ന്യൂഡൽഹി: ജസ്റ്റീസ് എൻ.വി. രമണയെ രാജ്യത്തിന്റെ അടുത്ത ചീഫ് ജസ്റ്റീസായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിയമിച്ചു. ഇപ്പോഴത്തെ ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ 23ന് വിരമിക്കും. ആ ഒഴിവിലാണു നിയമനം. 24ന് ജസ്റ്റീസ് രമണ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. സുപ്രീം കോടതിയിൽ ഏറ്റവും മുതിർന്ന ജഡ്ജിയായ രമണയെ ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെയാണ് തന്റെ പിൻഗാമിയായി ശിപാർശ ചെയ്തത്. രാജ്യത്തിന്റെ 48-ാമത് ചീഫ് ജസ്റ്റീസായി ചുമതലയേൽക്കുന്ന എൻ.വി. രമണയ്ക്ക് 2022 ഓഗസ്റ്റ് 26 വരെ കാലാവധിയുണ്ട്. 1966-67 കാലയളവിൽ ചീഫ് ജസ്റ്റീസായിരുന്ന കെ. സുബ്ബറാവുവിനു ശേഷം ആന്ധ്രയിൽനിന്ന് ഈ പദവിയിലെത്തുന്ന ആദ്യത്തെ ആളാണ് ഇദ്ദേഹം.