്തംഗ മേൽനോട്ട സമിതി. എന്നാൽ യുഡിഎഫ് ജയിച്ചാൽ മുഖ്യമന്ത്രി ആരെന്നു തെരഞ്ഞെടുപ്പിനുശേഷമേ തീരുമാനിക്കൂ. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ എൽഡിഎഫ് പ്രചാരണത്തിനിറങ്ങുമ്പോൾ യുഡിഎഫ് ഏതെങ്കിലുമൊരു നേതാവിനെ മാത്രം ഉയർത്തിക്കാട്ടേണ്ടതില്ലെന്നാണു തീരുമാനം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി എന്നിവരോടൊപ്പം കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധ്യതയേറി. തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനുശേഷം കേരളത്തിലെത്തി എല്ലാ ജില്ലകളിലും നേരിട്ടു പ്രചാരണത്തിനു നേതൃത്വം കൊടുക്കാമെന്നു പ്രവർത്തക സമിതിയിലെ മുതിർന്ന അംഗവും മുൻ മുഖ്യമന്ത്രിയുമായ എ.കെ. ആന്റണി സമ്മതിച്ചു. എന്നാൽ, കേരള രാഷ്ട്രീയത്തിലേക്കു മടങ്ങില്ലെന്ന് ആന്റണി വ്യക്തമാക്കി. കേരളത്തിലെ പ്രത്യേക സ്ഥിതി പരിഗണിച്ചാണ് എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരീഖ് അൻവറും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും അംഗങ്ങളായുള്ള മേൽനോട്ട സമിതിയുടെ തലവനായി മുൻ മുഖ്യമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടിയെ നിയമിച്ചത്.
കെപിസിസിയുടെ മുൻ പ്രസിഡണ്ടുമാരായ കെ. മുരളീധരൻ എംപി, വി.എം. സുധീരൻ എന്നിവരും വർക്കിംഗ് പ്രസിഡണ്ടുമാരും എംപിമാരുമായ കൊടിക്കുന്നിൽ സുരേഷ്, കെ. സുധാകരൻ എന്നിവരും പ്രത്യേക പ്രതിനിധിയായി ഡോ. ശശി തരൂർ എംപിയും സിമിതിയംഗങ്ങളാണ്. കോണ്ഗ്രസ് പാർട്ടിയിൽ ഏതെങ്കിലുമൊരു സംസ്ഥാനത്ത് ഇത്തരത്തിലൊരു സമിതി അത്യപൂർവമാണ്. തെരഞ്ഞെടുപ്പു തന്ത്രങ്ങൾ ആവിഷ്കരിക്കാനുള്ള സമിതിയുടെ മേൽനോട്ടവും ഉമ്മൻ ചാണ്ടിക്കാകും.
ചെന്നിത്തലയുടെ നേതൃത്വത്തിൽ കേരളയാത്ര നടത്തുമ്പോഴും ഉമ്മൻ ചാണ്ടി കൂടി നേതൃത്വത്തിൽ ഉണ്ടാകണമെന്ന മുസ്ലിം ലീഗ് അടക്കമുള്ള യുഡിഎഫ് ഘടകകക്ഷികളുടെ കൂടി അഭിപ്രായം മാനിച്ചാണ് അദ്ദേഹത്തിനു പുതിയ സ്ഥാനം നൽകാൻ എഐസിസി അധ്യക്ഷ സോണിയ ഗാന്ധിയും മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും ചർച്ചയിൽ അനുമതി നൽകിയത്.
സ്ഥാനാർഥി നിർണയം അടക്കമുള്ള കാര്യങ്ങളിൽ വൈകാതെ തീരുമാനം ഉണ്ടായേക്കും. യുവാക്കൾ, വനിതകൾ, പിന്നാ ക്ക- ദളിത് വിഭാഗങ്ങൾ എന്നിവർക്കു മുന്തിയ പരിഗണന നൽകണമെന്നു ഹൈക്കമാൻഡ് നിർദേശിച്ചു. ഗ്രൂപ്പു വീതംവയ്പു പാടില്ല. ജയസാധ്യതയും സ്ഥാനാർഥിയും മികവും മാത്രമാകണം മുഖ്യപരിഗണന. നാലു തവണ എംഎൽഎയോ എംപിയോ ആയവരെയും രണ്ടു തവണ തോറ്റവരെയും ഒഴിവാക്കി പരമാവധി പുതുമുഖങ്ങൾക്കു സീറ്റു നൽകണമെന്നും ധാരണയുണ്ട്. ഉമ്മൻ ചാണ്ടി അടക്കം നേതൃത്വത്തിന് ഈ നിബന്ധനകളിൽ പ്രത്യേക ഒഴിവു നൽകും. കേരളത്തിൽ ക്രൈസ്തവ, നായർ, ഈഴവ വിഭാഗങ്ങൾ യുഡിഎഫിൽനിന്ന് സാവധാനം അകലുന്നത് ഒഴിവാക്കാൻ കൂടുതൽ ശ്രമങ്ങൾ നടത്താനും ഹൈക്കമാൻഡ് നിർദേശിച്ചു. സമുദായ, സാമൂഹ്യ വിഭാഗങ്ങളെ കൂടെനിർത്താൻ വേണ്ടെതെല്ലാം ചെയ്യാമെന്ന് കേരള നേതാക്കൾ ഉറപ്പു നൽകി.
പാലക്കാട്: കോങ്ങാട് എംഎൽഎ എലപ്പുള്ളി തേനാരി കാക്കത്തോട് കെ.വി. വിജയദാസ് (61) അന്തരിച്ചു. കോവിഡ് ബാധിച്ച് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെത്തുടർന്ന് 12നു ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. നിലഗുരുതരമായി തുടരുകയും മരണം സംഭവിക്കുകയുമായിരുന്നു. ഭാര്യ: പ്രേമകുമാരി. മക്കൾ: ജയദീപ്, സന്ദീപ്. 2011 മുതൽ കോങ്ങാട് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കർഷക സംഘം ജില്ലാ പ്രസിഡന്റുമാണ്. പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റായിരുന്നു. മിച്ചഭൂമിസമരത്തിൽ പങ്കെടുത്തു ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.