Kerala Express

ന്യൂഡല്‍ഹി: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയോട് പോലീസ് ചെലവിന് 14.8 ലക്ഷം രൂപ ആവശ്യപ്പെട്ട കര്‍ണാടക സര്‍ക്കാരിനെ സുപ്രീംകോടതി കുടഞ്ഞു.

സുരക്ഷാ ചെലവിന് മദനിയില്‍നിന്ന് ഏറ്റവും കുറഞ്ഞ തുക ഈടാക്കണമെന്ന കോടതി ഉത്തരവ് അട്ടിമറിക്കാന്‍ നോക്കരുതെന്ന് താക്കീത് നല്‍കിയ ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് കര്‍ണാടക സര്‍ക്കാരിന് സാമാന്യബുദ്ധിയില്ലേ എന്ന് ചോദിച്ചു.
ചെലവിന്‍റെ കണക്ക് തിരിച്ചു കൊണ്ടുപോകാന്‍ ആവശ്യപ്പെട്ട കോടതി, പോലീസുകാരുടെ യാത്രബത്തയും ദിനബത്തയും മാത്രം കൂട്ടി പുതിയ കണക്ക് സമര്‍പ്പിക്കാന്‍ ഉത്തരവായി. മദനിയുടെ ബംഗ്ളുരുവിലെ അഭിഭാഷകന്‍ അഡ്വ. ഉസ്മാന് കര്‍ണാടക സര്‍ക്കാര്‍ കൈമാറിയ 14.8 ലക്ഷം രൂപയുടെ ബില്‍ സുപ്രീംകോടതി അഭിഭാഷകരായ പ്രശാന്ത് ഭൂഷണും ഹാരിസ് ബീരാനും ജസ്റ്റിസ് ബോബ്ഡെയ്ക്ക് കൈമാറിയിരുന്നു. ചരക്കു സേവന നികുതി അടക്കമുള്ള ചെലവിന്‍റെ കണക്ക് കണ്ട് ഞെട്ടിയ ജസ്റ്റിസ് ബോബ്ഡെ കര്‍ണാടകയുടെ അഭിഭാഷകന്‍ അരിസ്റ്റോട്ടിലിനെ രൂക്ഷമായി നോക്കി എന്താണിത്? എത്രയാണിത്? എന്നു ചോദിച്ചു.
കര്‍ണാടക സര്‍ക്കാര്‍ കേവലം 12.54 ലക്ഷം രൂപ മാത്രമാണ് ഈടാക്കുന്നതെന്നും അത് സര്‍വീസ് ചട്ടമനുസരിച്ചുള്ള തുകയാണെന്നും ജയിലിലുള്ള മദനിക്കായി ഇതിനകം ആറ് കോടി രൂപ സര്‍ക്കാര്‍ ചെലവഴിച്ചിട്ടുണ്ടെന്നും അഡ്വ. അരിസ്റ്റോട്ടില്‍ പറഞ്ഞത് ജസ്റ്റിസ് ബോബ്ഡെയെ രോഷാകുലനാക്കി. കാര്യങ്ങള്‍ ഇങ്ങനെ അട്ടിമറിക്കേണ്ടെന്നും അല്‍പം ഗൗരവമൊക്കെ കോടതി പ്രതീക്ഷിക്കുന്നുണ്ടെന്നും അഭിഭാഷകന് ജഡ്ജി മുന്നറിയിപ്പു നല്‍കി.

Sponsored Advertisments