PRAVASI

ഷിക്കാഗോ സേക്രഡ് ഹാർട്ട് ഫൊറോനാ ദേവാലയ പുനർ കൂദാശ നവ്യാനുഭവമായി

Blog Image

ഷിക്കാഗോ: ക്നാനായ കത്തോലിക്കരുടെ നോര്‍ത്ത് അമേരിക്കയിലെ ആദ്യ ദേവാലയമായ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയം ഷിക്കാഗോയിലെ ബെന്‍സന്‍ വില്ലിൽ പുനർകൂദാശാകർമങ്ങളിലൂടെ ഇന്നുമുതൽ ശുശ്രൂഷാസജ്ജമായി.
ക്‌നാനായ സമുദായത്തിന്റെ വലിയ ഇടയന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്, ഷിക്കാഗോ സെ. തോമസ് രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോയ് ആലപ്പാട്ട്, ബിഷപ്പ് എമിരിറ്റസ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, ജൂലിയറ്റ് രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് റൊണാള്‍ഡ് ഹിക്‌സ് എന്നിവര്‍ പുനര്‍കൂദാശാകര്‍മങ്ങള്‍ക്ക് കാര്‍മികത്വം വഹിച്ചു. രൂപതാ ചാൻസലർ ഫാ. ജോർജ് ദാനവേലിൽ ഡിക്രി വായിച്ചു. തുടർന്നു നടന്ന പൊതുസമ്മേളനത്തിൽ അസി. വികാരി ഫാ. ബിൻസ് ചേത്തലിൽ സ്വാഗതം ആശംസിച്ചു. വിശ്വാസജീവിതത്തെയും സമുദായ പാരമ്പര്യങ്ങളെയും പരിരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരായിരിക്കണമെന്നും പൂർവികരുടെ ത്യാഗപൂർണ മായ സമർപ്പണങ്ങൾ മറക്കരുതെന്നും ദൈവകേന്ദ്രിതമായ ഒരു സമൂഹമാണ് നമ്മളെന്ന ഓർമയെ പ്രോജ്ജ്വലിപ്പിക്കാൻ ഇത്തരംഅവസരങ്ങൾ സഹായിക്കട്ടെയെന്നും മാർ. മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്താ ഉദ്ഘാടനപ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. നാമോരുരുത്തരും സജീവശിലകളാൽ നിർമിതങ്ങളായ ആലയങ്ങളാണെന്നും ഹൃദയങ്ങളിൽ പണിയപ്പെടുന്ന ദേവാലയങ്ങളെയാണ് ദൈവം കൂടുതൽ മാനിക്കുന്നതെന്ന് അദ്ധ്യക്ഷപ്രസംഗത്തിൽ മാർ. ജോയ് ആലപ്പാട്ട് ഉദ്ബോധിപ്പിച്ചു.
ആരാധനയ്‌ക്കും പ്രാർത്ഥനയ്ക്കും ഒപ്പം വിശ്വാസത്തിലുറച്ച ഒരു സമൂഹമായി വളരാൻ പുതിയ ദേവാലയം ഉപയുക്തമാകട്ടെയെന്ന് ജോലിയറ്റ് രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഹിക്സ് വചനസന്ദേശത്തിൽ ആഹ്വാനം ചെയ്തു. പുതിയദേവാലയത്തിൻറെ പുതിയലോഗോ ബിഷപ്പ് എമിരിറ്റസ് മാർ. ജേക്കബ് അങ്ങാടിയത്ത് പ്രകാശനം ചെയ്തു. ഇടവകാംഗമായ മനീഷ് ഇല്ലിമൂട്ടിലാണ് ലോഗോ രൂപകല്പനചെയ്തത്.
മുൻവികാരിമാരായ ഫാ.എബ്രാഹം മുത്തോലത്ത് ഫാ. സജിപിണർകയിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ റ്റീന നെടുവാമ്പുഴ കൃതജ്ഞത പറഞ്ഞു.
ഷിക്കാഗോയിലും സമീപപ്രദേശങ്ങളിലുമുള്ള ക്നാനായസമുദായാംഗങ്ങളും ക്‌നാനായ റീജിയനിലെ ഇതര വൈദികരും അല്മായ പ്രതിനിധികളും സമീപത്തുള്ള മറ്റ് ക്രൈസ്തവ സഭാംഗങ്ങളും സന്യസ്തരും ആത്മീയനേതൃത്വവും ഈ ശുശ്രൂഷകളിൽ പങ്കെടുത്തപ്പോൾ ആത്മീയചൈതന്യത്താൽ എല്ലാവരും നവീകരിക്കപ്പെടുകയായിരുന്നു.

ഇന്ത്യയ്ക്ക് വെളിയില്‍ ക്‌നാനായക്കാര്‍ക്കായി സ്ഥാപിച്ച ആദ്യ ദൈവാലയമായ മെയ് വുഡ് സേക്രഡ് ഹാര്‍ട്ട് ദൈവാലയമാണ് സൗകര്യപ്രദമായ ബെന്‍സന്‍വില്ലിലേയ്ക്ക് മാറ്റിയത്.

വികാരി റവ.ഫാ തോമസ് മുളവനാൽ, അസി. വികാരി റവ. ഫാ. ബിൻസ് ചേത്തലിൽ, ട്രസ്റ്റിമാരായ തോമസ് നെടുവാമ്പുഴ, സാബു മുത്തോലം, മത്തിയാസ് പുല്ലാപ്പള്ളി, കിഷോർ കണ്ണാല, ജെൻസൺ ഐക്കരപ്പറമ്പിൽ എന്നിവരുടെയും വിവിധ കമ്മിറ്റികളിൽ സമർപ്പണബുദ്ധിയോടെ പ്രവർത്തിച്ച അനേകരുടെയും നേതൃത്വമാണ് ഈ പരിപാടികളെ ദൈവാനുഗ്രഹപ്രദമാക്കിയത്.
ജൂലിയറ്റ് രൂപതയുടെ അജപാലനപരിധിയില്‍ ഉണ്ടായിരുന്ന ബെന്‍സന്‍വില്‍ സെ. ചാള്‍സ് ബൊറോമിയോ ദൈവാലയമാണ് ചിക്കാഗോയിലെ ക്‌നാനായകത്തോലിക്കാ സമൂഹം തങ്ങളുടെ പൂതിയ ദൈവാലയമായി വാങ്ങിയത്. ഒട്ടേറെപ്പേരുടെ ത്യാഗപൂര്‍ണ്ണമായ സംഭാവനകളിലൂടെയാണ് ഈ ദേവാലയം വാങ്ങാന്‍ ഇടയാക്കിയത്.

ഫോട്ടോ :അലൻ കൊറ്റംകൊമ്പിൽ

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.