ന്യൂഡൽഹി: ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്ക് കര്‍ശന മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്ര സർക്കാർ. ഓണ്‍ലൈൻ വാർത്താ പോർട്ടലുകൾ അടക്കം സമൂഹികമാധ്യമങ്ങൾ, ഒടിടി (ഓവർ ദ ടോപ്) ഡിജിറ്റൽ പ്ലാറ്റ് ഫോമുകളെ കർശന നിയന്ത്രണത്തിലും നിരീക്ഷണത്തിനും കീഴിലാക്കുന്ന ഇൻഫർമേഷൻ ടെക്നോളജി (ഗൈഡ്ലൈൻസ് ഫോർ ഇന്റർമീഡിയറീസ് ആൻഡ് ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ്) റൂൾസ് 2021 പുറത്തിറക്കി. കോഡ് ഓഫ് എത്തിക്സ് എന്നതിൽ പ്രസ് കൗണ്‍സിൽ ഓഫ് ഇന്ത്യയുടെ മാധ്യമപ്രവർത്തന ചട്ടങ്ങളും ഉൾപ്പെടും. ഡിജിറ്റൽ ന്യൂസ് മീഡിയ ഈ ചട്ടങ്ങൾ പാലിക്കണം. പുതിയ വാർത്താ വെബ്സൈറ്റുകൾ വാർത്താ വിതരണ മന്ത്രാലയത്തിന്റെ സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്നും പുതിയ മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു. പുതിയൊരു നിയമം കൊണ്ടുവരികയല്ല, മറിച്ച് നിലവിലുള്ള ഐടി നിയമത്തെ പരിഷ്കരിച്ചു ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ് കൊണ്ടു വരുകയാണെന്നു കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ് വിശദീകരിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ അധിക്ഷേപകരമോ വിവാദപരമോ ആയ ഉള്ളടക്കങ്ങൾ 36 മണിക്കൂറിനകം നീക്കം ചെയ്യാൻ വ്യവസ്ഥ ചെയ്യുന്നതാണു പുതിയ നിയന്ത്രണം.
അന്വേഷണ ഏജൻസികൾ ആവശ്യപ്പെട്ടാൽ 72 മണിക്കൂറിനുള്ളിൽ കമ്പനികൾ വിവരം നൽകണം. സോഷ്യൽ മീഡിയയ്ക്ക് ഇന്ത്യയിൽ ഇരട്ടത്താപ്പ് പ്രകടിപ്പിക്കാനാകില്ലെന്നു പുതിയ മാർഗനിർദേശങ്ങൾ വിശദീകരിക്കവേ കേന്ദ്ര ഐടി മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.
രജിസ്ട്രേഷൻ നിർബന്ധമാക്കുന്നില്ലെങ്കിലും ഒടിടി, ഓണ്‍ലൈൻ പോർട്ടലുകൾ തങ്ങളുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ തയാറാകണമെന്ന് മന്ത്രി പ്രകാശ് ജാവഡേക്കറും പറഞ്ഞു. പ്രസ്തുത വിവരങ്ങൾ ആരായാൻ സർക്കാരിന് അധികാരം നൽകുന്നതാണ് പുതിയ മാർഗരേഖ. നെറ്റ്ഫ്ളിക്സ്, ആമസോണ്‍ പ്രൈം വീഡിയോ എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കാനും പ്രത്യേക സമിതിയുണ്ട്. വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ അധ്യക്ഷതയിലായിരിക്കും ഈ സമിതി പ്രവർത്തിക്കുക.
ലൈംഗികത, അക്രമം, നഗ്നത, പ്രേക്ഷകന്റെ പ്രായപൂർത്തി തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ ഉള്ളടക്കങ്ങളെ തരം തിരിക്കും. ഏതെങ്കിലും തരത്തിലുള്ള പരാമർശങ്ങളോ ദൃശ്യങ്ങളോ പ്രസ്തുത നിയമങ്ങളെ ലംഘിക്കുന്നു എന്നു കണ്ടെത്തിയാൽ അവ ബ്ലോക്ക് ചെയ്യുന്നതിനായി സർക്കാർ നിയന്ത്രിത സമിതിക്കു കൈമാറാനും ഉത്തരവ് ഇറക്കാൻ നിർദേശിക്കാനും ഈ സമിതിക്ക് അധികാരമുണ്ട്.
ഒടിടി പ്ളാറ്റ്ഫോമുകളിൽ 13വയസിനു മുകളിലുള്ളവർക്കുള്ളത്, പതിനാറ് വയസിനു മുകളിലുള്ളവർക്കുള്ളത്, എ ഗണത്തിൽ പെടുന്നത് എന്നിവ വേർതിരിക്കണം. മുതിർന്നവർക്കുള്ള വിഭാഗത്തിൽപെട്ട ഉള്ളടക്കങ്ങൾ കുട്ടികൾ കാണുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനും മാതാപിതാക്കളുടെ നിയന്ത്രണത്തിനും സംവിധാനം വേണം.
