Kerala Express

ജറുസലേം ഇസ്രയേലിന്‍റെ തലസ്ഥാനം

വാഷിംഗ്ടണ്‍: ഇസ്രയേലിന്‍റെ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിക്കുന്ന സുപ്രധാന നയം മാറ്റവുമായി യുഎസ് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ്. ടെല്‍ അവീവിലുള്ള യുഎസ് എംബസി ജറുസലേമിലേക്കു മാറ്റി സ്ഥാപിക്കാനും ഇന്ത്യന്‍ സമയം അര്‍ധരാത്രിയോടെ വൈറ്റ് ഹൗസില്‍ നടത്തിയ പ്രഖ്യാപനത്തിലൂടെ ട്രംപ് ഉത്തരവിട്ടു. മധ്യപൂര്‍വേഷ്യയില്‍ വ്യാപക പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുന്നതും ഇസ്രയേല്‍ - പാലസ്തീന്‍ സമാധാന ചര്‍ച്ചകള്‍ സ്തംഭിപ്പിക്കുന്നതുമാണ് യുഎസ് നയംമാറ്റം. ഇതിനെതിരെ അറബ് ലോകം ശക്തമായി രംഗത്തെത്തി. യൂറോപ്യന്‍ യൂണിയനും ഫ്രാന്‍സിസ് മാര്‍പാപ്പയും യുഎസ് നീക്കത്തെ അപലപിച്ചു. യുഎസ് - പാലസ്തീന്‍ പ്രശ്നത്തിനു പുതിയ ദിശാബോധം നല്‍കുന്നതാണു പ്രഖ്യാപനമെന്നു ട്രംപ് പറഞ്ഞു. രണ്ടു പ്രത്യേക രാജ്യങ്ങളാകാനുള്ള താല്പര്യം ഇരുരാജ്യങ്ങള്‍ക്കുമുണ്ടെങ്കില്‍ അത് യുഎസ് അംഗീകരിക്കും. അതിര്‍ത്തി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ യുഎസ് അന്തിമ നിലപാട് എടുക്കില്ല. മൂന്നു മതവിശ്വാസികളുടെയും പുണ്യനഗരമായി ജറുസലേം തുടരും. ഇസ്രയേല്‍ അധിനിവേശ പ്രദേശമായ കിഴക്കന്‍ ജറുസലേമിലെ പഴയ നഗരം ഇസ്ലാം, ക്രൈസ്തവ, ജൂത മതവിശ്വാസികളുടെ പുണ്യനഗരമാണ്. ഇസ്രയേല്‍ പാര്‍ലമെന്‍റ്, പ്രധാനമന്ത്രിയുടെ വസതി, സുപ്രീംകോടതി തുടങ്ങിയവ ജറുസലേമില്‍ ആണെങ്കിലും ഇവിടെ ഒരു രാജ്യത്തിന്‍റെയും എംബസികള്‍ പ്രവര്‍ത്തിക്കുന്നില്ല.

Sponsored Advertisments

TSI-Adv
GP-Adv2