തിരുവനന്തപുരം: ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖരന്റെ ഉടമസ്ഥതയിലുള്ള നിരാമയ റിട്രീറ്റിന്റെ ജീവനക്കാരും ഇ പി ജയരാജന്റെ കുടുംബവും ഒന്നിച്ചുള്ള ചിത്രം പുറത്ത്. രാജീവ് ചന്ദ്രശേഖരനും ഇ പി ജയരാജനും തമ്മിൽ ബിസിനസ് ബന്ധമുണ്ടെന്ന ആരോപണം ഇപി നിഷേധിച്ചതിന് പിന്നാലെയാണ് ചിത്രം പുറത്തുവന്നിരിക്കുന്നത്. കോൺഗ്രസാണ് ചിത്രം പുറത്തുവിട്ടത്. നിരാമയ ജീവനക്കാർക്കൊപ്പം ഇപിയുടെ ഭാര്യയും മകനും നിൽക്കുന്ന ചിത്രമാണ് ഇത്. രാജീവ് ചന്ദ്രശേഖരന്റെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ഭാര്യക്ക് നിരാമയയിൽ ഷെയർ ഉണ്ടെന്ന് വ്യക്തമാക്കുന്നു.
രാജീവ് ചന്ദ്രശേഖറുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ഇപി ആവർത്തിക്കുന്നതിനിടെയാണ് ചിത്രം പുറത്തുവന്നിരിക്കുന്നത്. ഇതുവരെ നേരില്‍ കണ്ടിട്ടില്ലെന്നും ഫോണില്‍ വിളിച്ച ബന്ധം പോലുമില്ലെന്നുമാണ് ഇന്ന് ഇപി പറഞ്ഞത്. പത്രത്തിലും പടത്തിലും കണ്ട പരിചയം മാത്രമാണുള്ളതെന്നും ഇ പി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്റേത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നും ഇപി പ്രതികരിച്ചു. എന്ത് അടിസ്ഥാനത്തിലാണ് പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചതെന്ന് ചോദിച്ച ഇ പി ജയരാജന്, തനിക്ക് ബിസിനസുണ്ടെങ്കില്‍ എല്ലാം സതീശന് എഴുതി കൊടുക്കാമെന്നും വെല്ലുവിളിച്ചു. വൈദേകം റിസോര്‍ട്ടുമായി തനിക്ക് ഒരു ബന്ധവുമില്ല. അതിന്റെ ഉപദേശകന് മാത്രമായിരുന്നു താനെന്നും ഇപി പ്രതികരിച്ചിരുന്നു.