കോടതിയുടെയോ സർക്കാരിന്റെയോ ഉത്തരവ് പ്രകാരം അപകീർത്തികരമായ ഉള്ളടക്കത്തിനു രൂപം നൽകിയ വ്യക്തിയുടെ വിവരങ്ങൾ കൈമാറാൻ സോഷ്യൽമീഡിയ തയാറാവണം. ചട്ടങ്ങൾ ലംഘിച്ചുള്ള പോസ്റ്റുകൾ ഇന്ത്യയിൽ ആരാണ് ആദ്യം പങ്കുവച്ചതിന്റെ വിവരങ്ങൾ നൽകണം. ഉപയോക്താക്കൾക്ക് പരാതി നൽകാനുള്ള നമ്പർ വിജ്ഞാപനം ചെയ്യും.
ഒടിടി പ്ലാറ്റ്ഫോം
ഓവർ ദ ടോപ് എന്നതിന്റെ ചുരുക്കെഴുത്താണ് ഒടിടി. കേബിൾ നെറ്റ്വർക്ക് വഴിയല്ലാതെ, ഇന്റർനെറ്റ് വഴി ഉപഭോക്താവിന് ടിവി പ്രോഗ്രാമുകൾ / സിനിമകൾ തുടങ്ങിയവ എത്തിച്ചു നൽകുന്ന സംവിധാനമാണ് ഒടിടി. കംപ്യൂട്ടർ/സ്മാർട്ട് ഫോൺ/ സ്മാർട്ട് ടിവി എന്നിവ ഉപയോഗിച്ച് ഒടിടി നെറ്റ്വർക്കിലെ/പ്ലാറ്റ്ഫോമിലെ പ്രോഗ്രാമുകൾ കാണാം. കേബിൾ നെറ്റ്വർക്ക് പോലെ ഒടിടിയും പണമടച്ചാണു വരിക്കാരാവേണ്ടത്.
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്സിനേഷന്റെ രണ്ടാംഘട്ടം മാർച്ച് ഒന്നു മുതൽ ആരംഭിക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. കോവിഡ് വാക്സിനേഷൻ സ്വകാര്യ ആശുപത്രികൾ വഴിയും നൽകാം. സ്വകാര്യ സ്ഥാപനങ്ങൾ വഴി നടത്തുന്ന കോവിഡ് വാക്സിൻ വിതരണത്തിന് പണം ഈടാക്കാം. എന്നാൽ, ഇതു സംബന്ധിച്ച മാനദണ്ഡങ്ങളും മാർഗനിർദേശങ്ങളും രണ്ടോ മൂന്നാ ദിവസത്തിനുള്ളിൽ പുറത്തിറക്കുമെന്നാണ് സർക്കാർ വ്യക്തമാക്കിയത്. രണ്ടാംഘട്ടത്തിൽ അറുപത് വയസിനു മുകളിലുള്ളവർക്കുള്ള വാക്സിൻ വിതരണമാണ് ആരംഭിക്കുന്നത്. ഇതോടൊപ്പം മറ്റ് അസുഖങ്ങൾ ഉള്ള 45 വയസിനു മുകളിൽ പ്രായമായവർക്കും മാർച്ച് ഒന്നു മുതൽ കോവിഡ് വാക്സിൻ നൽകും. ഈ രണ്ടുവിഭാഗങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾ വഴി സൗജന്യമായിട്ടായിരിക്കും വാക്സിൻ നൽകുകയെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ അറിയിച്ചു. രണ്ടാംഘട്ടത്തിൽ ഇരു വിഭാഗങ്ങളിലുമായി ഏഴു ലക്ഷം പേർക്കാണ് പതിനായിരം സർക്കാർ സ്ഥാപനങ്ങൾ വഴി വാക്സിൻ വിതരണം ചെയ്യുന്നത്. രണ്ടാംഘട്ടത്തിലും കോവിൻ ആപ്പ് വഴി സ്വയം രജിസ്റ്റർ ചെയ്തവർക്കാണ് വാക്സിൻ ലഭിക്കുക. മറ്റ് അസുഖങ്ങൾ ഉള്ള 45 വയസിനു മുകളിലുള്ളവർ വാക്സിൻ ലഭിക്കുന്നതിന്റെ അടിസ്ഥാന മാനദണ്ഡങ്ങൾ സർക്കാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്നാൽ, കാൻസർ, കിഡ്നി രോഗം, ഹൃദ്രോഗം, പ്രമേഹം, രക്തസമ്മർദം തുടങ്ങിയ അസുഖങ്ങൾ ഉള്ളവരെയാണ് ഈ വിഭാഗത്തിൽ പരിഗണിക്കുക.