സിനഗുഡി (തമിഴ്നാട്): നീലഗിരിയിലെ മുതുമല കടുവാസങ്കേതം പരിധിയിലുള്ള മാവനഹള്ളയിൽ കാട്ടുകൊമ്പൻ പൊള്ളലേറ്റു ചരിഞ്ഞ നിലയിൽ. ദിവസങ്ങൾ മുമ്പ് ഹോം സ്റ്റേയുടെ പരിസരത്ത് എത്തിയ കാട്ടുകൊമ്പനു നേരേ മണ്ണെണ്ണ ഒഴിച്ചു കത്തിച്ച ടയർ എറിയുകയായിരുന്നു. കത്തിയ ടയർ ചെവിയിൽ ഉടക്കുകയും ആനയ്ക്ക് പൊള്ളലേൽക്കുകയുമായിരുന്നു. സംഭവത്തിൽ രണ്ടു പേർ അറസ്റ്റിലായി. ഹോംസ്റ്റേ നടത്തിപ്പുകാരായ മസിനഗുഡി സ്വദേശി പ്രശാന്ത് (40), മാവനഹള്ള സ്വദേശി റെയ്മണ്ട് ഡീൻ (30) എന്നിവരെയാണു വനം വകുപ്പ് അറസ്റ്റു ചെയ്തത്. കേസിലെ മൂന്നാം പ്രതി മാവനഹള്ള സ്വദേശി റിക്കി റയാൻ ഒളിവിലാണ്.
45 വയസ് മതിക്കുന്ന കൊമ്പനാണ് പൊള്ളലേറ്റും രക്തം വാർന്നും ചരിഞ്ഞത്. രാത്രി ഹോംസ്റ്റേ വളപ്പിലെത്തിയ ആനയെ നടത്തിപ്പുകാരിൽ ഒരാൾ ടയറിനു തീയിട്ടു വിരട്ടി. ആന ഹോംസ്റ്റേ വളപ്പിനു പുറത്തുകടന്നതിനു പിന്നാലെയാണ് കത്തുന്ന ടയർ തലയിലേക്കെറിഞ്ഞത്. പൊള്ളലേറ്റ ആന ചിന്നം വിളിച്ചു പായുകയും 19നു ചരിയുകയുമായിരുന്നു. ഗ്രാമാതിർത്തിയിൽ ചുറ്റിത്തിരിയുന്ന സ്വഭാവം ഉണ്ടെങ്കിലും നിരുപദ്രവകാരിയായിരുന്നു കൊമ്പൻ എന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. വനം വകുപ്പിനു ലഭിച്ച വീഡിയോയാണ് പ്രതികളെ തിരിച്ചറിയുന്നതിനു സഹായകമായത്.
ന്യൂഡൽഹി: കോണ്‍ഗ്രസിനു തെരഞ്ഞെടുക്കപ്പെട്ട പുതിയ പ്രസിഡന്റ് ജൂണിൽ ചുമതലയേൽക്കും. സംഘടനാ തെരഞ്ഞെടുപ്പ് മേയിൽ നടത്തുമെന്നും എന്നാൽ, പ്രസിഡന്റു തെരഞ്ഞെടുപ്പിനോടൊപ്പം പ്രവർത്തക സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നും വർക്കിംഗ് കമ്മിറ്റി യോഗത്തിനുശേഷം എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു. 2021 ജൂണിൽ കോണ്‍ഗ്രസിനു തെരഞ്ഞെടുക്കപ്പെട്ട അധ്യക്ഷൻ ഉണ്ടാകും. കോണ്‍ഗ്രസ് പ്രസിഡന്റു തെരഞ്ഞെടുപ്പും വർക്കിംഗ് കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പും ഒരുമിച്ചു നടത്തണോ അതുകഴിഞ്ഞു മതിയോ എന്ന കാര്യത്തിൽ പിന്നീടു തീരുമാനമെടുക്കും. രണ്ടും ഒരുമിച്ചു നടത്തുന്നതല്ല കീഴ്വഴക്കം. കോണ്‍ഗ്രസ് പ്രസിഡന്റു തെരഞ്ഞെടുപ്പു കഴിഞ്ഞു പ്രവർത്തക സമിതിയിലേക്കു തെരഞ്ഞെടുപ്പ് എന്നതാണു രീതി. ഇക്കാര്യത്തിൽ പാർട്ടി ഭരണഘടന പരിശോധിക്കും- വേണുഗോപാൽ വിശദീകരിച്ചു. കേരളം അടക്കം അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനെ ബാധിക്കാതിരിക്കാനാണു സംഘടനാ തെരഞ്ഞെടുപ്പു ഷെഡ്യൂൾ മാറ്റുന്നതെന്നു വേണുഗോപാലും രണ്‍ദീപ് സുർജേവാലയും പറഞ്ഞു. പ്രസിഡന്റു തെരഞ്ഞെടുപ്പു മേയിൽ നടത്താനായിരുന്നു തെരഞ്ഞെടുപ്പ് അഥോറിറ്റിയുടെ പഴയ ഷെഡ്യൂൾ. സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ മൻമോഹൻ സിംഗ്, രാഹുൽ ഗാന്ധി, എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി തുടങ്ങിയവരും സംഘടനാ തെരഞ്ഞെടുപ്പും മുഴുസമയ നേതാവും ആവശ്യപ്പെട്ടു കത്തെഴുതിയ ഗുലാം നബി ആസാദ് അടക്കമുള്ളവരും പങ്കെടുത്തു. വീഡിയോകോണ്‍ഫറൻസിലൂടെ നടന്ന വർക്കിംഗ് കമ്മിറ്റിയിൽ ഒരു തർക്കവുമുണ്ടായില്ലെന്നും ഏകകണ്ഠമായാണു തീരുമാനിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു.