Kerala Express

ന്യൂഡല്‍ഹി: സിനിമാശാലയില്‍ ദേശീയഗാനത്തിന് എഴുന്നേറ്റുനിന്ന് രാജ്യസ്നേഹം തെളിയിക്കേണ്ട കാര്യമില്ലെന്ന് സുപ്രീംകോടതി.

സിനിമാ ഹാളില്‍ ദേശീയഗാനം കേള്‍ക്കുമ്പോള്‍ ജനം എഴുന്നേറ്റു നില്‍ക്കണമെന്ന സുപ്രീംകോടതിയുടെതന്നെ പഴയ വിധിയെ പിന്തുണച്ച കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂ‍ഡ് രാജ്യസ്നേഹം എപ്പോഴും പ്രദര്‍ശിപ്പിച്ചു നടക്കേണ്ട ഒന്നല്ലെന്നും രാജ്യദ്രോഹിയായി മുദ്ര കുത്തുമെന്ന് ഭയന്നാണ് പലരും ഉത്തരവ് അനുസരിക്കുന്നതെന്നും തുറന്നടിച്ചു. സിനിമാ ശാലയില്‍ ദേശീയഗാനാലാപനം നിര്‍ബന്ധമാക്കി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേത‍ൃത്വത്തില്‍ കഴിഞ്ഞ ഡിസംബറില്‍ പുറപ്പെടുവിച്ച വിധി പുനഃപരിശോധിക്കാന്‍ വഴിയൊരുങ്ങുമെന്ന് തോന്നിക്കുന്ന വിധത്തിലാണ് അദ്ദേഹംതന്നെ അധ്യക്ഷനായ ബെഞ്ചിലെ സഹജഡ്ജി നിലപാട് സ്വീകരിച്ചത്. വിധിയെ തുണച്ച കേന്ദ്രസര്‍ക്കാരിനോടെന്ന നിലയിലായിരുന്നു ജസ്റ്റിസ് ചന്ദ്രചൂ‍ഡിന്‍റെ ചോദ്യങ്ങള്‍. സിനിമാശാലയില്‍ ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍ എഴുന്നേറ്റു നില്‍ക്കണമെന്ന വിധിയെ കേന്ദ്ര സര്‍ക്കാര്‍ എങ്ങനെയാണ് പിന്തുണയ്ക്കുകയെന്നും എന്നാണ് ഈ സദാചാര പോലീസിങ് അവസാനിക്കുകയെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചു. അടുത്തതായി ദേശീയഗാനത്തോടുള്ള അപമര്യാദയാണെന്ന് പറ‍ഞ്ഞ് ജനം സിനിമാശാലകളില്‍ ടീഷര്‍ട്ടും ഷോര്‍ട്സും ധരിക്കുന്നത് നിരോധിക്കണമെന്ന് നിങ്ങള്‍ ആവശ്യപ്പെടുമല്ലോ എന്ന് ജസ്റ്റിസ് കേന്ദ്രത്തെ പരിഹസിച്ചു. ജനം സിനിമാ ശാലയില്‍ പോകുന്നത് വെള്ളം ചേര്‍ക്കാത്ത വിനോദത്തിനാണ്. അവിടെ പോയി ദേശീയഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേറ്റുനിന്ന് ദേശസ്നേഹം തെളിയിക്കേണ്ട കാര്യമില്ല. ജനം എഴുന്നേറ്റു നില്‍ക്കണമെന്നാണ് സര്‍ക്കാര്‍ നിലപാടെങ്കില്‍ എന്തുകൊണ്ട് ഇതിനായി ചട്ടങ്ങളുണ്ടാക്കുന്നില്ലെന്നും അദ്ദേഹം ഇതുസംബന്ധിച്ച പൊതുതാല്പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കേ ചോദിച്ചു. ഈ വിഷയത്തില്‍ ജനുവരി ഒമ്പതിനകം കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്ന് കോടതി ഉത്തരവിട്ടു.

Sponsored Advertisments