നെയ്യാറ്റിന്‍കര: കോടതി ഉത്തരവ് നടപ്പിലാക്കാനെത്തിയ അഡ്വക്കേറ്റ് കമ്മീഷന്റെയും പോലീസിന്റെയും മുന്നില്‍ പെട്രോള്‍ ദേഹത്തൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന ഭാര്യയും ഭർത്താവും മരിച്ചു മരിച്ചു. അതിയന്നൂര്‍ പോങ്ങില്‍ സ്വദേശി രാജന് (47), ഭാര്യ അമ്പിളി (36) എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇരുവരും. രാജൻ ഡിസംബര്‍ 28ന് പുലർച്ചയാണു മരിച്ചത്. വൈകിട്ട് രാജന്റെ മൃതദേഹം സംസ്കരിക്കുന്ന സമയത്താണ് അമ്പിളി മരിച്ച വാർത്തയും എത്തുന്നത്. ആത്മഹത്യക്കുറ്റത്തിന് രാജനും ഭാര്യ അമ്പിളിക്കുമെതിരെ നെയ്യാറ്റിന്‍കര പോലീസ് കേസെടുത്തിരുന്നു. സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ കുടില്‍ കെട്ടി കുടുംബത്തോടൊപ്പം താമസിക്കുന്ന രാജന് അവിടം ഒഴിയണമെന്ന കോടതി വിധി നടപ്പാക്കാനാണ് അഡ്വക്കറ്റ് കമ്മീഷന് പോലീസുമായി ഇക്കഴിഞ്ഞ 22ന് സ്ഥലത്തെത്തിയത്. ഇതിനിടെ രാജന് വീടിനകത്തു കയറി പെട്രോളുമായി പുറത്തെത്തി അമ്പിളിയെയും ചേര്‍ത്ത് നിര്‍ത്തി ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ ഗ്രേഡ് എസ്ഐ അനില്‍കുമാറിനും പൊള്ളലേറ്റിരുന്നു. രാജനും കുടുംബവും താമസിച്ചിരുന്ന വീടിനു സമീപത്തു തന്നെ സംസ്കാര ചടങ്ങുകളും നടന്നു. സംഭവത്തിനു ശേഷം മിനിറ്റുകള്‍ക്കകം സ്റ്റേ ഓര്‍ഡര്‍ എത്തിയെങ്കിലും രാജനെയും അമ്പിളിയെയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലേയ്ക്കു കൊണ്ടുപോയിരുന്നു. അതേ സമയം, ദേഹത്ത് പെട്രോള്‍ ഒഴിച്ച് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുക മാത്രമായിരുന്നു രാജന്റെ ഉദ്ദേശ്യമെന്ന് ബന്ധുക്കള്‍ പറയുന്നു. ലൈറ്റര്‍ തട്ടിത്തെറിപ്പിച്ചത് പോലീസാണെന്നും ആരോപണമുണ്ട്.
തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനത്തിനായി അമേരിക്കൻ കമ്പനിയായ ഇഎംസിസിയുമായി സംസ്ഥാന സർക്കാർ ധാരണാപത്രം ഒപ്പുവച്ചതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഇതു പുറത്തുകൊണ്ടു വരാൻ ജുഡീഷൽ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പദ്ധതിയെ സംബന്ധിച്ചു സംസ്ഥാന സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ച, അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണം തൃപ്തികരമല്ല. മുഖ്യമന്ത്രിയും രണ്ട് മന്ത്രിമാരും ഉൾപ്പെട്ട പ്രമാദമായ കേസിൽ സത്യം പൂർണമായും പുറത്തുവരാൻ ജുഡീഷൽ അന്വേഷണം തന്നെ വേണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കമ്പനിക്ക് കരാർ നൽകുന്നതിനായി സംസ്ഥാന സർക്കാർ മത്സ്യനയത്തിൽ മാറ്റം വരുത്തുകയായിരുന്നു. 2018 ഏപ്രിലിൽ ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ ന്യൂയോർക്കിൽ ചർച്ച നടത്തിയശേഷമാണ് മത്സ്യനയത്തിൽ മാറ്റം വരുത്തിയത്. തദ്ദേശീയരായ മത്സ്യത്തൊഴിലാളികളെ ഉപയോഗിച്ച് വിദേശ കമ്പനിക്ക് കേരളത്തിന്റെ മത്സ്യസമ്പത്ത് കൊള്ളയടിക്കാനുള്ള പദ്ധതിയാണ് സർക്കാർ ഒത്താശയോടെ തയാറാക്കിയത്. ഇഎംസിസി മാത്രമല്ല ലോകത്തിലെ മറ്റു ചില വൻകിട കുത്തക കമ്പനികൾ കൂടി ഇതിനു പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. ഇഎംസിസിയുടെ പള്ളിപ്പുറം പ്ലാന്റിൽ സംസ്കരിക്കുന്ന മത്സ്യം ഓണ്‍ലൈൻ ഭക്ഷ്യവിതരണ കമ്പനികളുടെ വൻകിട സ്റ്റോറേജുകളിലേക്കാണ് പോകുന്നത്. അവർക്കത് കയറ്റുമതി ചെയ്യാനും ആഭ്യന്തര വിപണിയിൽ വിറ്റഴിക്കാനും കഴിയും. ഇതുവഴി നൂറുകണക്കിന് കോടി രൂപയുടെ ലാഭമാണ് ഇത്തരം കമ്പനികൾക്കു സമ്പാദിക്കാനാകുക.