ന്യൂഡൽഹി: എസ്എൻസി ലാവ്ലിൻ കേസ് പരിഗണിക്കുന്നതു സുപ്രീംകോടതി രണ്ടാഴ്ചത്തേക്കു മാറ്റി. ഊർജവകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ് നൽകിയ അപേക്ഷ പരിഗണിച്ചാണു ജസ്റ്റീസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. കേസ് മാറ്റിവയ്ക്കാൻ ഇനിയും ഒരു കക്ഷിയും ആവശ്യപ്പെടില്ലെന്നു പ്രതീക്ഷിക്കുന്നെന്നു കോടതി നിരീക്ഷിച്ചു. ലാവ്ലിൻ കേസിൽ അന്തിമ വാദം നിശ്ചയിച്ചശേഷം ഇത് 27-ാമതു തവണയാണു മാറ്റിവയ്ക്കുന്നത്. 21 പ്രാവശ്യവും സിബിഐയാണ് ഇക്കാര്യത്തിൽ അപേക്ഷ നൽകിയതെങ്കിൽ ഇത്തവണ കൂടുതൽ രേഖകൾ ഹാജരാക്കാനുണ്ടെന്നു ചൂണ്ടിക്കാട്ടി കേസിലെ കക്ഷിയായ എ. ഫ്രാൻസിസ് കേസ് മാറ്റിവയ്ക്കുന്നതിനായി അപേക്ഷ നൽകുകയായിരുന്നു. എല്ലാ തവണയും കേസ് പരിഗണനയ്ക്ക് എടുക്കുമ്പോൾ ഓരോ കക്ഷികളായി മാറ്റിവയ്ക്കാൻ ആവശ്യപ്പെടുന്നത് അനുവദിക്കരുതെന്നു കോണ്ഗ്രസ് നേതാവ് വി.എം. സുധീരനുവേണ്ടി ഹാജരായ അഭിഭാഷകൻ ആവശ്യപ്പെട്ടു. ഇതേ തുടർന്നാണ് ഇനിയും ഇക്കാര്യത്തിൽ അഭിഭാഷകർ ആരും അപേക്ഷ നൽകില്ലെന്നു പ്രതീക്ഷിക്കുന്നെന്നു കോടതി വ്യക്തമാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, ഊർജ സെക്രട്ടറി കെ. മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി ഉത്തരവിനെതിരേ സിബിഐ അടക്കമുള്ളവർ നൽകിയ ഹർജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.