ന്യൂഡൽഹി: കോവിഡ് വാക്സിനേഷൻ ആരംഭിച്ചതിനുശേഷം മരിച്ച ആറ് ആരോഗ്യ പ്രവർത്തകരുടെയും മരണകാരണം വാക്സിന്റെ പാർശ്വഫലങ്ങളല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മരുന്നുവിതരണം ആരംഭിച്ച ശേഷം ആറ് ആരോഗ്യ പ്രവർത്തകരുടെ മരണമാണ് റിപ്പോർട്ട് ചെയ്തത്. ഏറ്റവുമൊടുവിൽ ഹരിയാനയിലെ ഗുഡ്ഗാവിൽ 56 വയസുള്ള ആരോഗ്യ പ്രവർത്തകനാണ് മരിച്ചത്. എന്നാൽ, പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഹൃദയ സംബന്ധമായ അസുഖമാണ് ഇയാളുടെ മരണകാരണം. ആറ് മരണങ്ങളിൽ ഒന്നിനുപോലും വാക്സിനുമായി ബന്ധമില്ലെന്നും അഡീഷണൽ ഹെൽത്ത് സെക്രട്ടറി മനോഹർ അഗ്നാനി പറഞ്ഞു. ഇതുവരെ പതിനൊന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 0.0007 ശതമാനം മാത്രമാണ് വാക്സിനേഷനുമായി ബന്ധപ്പെട്ട് ആശുപത്രിയിലായിട്ടുള്ളവർ.
ന്യൂഡൽഹി: കോണ്‍ഗ്രസിനു തെരഞ്ഞെടുക്കപ്പെട്ട പുതിയ പ്രസിഡന്റ് ജൂണിൽ ചുമതലയേൽക്കും. സംഘടനാ തെരഞ്ഞെടുപ്പ് മേയിൽ നടത്തുമെന്നും എന്നാൽ, പ്രസിഡന്റു തെരഞ്ഞെടുപ്പിനോടൊപ്പം പ്രവർത്തക സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നും വർക്കിംഗ് കമ്മിറ്റി യോഗത്തിനുശേഷം എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു. 2021 ജൂണിൽ കോണ്‍ഗ്രസിനു തെരഞ്ഞെടുക്കപ്പെട്ട അധ്യക്ഷൻ ഉണ്ടാകും. കോണ്‍ഗ്രസ് പ്രസിഡന്റു തെരഞ്ഞെടുപ്പും വർക്കിംഗ് കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പും ഒരുമിച്ചു നടത്തണോ അതുകഴിഞ്ഞു മതിയോ എന്ന കാര്യത്തിൽ പിന്നീടു തീരുമാനമെടുക്കും. രണ്ടും ഒരുമിച്ചു നടത്തുന്നതല്ല കീഴ്വഴക്കം. കോണ്‍ഗ്രസ് പ്രസിഡന്റു തെരഞ്ഞെടുപ്പു കഴിഞ്ഞു പ്രവർത്തക സമിതിയിലേക്കു തെരഞ്ഞെടുപ്പ് എന്നതാണു രീതി. ഇക്കാര്യത്തിൽ പാർട്ടി ഭരണഘടന പരിശോധിക്കും- വേണുഗോപാൽ വിശദീകരിച്ചു. കേരളം അടക്കം അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനെ ബാധിക്കാതിരിക്കാനാണു സംഘടനാ തെരഞ്ഞെടുപ്പു ഷെഡ്യൂൾ മാറ്റുന്നതെന്നു വേണുഗോപാലും രണ്‍ദീപ് സുർജേവാലയും പറഞ്ഞു. പ്രസിഡന്റു തെരഞ്ഞെടുപ്പു മേയിൽ നടത്താനായിരുന്നു തെരഞ്ഞെടുപ്പ് അഥോറിറ്റിയുടെ പഴയ ഷെഡ്യൂൾ. സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ മൻമോഹൻ സിംഗ്, രാഹുൽ ഗാന്ധി, എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി തുടങ്ങിയവരും സംഘടനാ തെരഞ്ഞെടുപ്പും മുഴുസമയ നേതാവും ആവശ്യപ്പെട്ടു കത്തെഴുതിയ ഗുലാം നബി ആസാദ് അടക്കമുള്ളവരും പങ്കെടുത്തു. വീഡിയോകോണ്‍ഫറൻസിലൂടെ നടന്ന വർക്കിംഗ് കമ്മിറ്റിയിൽ ഒരു തർക്കവുമുണ്ടായില്ലെന്നും ഏകകണ്ഠമായാണു തീരുമാനിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു.