കൊച്ചി: സംസ്ഥാനത്തെ എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും തടഞ്ഞു ഹൈക്കോടതി ഉത്തരവ്. മത്സരിക്കാന്‍ അനുമതി നല്കുന്ന നിയമത്തിലെ വ്യവസ്ഥ, ഭരണഘടനാവിരുദ്ധമാണെന്നു വിലയിരുത്തിയാണു ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് തീരുമാനം. എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിനെതിരേ പിറവം പാഴൂര്‍ സ്വദേശി ജിബു പി. തോമസുള്‍പ്പെടെ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ണായക തീരുമാനം. അധ്യാപകര്‍ക്കു തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുമതി നല്കുന്ന വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി. വിധിക്കു മുന്‍കാല പ്രാബല്യമില്ലെന്നു വ്യക്തമാക്കിയതിനാല്‍ ഇനി മുതലുള്ള തെരഞ്ഞെടുപ്പുകള്ക്കാണു വിധി ബാധകം.
തിരുവനന്തപുരം: കവി വിഷ്ണുനാരായണൻ നമ്പൂതിരി (81) അന്തരിച്ചു. തിരുവനന്തപുരത്ത് തൈക്കാട് ശ്രീവല്ലി ഇല്ലത്ത് ഫെബ്രുവരി 25നു ഉച്ചകഴിഞ്ഞു രണ്ടോടെയായിരുന്നു അന്ത്യം. ശാരീരിക അവശതകളോടൊപ്പം മറവിരോഗവും ബാധിച്ചതിനാൽ ഏറെനാളായി ചികിത്സയിലായിരുന്നു. 2014-ൽ രാജ്യം അദ്ദേഹത്തെ പദ്മശ്രീ നൽകി ആദരിച്ചു. കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാർഡുകളും എഴുത്തച്ഛൻ പുരസ്കാരവും ഉൾപ്പെടെ നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. 1939 ജൂണ്‍ രണ്ടിന് തിരുവല്ല ഇരിങ്ങോലിലാണു ജനനം. സാമ്പ്രദായിക രീതിയിൽ മുത്തച്ഛനിൽനിന്നു സംസ്കൃതവും വേദവും പുരാണങ്ങളും പഠിച്ചു. കൊച്ചുപെരിങ്ങര സ്കൂൾ, ചങ്ങനാശേരി എസ്ബി കോളജ്, കോഴിക്കോട് ദേവഗിരി കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. എംഎയ്ക്കു ശേഷം മലബാർ ക്രിസ്ത്യൻ കോളജിൽ ഇംഗ്ലീഷ് അധ്യാപകനായി. പിന്നീട് വിവിധ സർക്കാർ കോളജുകളിലും അധ്യാപകനായിരുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽനിന്ന് ഇംഗ്ലീഷ് വകുപ്പ് അധ്യക്ഷനായി വിരമിച്ചു. അതിനുശേഷം മൂന്നു വർഷം തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ ശാന്തിക്കാരനായിരുന്നു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ റിസർച്ച് ഓഫീസറും ഗ്രന്ഥാലോകം മാസികയുടെ പത്രാധിപരുമായിരുന്നു.
ഇന്ത്യയെന്ന വികാരം, ആരണ്യകം, അതിർത്തിയിലേക്ക് ഒരു യാത്ര, ഉജ്ജയിനിയിലെ രാപ്പകലുകൾ, മുഖമെവിടെ, ഭൂമിഗീതങ്ങൾ, പ്രണയഗീതങ്ങൾ, സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു ഗീതം, ചാരുലത എന്നിവയാണു അദ്ദേഹത്തിന്റെ പ്രധാന കവിതാ സമാഹാരങ്ങൾ.
ഭൂമിഗീതങ്ങൾക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് (1979), മുഖമെവിടെക്ക് ഓടക്കുഴൽ അവാർഡ് (1983), ഉജ്ജയിനിയിലെ രാപകലുകൾക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (1994), ആശാൻ പുരസ്കാരം (1996), കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനാ പുരസ്കാരം (2004), മാതൃഭൂമി സാഹിത്യ പുരസ്കാരം (2010), വള്ളത്തോൾ പുരസ്കാരം (2010), വയലാർ അവാർഡ് (2010), ചങ്ങന്പുഴ പുരസ്കാരം (1989), ഉള്ളൂർ അവാർഡ് (1993), സാഹിത്യകലാനിധി സ്വർണമുദ്ര, വീണപൂവ് ശതാബ്ദി പുരസ്കാരം (2008), എഴുത്തച്ഛൻ പുരസ്കാരം (2014), തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഭാര്യ: സാവിത്രി, മക്കൾ: അദിതി, അപർണ.