തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് അമേരിക്കൻ കമ്പനിയായ ഇഎംസിസിയുമായി കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ (കെഎസ്ഐഎൻസി) ഒപ്പുവച്ച ധാരണാപത്രം റദ്ദാക്കാനുള്ള നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി കരാർ പുനഃപരിശോധിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയതായാണു വിവരം. പുനഃപരിശോധിക്കുമ്പോൾ സർക്കാർ നയത്തിനു വിരുദ്ധമായി എന്തെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ധാരണാപത്രം റദ്ദാക്കുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്. ചട്ടം ലംഘിച്ചാണ് കരാറുണ്ടാക്കിയതെങ്കിൽ ഇക്കാര്യത്തിൽ വകുപ്പുതല അന്വേഷണം നടത്താനും ആലോചനയുണ്ട്.
അതിനിടെ, ആഴക്കടൽ മത്സ്യബന്ധന പദ്ധതിയുടെ ആദ്യഘട്ട ആലോചനാ വേളയിൽ തന്നെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെത്തി, ഫിഷറീസ് മന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ച നടത്തിയതായി അമേരിക്കൻ കമ്പനിയായ ഇഎംസിസി പ്രസിഡന്റ് ഷിജു വർഗീസ് പറഞ്ഞിരുന്നു. 2019 ഓഗസ്റ്റിലാണ് ക്ലിഫ്ഹൗസിൽ ഫിഷറീസ് മന്ത്രിക്കൊപ്പം പ്രധാന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രിയെ കണ്ടത്. പദ്ധതിയുടെ വിശദാംശങ്ങളും മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. ഇഎംസിസി ചെയർമാൻ ഡുവാൻ ജെറിക്സണും ചർച്ചയിൽ പങ്കെടുത്തിരുന്നതായും അദ്ദേഹം പറയുന്നു.
ആഴക്കടൽ മത്സ്യബന്ധന ട്രോളറുകൾ നിർമിക്കാൻ ഇഎംസിസിയുമായി ധാരണാപത്രം ഒപ്പിട്ട കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ (കെഎസ്ഐഎൻസി) മുഖ്യമന്ത്രിയുടെ വകുപ്പിനു കീഴിലുള്ള സ്ഥാപനമാണ്. ആഴക്കടൽ മത്സ്യബന്ധനത്തിനായുള്ള 400 ട്രോളറുകളും ആഴക്കടൽ മത്സ്യബന്ധന കപ്പലുകളും നിർമിക്കുന്നതിനായുള്ള 2950 കോടി രൂപയുടെ ധാരണാപത്രം ഒപ്പിട്ടതായി കെഎസ്ഐഎൻസിയുടെ ഔദ്യോഗിക വെബ്സൈറ്റിലും പറയുന്നുണ്ട്.
കട്ടപ്പന: ഇടുക്കിക്ക് 12,000 കോടിയുടെ പാക്കേജ് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. അടുത്ത അഞ്ചുവർഷംകൊണ്ടാണ് പദ്ധതികൾ നടപ്പാക്കുക. കാർഷിക വരുമാനം വർധിപ്പിക്കൽ, മൂല്യവർധിത വ്യവസായങ്ങളുടെ പ്രോ ത്സാഹനം, ടൂറിസം വികസനം, പശ്ചാത്തല സൗകര്യങ്ങളുടെ വികസനം, ദാരിദ്ര്യനിർമാർജനം, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്ക് ഊന്നൽ നൽകിയുള്ള പദ്ധതികളാണ് മുഖ്യമന്ത്രി കട്ടപ്പനയിൽ പ്രഖ്യാപിച്ചത്. കാർഷിക മേഖലയ്ക്കുള്ള ബജറ്റ് വിഹിതം 100 കോടിയായി വർധിപ്പിക്കും. കുരുമുളക് പുനരുദ്ധാരണത്തിനു സബ്സിഡിയും ജാതി, ഇഞ്ചി, മഞ്ഞൾ എന്നിവയുടെ പ്രോത്സാഹനത്തിനു പ്രത്യേക പദ്ധതികളും ആവിഷ്കരിക്കും. ഹൈറേഞ്ചിലെ സുഗന്ധവ്യഞ്ജനങ്ങൾ ബ്രാൻഡുചെയ്തു മാർക്കറ്റുചെയ്യുന്നതിനും ജില്ലയ്ക്ക് കാർബണ് ന്യൂട്രൽ പദവി നേടിയെടുക്കുന്നതിനുമുള്ള പദ്ധതികൾ ആരംഭിക്കും.