ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ ഇടവകയിൽ അനുഗ്രഹവർഷം ചൊരിഞ്ഞുകൊണ്ട് നോമ്പുകാല വാർഷിക ധ്യാനം പര്യവസാനിച്ചു. നാല് ദിവസങ്ങൾ നീണ്ടു നിന്ന ധ്യാനത്തിന്റെ ഭാഗമായി മുതിർന്നവർക്കും കുട്ടികൾക്കുമായി രണ്ടു വിഭാഗങ്ങളിലായാണ് ധ്യാനം നടത്തപ്പെട്ടത്. മുതിർന്നവർക്കായി നടത്തപ്പെട്ട ധ്യാനത്തിന് വിൻസൻഷ്യൻ കോൺഗ്രിഗേഷന്റെ ഗ്ലോബൽ ഇവാഞ്ചലൈസേഷൻ ഡയറക്ടറും കൗൺസലർ ജെനറാളുമായ ഫാ. അഗസ്റ്റിൻ മുണ്ടൻകാട്ട് നേതൃത്വം നൽകി. മാർച്ച് 7 വ്യാഴാഴ്ച വിശുദ്ധ കുർബ്ബാനയോടു കൂടി ആരംഭിച്ച ധ്യാന പരിപാടികൾ മാർച്ച് 10 ഞായറാഴ്ച വൈകുന്നേരം നടത്തപ്പെട്ട ദിവ്യകാരുണ്യ പ്രദിക്ഷണത്തോടുകൂടിയുള്ള ആരാധനയോടെയാണ് സമാപിച്ചത്. ബ്രദർ വി.ഡി. രാജു ഗാനശുശ്രൂഷക്ക് നേതൃത്വം നൽകി. മാർച്ച് 9 ശനിയാഴ്ചയും മാർച്ച് 10 ഞായറാഴ്ചയുമായി നടത്തപ്പെട്ട കുട്ടികൾക്ക് വേണ്ടിയുള്ള ധ്യാനത്തിന് സി എം സി സിസ്റ്റേഴ്സാണ് നേതൃത്വം നൽകിയത്. പ്രായമാനുസരിച്ചു വിവിധ ഗ്രൂപ്പുകളായി തിരിച്ച് വൈവിധ്യമാർന്ന പരിപാടികളോടെ നടത്തപ്പെട്ട കുട്ടികളുടെ ധ്യാനത്തിൽ ഇടവകയുടെ മതബോധനസ്കൂളിലെ കുട്ടികൾ ഏതാണ്ട് പൂർണമായും പങ്കുചേർന്നു. ഇടവക വികാരി ഫാ. സിജു മുടക്കോടിൽ, അസി. വികാരി ഫാ. ജോഷി വലിയവീട്ടിൽ, പാരിഷ് സെക്രട്ടറി സി. സിൽവേറിയസ്, ട്രസ്റ്റി കോർഡിനേറ്റർ സാബു കട്ടപ്പുറം, കൈക്കാരന്മാരായ ബിനു പൂത്തുറ, ജോർജ്ജ് മാറ്റത്തിപ്പറമ്പിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, നിബിൻ വെട്ടിക്കാട്ടിൽ, സജി പൂതൃക്കയിലിന്റെയും മനീഷ് കൈമൂലയിലിന്റെയും ബിനു എടകരയുടെയും നേതൃത്വത്തിലുള്ള മതബോധന സ്കൂൾ അധ്യാപകർ, വിസിറ്റേഷൻ കോൺഗ്രിഗേഷനിലെ സിസ്റ്റേഴ്സ് എന്നിവർ നോമ്പുകാല ധ്യാനത്തിന് നേതൃത്വം നൽകി.