Kerala Express

ന്യൂഡല്‍ഹി: ഇന്ത്യയുള്‍പ്പെടെ 180 രാജ്യങ്ങളിലെ പ്രമുഖ വ്യക്തികളും കമ്പനികളും ബര്‍മുഡ ദ്വീപ് അടക്കം നികുതി ഇളവുള്ള 19 രാജ്യങ്ങളില്‍ 1950 മുതല്‍ കഴിഞ്ഞ വര്‍ഷം വരെ നടത്തിയ രഹസ്യ നിക്ഷേപങ്ങളുടെ രേഖകള്‍ പുറത്ത്. കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ, ബിജെപിയുടെ രാജ്യസഭാംഗം ആര്‍.കെ. സിന്‍ഹ, ബോളിവു‍ഡ് നടന്‍ അമിതാഭ് ബച്ചന്‍, കോണ്‍ഗ്രസ് നേതാക്കളായ വയലാര്‍ രവിയുടെ മകന്‍ രവികൃഷ്ണ, വീരപ്പ മൊയ് ലിയുടെ മകന്‍ ഹര്‍ഷ, ഇന്ത്യ വിട്ട വ്യവസായി വിജയ് മല്യ, 2ജി സ്പെക്ട്രം ഇടപാടിലെ ഇടനിലക്കാരി നീര റാഡിയ തുടങ്ങിയവരുള്‍പ്പെടെ 714 ഇന്ത്യക്കാര്‍ രേഖകളിലുള്‍പ്പെടുന്നതായി ജര്‍മന്‍ പത്രം `സുഡ്‍ഡോയ്ചെസൈറ്റുങ്' പുറത്തുവിട്ട `പാരഡൈസ്' രേഖകള്‍ വ്യക്തമാക്കുന്നു.
ലോകമെമ്പാടുമുള്ള വ്യവസായ, രാഷ്ട്രീയ നേതാക്കളുടെ നിയമവിരുദ്ധ രഹസ്യനിക്ഷേപങ്ങളുടെ വിവരങ്ങള്‍ പാനമ രേഖകളിലൂടെ പുറത്തുകൊണ്ടുവരാന്‍ വിവരങ്ങള്‍ ശേഖരിച്ച ഇന്‍റര്‍ നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വേസ്റ്റിഗേറ്റീവ് ജേണലിസ്റ്റ്സ് (ഐസിഐജെ) ആണു പാരഡൈസ് രേഖകളെക്കുറിച്ചും അന്വേഷിച്ചത്. 57 രാജ്യങ്ങളില്‍ നിന്നുള്ള നൂറോളം മാധ്യമങ്ങള്‍ ഈ അന്വേഷണത്തില്‍ പങ്കാളികളായി.
വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ അടിയന്തര നടപടിയെടുക്കാന്‍ കേന്ദ്ര ധനമന്ത്രാലയം ആദായനികുതി വകുപ്പിനോടു നിര്‍ദ്ദേശിച്ചു. കേസുകളുടെ പുരോഗതി നിരീക്ഷിക്കാന്‍ കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് മേധാവിയുടെ നേതൃത്വത്തിലുള്ള സമിതിയെ ചുമതലപ്പെടുത്തി. പുറത്തു വന്ന രേഖകളിലെ പേരുകളുടെ എണ്ണത്തില്‍ ഇന്ത്യ പത്തൊന്‍പതാമതാണ്
 
 

Sponsored Advertisments