ന്യൂഡൽഹി: കേരള ഹൈക്കോടതിയിൽ പുതിയ അഡീഷണൽ ജഡ്ജിമാരായി മുരളി പുരുഷോത്തമൻ, എ.എ. സിയാദ് റഹ്മാൻ, കരുണാകരൻ ബാബു, ഡോ. കോസർ ഇടപ്പഗത്ത് എന്നിവരെ രാഷ്ട്രപതി നിയമിച്ചു. സുപ്രീംകോടതി കൊളീജിയം നേരത്തേ നൽകിയ ശിപാർശ അംഗീകരിച്ചാണു നിയമനം.
ആലുവ സ്വദേശിയാണ് മുരളി പുരുഷോത്തമന്. എറണാകുളം ഗവ. ലോ കോളജില്‍നിന്ന് നിയമബിരുദം നേടി. അഡ്വ. നന്ദകുമാര മേനോന്റെ ജൂണിയറായി പ്രാക്ടീസ് ആരംഭിച്ചു. കേന്ദ്ര - സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷനുകളുടെ അഭിഭാഷകനാണ്. സീനിയര്‍ അഭിഭാഷകനായിരുന്ന വി.എന്‍. അച്യുതക്കുറുപ്പിന്റെ മകളും അഭിഭാഷകയുമായ ലീനയാണ് ഭാര്യ. മകന് ഗോകുല്‍ മുരളി യുഎസില്‍ ഫേസ് ബുക്ക് നെറ്റ് വര്‍ക്ക് എന്‍ജിനീയറാണ്.
തൃക്കാക്കര സ്വദേശിയായ എ.എ. സിയാദ് റഹ്മാൻ 1996ല്‍ മംഗലാപുരത്തു നിന്ന് നിയമബിരുദമെടുത്തു. എം.വി. ഇബ്രാഹിം കുട്ടി, മുന്‍ അഡ്വക്കറ്റ് ജനറല്‍ കെ.പി.ദണ്ഡപാണി, ജെയ്ജി ഇട്ടന്‍ എന്നീ അഭിഭാഷകരുടെ ജൂണിയറായിരുന്നു. ഒ. സിജിന സിയാദാണ് ഭാര്യ. വിദ്യാര്‍ഥികളായ ഫിസ സിയാദ്, ദിയ സിയാദ് എന്നിവരാണ് മക്കള്‍.
കൊട്ടാരക്കര തേവന്നൂര്‍ സ്വദേശിയായ കരുണാകര ബാബു 1994 ലാണ് അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചത്. 2009ല്‍ കേരള ജുഡീഷല്‍ സര്‍വീസില്‍ പ്രവേശിച്ചു. പത്തനംതിട്ട, കോട്ടയം, തലശേരി എന്നിവിടങ്ങളില്‍ അഡീഷണൽ ജില്ലാ ജഡ്ജിയായിരുന്നു. എറണാകുളം സിബിഐ കോടതി ജഡ്ജിയായും സേവനം അനുഷ്ഠിച്ചു. സുപ്രീം കോടതി നിയോഗിച്ച, ശ്രീപദ്മനാഭസ്വാമി ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ ചെയര്‍മാനാണ്. ഭാര്യ: കെ.സന്ധ്യ, മക്കള്‍: വൃന്ദ ബാബു (കേരള ലോ അക്കാഡമിയില്‍ നിയമ വിദ്യാര്‍ഥിനി), വരുണ്‍ ബാബു (ലൊയോള സ്കൂള്‍)
കണ്ണൂര്‍ സ്വദേശിയാണ് ഡോ. കൗസര്‍ ഇടപ്പഗത്ത്. 1991ല്‍ തലശേരിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. 2002ല്‍ ഹൈക്കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ചു.
2009ല്‍ കേരള ജുഡീഷല്‍ സര്‍വീസില്‍ ജില്ലാ സെഷന്‍സ് ജഡ്ജിയായി നേരിട്ടു നിയമനം. തിരുവനന്തപുരത്തും കോഴിക്കോട്ടും അഡീഷണല്‍ ജില്ലാ ജഡ്ജിയായിരുന്നു. ഭാര്യ: ഡോ. അമീറ അഹമ്മദ് ഇസ്മയില്‍ (റിനൈ മെഡിസിറ്റി, എറണാകുളം). നാലു മക്കൾ.
ന്യൂഡൽഹി: ജനങ്ങളുടെ ദുരിതത്തിൽനിന്ന് സർക്കാർ മുതലെടുപ്പു നടത്തുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഇന്ധന, പാചകവാതക വിലവർധന കുതിച്ചുയരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെഴുതിയ കത്തിലാണ് സോണിയയുടെ രൂക്ഷവിമർശനങ്ങൾ.
വിലവർധന അടിയന്തരമായി പിൻവലിക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. മൊത്ത ആഭ്യന്തര ഉത്പാദനം മൂക്കുകുത്തി വീഴുമ്പോഴാണ് പാചകവാതക, ഇന്ധന വിലകൾ കുതിച്ചുയരുന്നത്. രാജ്യത്തെ പൗരന്മാരുടെആശങ്ക ഉൾക്കൊണ്ടാണ് പ്രധാനമന്ത്രിക്കു കത്തെഴുതുന്നത്. ഒരുവശത്ത് ഇന്ത്യ ക്രമാനുഗതമായ തൊഴിൽനഷ്ടത്തിനും വേതനനഷ്ടത്തിനും കുടുംബവരുമാന നഷ്ടത്തിനും സാക്ഷിയായിക്കൊണ്ടിരിക്കുന്നു. മധ്യവർഗവും താഴേത്തട്ടിൽ ഉള്ളവരും കടുത്ത പ്രതിസന്ധിയിലാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇന്ധനവില നൂറുരൂപയിൽ ഏറെയായിരിക്കുന്നു. യുപിഎ സർക്കാരിന്റെ കാലത്ത് ഉണ്ടായിരുന്നതിനേക്കാൾ പാതി വിലയാണ് ക്രൂഡ് ഓയിലിന് ഇപ്പോഴുള്ളത്. എന്നിട്ടും തുടർച്ചയായ പന്ത്രണ്ടു ദിവസങ്ങളായി ഇന്ധന വില വർധിക്കുകയായിരുന്നുവെന്നും സോണിയ കത്തിൽ ചൂണ്ടിക്കാട്ടി.