തെരഞ്ഞെടുപ്പു ദിനം ചര്ച്ചയായി “ശബരിമല’
തിരുവനന്തപുരം: വോട്ടെടുപ്പു ദിനം ശബരിമലയുടെ പേരിൽ പ്രമുഖ നേതാക്കൾ വാക്പോര് തുടങ്ങിയതോടെ പ്രധാന ചർച്ച ശബരിമലയായി. ഭരണമാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നു എന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ പരാമർശത്തോടെയായിരുന്നു തുടക്കം. മുഖ്യമന്ത്രി പിണറായി വിജയൻ അതിനു മറുപടി പറഞ്ഞതോടെ ഭരണ- പ്രതിപക്ഷ നേതാക്കൾ അത് ഏറ്റുപിടിച്ചു. വിശ്വാസികളുടെ പ്രതിഷേധം കുറച്ചുകാലമായി നിലനിൽക്കുന്നുണ്ട്. അതിപ്പോഴുമുണ്ട്. സാമൂഹിക നീതിയും മതേതരത്വവും സംരക്ഷിക്കുന്ന സർക്കാർ ഉണ്ടാകണമെന്നുമായിരുന്നു സുകുമാരൻ നായർ പറഞ്ഞത്.
അയ്യപ്പനും ദേവഗണങ്ങളും ജനങ്ങൾക്കു ഗുണം ചെയ്ത സർക്കാരിനൊപ്പമാണെന്നു മുഖ്യമന്ത്രി പ്രതികരിച്ചതോടെ വിഷയം രാഷ്ട്രീയ കേരളം ഏറ്റെടുത്തു. ജനങ്ങൾ പ്രതികാരം ചെയ്യുമെന്നുള്ള ഭയംകൊണ്ടാണു പിണറായി ദൈവങ്ങളെ കൂട്ടുപിടിച്ച് മലക്കം മറിഞ്ഞതെന്നു മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. ഇപ്പോൾ അയ്യപ്പനെ ഓർക്കുന്ന മുഖ്യമന്ത്രിക്ക് അന്ന് ഈ ബോധമുണ്ടായില്ലെന്നു മുൻകാല സംഭവങ്ങൾ പരാമർശിച്ച് മുതിർന്ന കോണ്ഗ്രസ് നേതാവ് എ.കെ. ആന്റണിയും പറഞ്ഞു. വിശ്വാസികൾ മുഖ്യമന്ത്രിയോടു പൊറുക്കില്ലെന്നും സർക്കാരിന് അയ്യപ്പകോപം ഉണ്ടാകുമെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. ദൈവങ്ങൾക്കു വോട്ടുണ്ടായിരുന്നെങ്കിൽ എൽഡിഎഫിനു ചെയ്തേനെ എന്നു കോടിയേരി പറഞ്ഞു. സുകുമാരൻ നായർക്കു രാഷ്ട്രീയമുണ്ടെന്നു വ്യക്തമായതായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടു. ശബരിമലയെക്കുറിച്ചും അയ്യപ്പനെക്കുറിച്ചും ഓർമിക്കേണ്ടത് വോട്ടിംഗ് ദിനത്തിലല്ലെന്നു ഡോ. ശശി തരൂർ എംപി മുഖ്യമന്ത്രിയെ ഓർമിപ്പിച്ചു. മുഖ്യമന്ത്രി ശബരിമലയെക്കുറിച്ചു നടത്തിയ പ്രസ്താവന അദ്ദേഹത്തിന്റെ ദൗർബല്യമാണു കാണിക്കുന്നതെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു.