മിന്നൽ പരിശോധന നടത്താന്‍ വേഷം മാറിയെത്തിയ കേന്ദ്രമന്ത്രിയെ സെക്യൂരിറ്റി എടുത്തിട്ടിടിച്ചു

sponsored advertisements

sponsored advertisements

sponsored advertisements

20 September 2021

മിന്നൽ പരിശോധന നടത്താന്‍ വേഷം മാറിയെത്തിയ കേന്ദ്രമന്ത്രിയെ സെക്യൂരിറ്റി എടുത്തിട്ടിടിച്ചു

ന്യൂഡൽഹി: ആശുപത്രിയിലെ യഥാർഥ സാഹചര്യങ്ങൾ നേരിട്ടറിയാൻ വേഷം മാറി ഇറങ്ങിയതായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. ഡൽഹിയിലെ പ്രധാന ആശുപത്രികളിലൊന്നായ സഫ്ദർ ജംഗ് ആശുപത്രിയിൽ തന്നെ മിന്നൽ പരിശോധന നടത്താൻ അദ്ദേഹം തീരുമാനിച്ചു. ഒരു സാധാരണ രോഗിയുടെ വേഷത്തിലായിരുന്നു പോക്ക്. പക്ഷേ, ആശുപത്രി ഗേറ്റിലെ അനുഭവം അത്ര സുഖമുള്ളതായിരുന്നില്ല. ആശുപത്രിയിലെ അവസ്ഥ നേരിട്ടറിയാൻ എത്തിയ തന്നെ സെക്യൂരിറ്റി ജീവനക്കാരൻ ഇടിച്ചതായും സമീപത്തെ ബഞ്ചിൽ ഇരിക്കാൻ ഒരുങ്ങിയപ്പോൾ ചീത്ത വിളിച്ചു മർദിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രി തന്നെ വെളിപ്പെടുത്തി.
ആശുപത്രിയിലെ പല കണ്ണീർകാഴ്ചകളും തനിക്കു നേരിട്ടു കാണേണ്ടി വന്നെന്നു മന്ത്രി പറഞ്ഞു. സ്ട്രച്ചർ അടക്കമുള്ള ചികിത്സാ സഹായങ്ങൾ കിട്ടാൻ ജനങ്ങൾ പരക്കംപായുന്നതു കണ്ടു. തന്‍റെ മകനുവേണ്ടി ഒരു സ്ട്രെച്ചർ എടുക്കണമെന്നു സെക്യൂരിറ്റി ജീവനക്കാരുടെ പിന്നാലെ നടന്നു കരഞ്ഞുപറയുന്ന വയോധികയെ കണ്ടു. എന്നാൽ, 1500ലേറെ സുരക്ഷാജീവനക്കാരുള്ള ആശുപത്രിയിൽ ആരും അവരെ സഹായിക്കാൻ എത്തുന്നതു കണ്ടില്ലെന്നും മന്ത്രി തുറന്നടിച്ചു. താൻ നേരിട്ട ദുരനുഭവം പ്രധാനമന്ത്രിയെത്തന്നെ നേരിട്ട് അറിയിച്ചിരുന്നു. ആ ജീവനക്കാരെ പുറത്താക്കിയോയെന്നു പ്രധാനമന്ത്രി ചോദിച്ചിരുന്നു. ഒരാളെ മാത്രമായി പുറത്താക്കിയിട്ടു വലിയ കാര്യമില്ലെന്നും അവിടെ നിലനിൽക്കുന്ന വ്യവസ്ഥിതി ആകെ മാറിയാലേ പ്രയോജനമുള്ളെന്നും താൻ പ്രധാനമന്ത്രിയോടു പറഞ്ഞെന്നും മാണ്ഡവ്യ കൂട്ടിച്ചേർത്തു. ആശുപത്രിയും ജീവനക്കാരും ഒരു നാണയത്തിന്‍റെ ഇരുവശങ്ങൾ പോലെയാണെന്നു ഒരുമിച്ചു പ്രവർത്തിച്ചെങ്കിൽ മാത്രമേ രോഗികൾക്കും നാടിനും ഗുണമുണ്ടാകൂയെന്നും അദ്ദേഹം ജീവനക്കാരെ ഓർമിപ്പിച്ചു. കേന്ദ്രമന്ത്രി പല ആശുപത്രികളിലെയും സാഹചര്യങ്ങൾ അറിയാൻ സാധാരണ രോഗി എന്ന നിലയിൽ സന്ദർശനം നടത്തിയിട്ടുണ്ട്.