തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ സോളാർ പീഡനക്കേസുകൾ സിബിഐക്കു വിടാൻ സംസ്ഥാന സർക്കാർ തീരുമാനം. സിബിഐ അന്വേഷണമാവശ്യപ്പെട്ട് പരാതിക്കാരി ദിവസങ്ങൾക്കു മുൻപ് മുഖ്യമന്ത്രി പിണറായി വിജയനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി. യുഡിഎഫ് തെരഞ്ഞെടുപ്പു മേൽനോട്ടസമിതി അധ്യക്ഷൻ കൂടിയായ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കോണ്ഗ്രസ് എംപിമാരായ അടൂർ പ്രകാശ്, ഹൈബി ഈഡൻ, എ.പി. അനിൽകുമാർ എംഎൽഎ, ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി എന്നിവർക്കെതിരായ ആറു കേസുകളാണ് സിബിഐക്കു വിടാൻ സംസ്ഥാന സർക്കാർ വിജ്ഞാപനമിറക്കിയത്. കഴിഞ്ഞദിവസമാണ് ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ് ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. സർക്കാരിന്റെ ശിപാർശ ഉടൻ കേന്ദ്രത്തിന് അയയ്ക്കും. 2018 ഒക്ടോബറിലാണ് ഉമ്മൻ ചാണ്ടി, കെ.സി. വേണുഗോപാൽ, ഹൈബി ഈഡൻ എന്നിവർക്കെതിരേ സോളാർ കേസ് പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്തത്. ഇതിനു പിന്നാലെ മുൻമന്ത്രിമാരായ എ.പി. അനിൽകുമാർ, അടൂർ പ്രകാശ്, എ.പി. അനിൽകുമാറിന്റെ പ്രൈവറ്റ് സെക്രട്ടറി സഹദുള്ള എന്നിവർക്കെതിരേയും ലൈംഗികപീഡനക്കേസ് ചുമത്തി.
മന്ത്രിമാരുടെ ഔദ്യോഗിക വസതികളിലും എംഎൽഎ ഹോസ്റ്റലിലും ഹോട്ടലുകളിലുംവച്ച് തന്നെ പീഡിപ്പിച്ചെന്നായിരുന്നു പരാതിക്കാരിയുടെ മൊഴി. ഇപ്പോൾ ബിജെപി നേതാവായ എ.പി. അബ്ദുളളക്കുട്ടിക്കെതിരേ കഴിഞ്ഞ സർക്കാരിന്റെ കാലത്തായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്.
2017 സെപ്റ്റംബറിൽ സോളാർ കേസ് അന്വേഷണം നടത്തിയ ജസ്റ്റീസ് ശിവരാജൻ കമ്മീഷൻ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചതിനു പിന്നാലെയാണ് പരാതിക്കാരി പുതിയ പരാതി നൽകിയത്. ഈ പരാതികളിൽ അന്വേഷണം നടത്താൻ രണ്ടു സംഘങ്ങളെ രൂപീകരിച്ചെങ്കിലും കേസെടുക്കാൻ കഴിയില്ലെന്നായിരുന്നു ഉദ്യോഗസ്ഥർ സർക്കാരിനെ അറിയിച്ചത്. പിന്നീട് എഡിജിപി ഷെയ്ഖ് ദർബേഷ് സാഹിബിന്റെ നേതൃത്വത്തിലുളള പ്രത്യേക സംഘം കേസെടുത്ത് ആറു കേസും പ്രത്യേകം ഉദ്യോഗസ്ഥർക്ക് നൽകി അന്വേഷണം നടത്തിവരുകയായിരുന്നു.
തിരുവനന്തപുരം: സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ നീക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ അവതരിപ്പിച്ച പ്രമേയം തള്ളി. പ്രമേയത്തിൻമേലുള്ള ചർച്ചയിൽ ഭരണ പ്രതിപക്ഷ വാഗ്വാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളുമുണ്ടായി. ഒടുവിൽ മറുപടി പറഞ്ഞ സ്പീക്കർ പ്രതിപക്ഷനേതാവിനെതിരേ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചു. സർക്കാരിനെ അടിക്കാൻ മാർഗമില്ലാത്തതിനാലാണു തന്നെ പ്രതിപക്ഷം ആക്രമിക്കുന്നതെന്നു സ്പീക്കർ തുറന്നടിച്ചു. സ്വർണക്കടത്ത് കേസിലെ പ്രതികളുമായി സൗഹൃദമുള്ള സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷത്തുനിന്ന് എം. ഉമ്മറാണ് പ്രമേയത്തിന് നോട്ടീസ് നല്കിയത്. ചെയർ നിയന്ത്രിച്ച ഡെപ്യൂട്ടി സ്പീക്കർ വി. ശശി നോട്ടീസ് പരിഗണിക്കുന്നതു സംബന്ധിച്ച് അഭിപ്രായം ആരാഞ്ഞപ്പോൾ എസ്. ശർമ തടസവാദം ഉന്നയിച്ചു. പത്രവാർത്തയുടെ പേരിലുള്ള ഈ പ്രമേയത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്നു ശർമ പറഞ്ഞു. പ്രമേയം അനുവദിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷവും എതിർത്ത് ഭരണപക്ഷവും രംഗത്തെത്തി. ഒടുവിൽ പ്രമേയം അവതരിപ്പിക്കാൻ ഡെപ്യൂട്ടി സ്പീക്കർ അനുമതി നല്കി.