Kerala Express

×

Warning

JFolder::create: Could not create folder.Path: /var/www/html/keralaexpressDScacheDStpl-kerala_express

ഭോപ്പാല്‍: മഹാത്മാ ഗാന്ധിയെ വെടിവച്ചു കൊന്ന നാഥുറാം ഗോഡ്സെ അന്നും ഇന്നും എന്നും ദേശസ്നേഹിയാണെന്ന് ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ഥി പ്രജ്ഞാസിങ് ഠാക്കൂര്‍. ഏഴാംഘട്ട വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയുള്ള ഈ പ്രസ്താവന വന്‍വിവാദമായതോടെ അവര്‍ മാറ്റിപറഞ്ഞു. ഗോഡ്സെ ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവാണെന്ന മക്കള്‍ നീതിമയ്യം നേതാവ് കമലഹാസന്‍റെ പരാമര്‍ശത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു പ്രജ്ഞയുടെ മറുപടി. ഗോഡ്സെയെപ്പറ്റി കൃത്യമായി മനസ്സിലാക്കാത്തവരാണ് അദ്ദേഹത്തെ തീവ്രവാദിയെന്ന് വിളിക്കുന്നത്. അത്തരക്കാര്‍ക്ക് ഈ തെരഞ്ഞെടുപ്പില്‍ തക്ക മറുപടി ലഭിക്കും- പ്രജ്ഞ അഭിപ്രായപ്പെട്ടു. പ്രജ്ഞയ്ക്കു നേരെ വിമര്‍ശനമുയര്‍ന്നതോടെ ബിജെപി സമ്മര്‍ദ്ദത്തിലായി. ഗോഡ്സെയെക്കുറിച്ചുള്ള പരാമര്‍ശത്തോട് പാര്‍ട്ടിക്ക് യോജിപ്പില്ലെന്ന് ബിജെപി വക്താവ് ജി.വി.എല്‍. നരസിംഹ റാവു പറഞ്ഞു. അതിനെ ശക്തമായി അപലപിക്കുന്നു. പ്രജ്ഞാസിങ് പരസ്യമായി മാപ്പുപറയണം. പാര്‍ട്ടി അവരോട് വിശദീകരണം ചോദിക്കും- നരസിംഹ റാവു പറഞ്ഞു. മണിക്കൂറുകള്‍ക്കു ശേഷം പാര്‍ട്ടി നിലപാടാണ് തന്‍റെ നിലപാടെന്ന പ്രസ്താവനയുമായി പ്രജഞ രംഗത്തെത്തി. എന്നാല്‍ പരസ്യമായി മാപ്പുപറയണമെന്ന ആവശ്യം അംഗീകരിച്ചില്ല. പ്രജ്ഞയുടെ പ്രസ്താവനയ്ക്കെതിരെ കോണ്‍ഗ്രസും ശക്തമായി രംഗത്തെത്തിയിരുന്നു.

Sponsored Advertisments