പനാജി: ഗോവ രാജ്യാന്തര ഫിലിം ഫെസ്റ്റിവലില്‍ ചരിത്ര നേട്ടം സ്വന്തമാക്കി മലയാള നടി പാര്‍വതി.
മേളയില്‍ മികച്ച നടിയായി പാര്‍വതി തെരഞ്ഞെടുക്കപ്പെട്ടു. മഹേഷ് നാരായണന് സംവിധാനം ചെയ്ത 'ടേക്ക് ഓഫി'ലെ സമീറ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയാണു പാര്‍വതി പുരസ്കാരം നേടിയത്. ടേക്ക് ഓഫ് മികച്ച ചിത്രത്തിനുള്ള പ്രത്യേക ജൂറി പുരസ്കാരവും നേടി. പുരസ്കാരം മലയാളി നേഴ്സുമാര്‍ക്ക് സമര്‍പ്പിക്കുന്നതായി പാര്‍വതി പ്രതികരിച്ചു. ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ആദ്യമായാണ് ഒരു മലയാളി മികച്ച നടിക്കുള്ള പുരസ്കാരം കരസ്ഥമാക്കുന്നത്. നിരവധി ലോക സിനിമകളോടു മത്സരിച്ചാണ് പുരസ്കാരമെന്നതു പാര്‍വതിയുടെ നേട്ടത്തിന്റെ തിളക്കം ഇരട്ടിയാക്കുന്നു.
2014ല്‍ ആഭ്യന്തര യുദ്ധകാലത്ത് ഇറാക്കിലെ തിക്രിത്തില്‍ കുടുങ്ങിയ 19 നേഴ്സുമാരെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ടാണ് ടേക്ക് ഓഫിന്റെ കഥ. പി.വി. ഷാജികുമാറാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. എയ്ഡ്സിനെതിരായ പ്രതിരോധ പ്രവര്‍ത്തനം വിഷയമാക്കിയ ഫ്രഞ്ച് ചിത്രം '120 ബീറ്റ്സ് പെര് മിനിറ്റ്' മികച്ച ചിത്രത്തിനുള്ള 'സുവര്‍ണ മയൂരം' നേടി. ആ ചിത്രത്തില്‍ അഭിനയിച്ച പെരസ് ബിസായാര്ട്ടാണു മികച്ച നടന്.