ന്യൂഡൽഹി: കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സംസ്ഥാനങ്ങൾ. രാജ്യതലസ്ഥാനമായ ഡൽഹിയിൽ രാത്രി കർഫ്യൂ ഏർപ്പെടുത്തി. ഈ മാസം 30 വരെ കർഫ്യൂ തുടരും. രാത്രി പത്തു മുതൽ രാവിലെ അഞ്ചു വരെയാണ് കർഫ്യൂ. കോവിഡ് വ്യാപനം വിലയിരുത്തുമ്പോൾ അടുത്ത നാലാഴ്ച വളരെ നിർണായകമാണെന്നും കരുതലോടെ ഇരിക്കണമെന്നും കേന്ദ്രസർക്കാർ മുന്നറിയിപ്പു നൽകി. കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ പതിനെട്ടു വയസിനു മുകളിലുള്ള എല്ലാവർക്കും പ്രതിരോധ വാക്സിൻ എടുക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തു നൽകി. കോവിഡ് സാഹചര്യം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി വ്യാഴാഴ്ച മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. 8,3110,926 പേർക്ക് ഇതുവരെ വാക്സിൻ നൽകിയെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആർടിപിസിആർ പരിശോധന 70 ശതമാനത്തിന് മുകളിൽ ഉയർത്തണമെന്ന് നിർദേശം നൽകിയിട്ടും കേരളവും മഹാരാഷ്ട്രയും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ അത് പാലിക്കപ്പെട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം കുറ്റപ്പെടുത്തി.