തിരുവനന്തപുരം: കോവിഡ് വാക്സിൻ കൂടുതൽ ലഭ്യമാക്കാൻ കേന്ദ്രത്തിൽ സമ്മർദം ചെലുത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കൂടുതൽ പേർക്ക് കഴിയുന്നത്ര വേഗത്തിൽ വാക്സിൻ ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യരംഗത്തെ വിദഗ്ധരുമായി ആശയവിനിമയത്തിന്റെ ഭാഗമായി നവകേരളം ‘സിഎം കൺസൾട്ട്’ പരിപാടിയിൽ അഭിപ്രായങ്ങൾ കേട്ടശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ കൂടുതൽ പേർ കോവിഡ് ബാധിക്കാത്തവരാണ്. ഇതിനാൽ വാക്സിനേഷൻ വേഗത്തിലാക്കേണ്ടതുണ്ട്. എന്നാൽ കേന്ദ്രത്തിൽനിന്ന് വാക്സിൻ ലഭ്യമാകുന്നതിനനുസരിച്ചേ വാക്സിനേഷൻ നടത്താനാകൂ. ഇതു കൂടുതൽ ലഭ്യമാക്കാൻ ശ്രമങ്ങളുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ന്യൂഡൽഹി: കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായതോടെ കേരളം ഉൾപ്പെടെ പത്തു സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസർക്കാർ മൂന്നംഗ ഉന്നതതല സംഘത്തെ അയച്ചു. ജനിതക മാറ്റം വന്ന കോവിഡ് വൈറസിന്റെ വ്യാപനം വർധിച്ചതോടെയാണ് സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സംഘത്തെ അയച്ചത്. രോഗവ്യാപനം കണക്കിലെടുത്ത് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ആരോഗ്യ സെക്രട്ടറി ഏഴു സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കത്തയച്ചിട്ടുമുണ്ട്. അതിനിടെ, കോവിഡ് വാക്സിനേഷന്റെ രണ്ടാംഘട്ടം മാർച്ച് ഒന്നു മുതൽ ആരംഭിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.
കേരളം, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഗുജറാത്ത്, പഞ്ചാബ്, കർണാടക, തമിഴ്നാട്, പശ്ചിമ ബംഗാൾ, ജമ്മു കാഷ്മീർ എന്നിവിടങ്ങളിലേക്കാണ് കേന്ദ്ര സംഘത്തെ അയച്ചത്. ആരോഗ്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥനാണ് ഓരോ സംഘത്തെയും നയിക്കുന്നത്. ഓരോ സംസ്ഥാനത്തെയും ആരോഗ്യ വകുപ്പുമായി ചേർന്ന് കേന്ദ്രസംഘം സ്ഥിതിഗതികൾ വിലയിരുത്തും. വൈറസ് വ്യാപനം വർധിക്കുന്നതിനുള്ള കാരണങ്ങൾ കണ്ടെത്തുന്നതിനൊപ്പം രോഗ വ്യാപനം തടയുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വൈറസ് വ്യാപനം നടക്കുന്ന ജില്ലകളിൽ ഉൾപ്പെടെ നിരന്തരം സ്ഥിതിഗതികൾ വിലയിരുത്തണമെന്നും സംസ്ഥാനങ്ങൾക്കു നിർദേശം നൽകിയിട്ടുണ്ട്. രോഗവ്യാപനം കൂടുതലായി കണ്ടെത്തിയ സംസ്ഥാനങ്ങളിൽ ആർടി-പിസിആർ ടെസ്റ്റുകളുടെ എണ്ണം കൂട്ടണം. പോസിറ്റീവായി കണ്ടെത്തുന്നവരുമായി സമ്പർക്കം പുലർത്തിവരെയും കർശനമായി കണ്ടെത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.