Kerala Express

ന്യൂഡല്‍ഹി: ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ട എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും തെരഞ്ഞെടുപ്പുകളില്‍ ആജീവനാന്ത വിലക്ക് ഏല്‍പ്പെടുത്തണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയില്‍ ബോധിപ്പിച്ചു.
രാഷ്ട്രീയത്തിലെ ക്രിമിനല്‍ വത്കരണം തടയാന്‍ ആജീവനാന്ത വിലക്ക് അനിവാര്യമാണെന്ന് കമ്മീഷന്‍ വ്യക്തമാക്കി. ആജീവനാന്ത വിലക്കിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പുറമെ നിയമ കമ്മീഷനും ശിപാര്‍ശ നല്‍കിയതാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ബോധിപ്പിച്ചു. അതിനാല്‍ തങ്ങള്‍ ഈ നിര്‍ദേശം പരിഗണിച്ചുകൊണ്ടിരിക്കുകയാണെന്നും കേന്ദ്ര സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു. എംപിമാരും എംഎല്‍എമാരും പ്രതികളായ 1581 കേസുകളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കണമെന്ന് ബെഞ്ച് ആവശ്യപ്പെട്ടതിന് പിറകെയാണ് ആജീവനാന്ത വിലക്ക് വേണമെന്ന നിര്‍ദ്ദേശം തെരഞ്ഞെടുപ്പ് കമ്മീഷനും സമര്‍പ്പിച്ചത്. 2014ലെ പൊതു തെര‍‍ഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ നിന്ന് ഈ വിവരമെടുക്കാനാകുമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഇത് കൂടാതെ രാജ്യത്തെ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ 2014 മുതല്‍ ഇതുവരെ പുതുതായി രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസുകളുടെ വിവരങ്ങളും ശേഖരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കി. അതിനിടെ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെട്ട ക്രിമിനല്‍ കേസുകള്‍ പെട്ടെന്ന് തീര്‍പ്പാക്കാന്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതി സമര്‍പ്പിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടു
 

Sponsored Advertisments