Kerala Express

ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു മ്യാന്‍മറില്‍ ഉജ്വല വരവേല്പ്

മ്യാന്‍മര്‍: ചരിത്രത്തെ സാക്ഷിനിറുത്തി ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു യാംഗൂണില്‍ ഊഷ്മള വരവേല്‍പ്പ്. ജനസംഖ്യയുടെ 90 ശതമാനത്തോളം ബുദ്ധമത വിശ്വാസികളുള്ള മ്യാന്‍മറില്‍ കത്തോലിക്കാസഭയുടെ തലവനായ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു പ്രതീക്ഷിക്കാവുന്നതിലും ഹൃദ്യമായിരുന്നു സ്വീകരണം. യാംഗൂണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മാര്‍പാപ്പയെ മ്യാന്‍മര്‍ സര്‍ക്കാരിലെ ഉന്നതരും യാംഗൂണ്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ ഡോ. ചാള്‍സ് മോംഗ് ബോയുടെ നേതൃത്വത്തില്‍ രാജ്യത്തെ മുഴുവന്‍ കത്തോലിക്കാ മെത്രാന്മാരും ചേര്‍ന്നു സ്വീകരിച്ചു. വിമാനത്താവളത്തിലും ഓങ് സാന്‍ റോഡിന്‍റെ ഇരുവശവും പേപ്പല്‍, മ്യാന്‍മര്‍ പതാകകളുമായി കുട്ടികളും സ്ത്രീകളും അടക്കം നൂറുകണക്കിനാളുകള്‍ വിവ ഇല്‍ പാപ്പ വിളികളുമായി കാത്തുനിന്നു.
സ്ത്രീകളും കുട്ടികളും വൈദികരും കന്യാസ്ത്രീകളുമെല്ലാം സന്തോഷംകൊണ്ട് മതിമറന്നാണ് പാപ്പായെ എതിരേറ്റത്. ബുദ്ധമത വിശ്വാസികളായ നൂറുകണക്കിനാളുകളും അവരോടൊപ്പം കാത്തുനിന്നു. ആര്‍ച്ച് ബിഷപ്പിന്‍റെ വസതിവരെയുള്ള റോഡില്‍ കാത്തുനിന്നവരെയെല്ലാം കാറിന്‍റെ ചില്ലുകള്‍ താഴ്ത്തി കൈവീശി ഫ്രാന്‍സിസ് പാപ്പാ അഭിവാദ്യം ചെയ്തു. യാംഗൂണ്‍ സെന്‍റ് മേരീസ് കത്തീഡ്രലിന്‍റെ മണികള്‍ നിര്‍ത്താതെ അടിച്ചാണ് ആദരവ് പ്രകടിപ്പിച്ചത്.

Sponsored Advertisments