PRAVASI

സനാതന ധർമ്മമോ മനുസ്മൃതിയോ അശ്ലീലമല്ല: ഗോപിനാഥക്കുറുപ്പ്

Blog Image

ന്യൂയോർക്ക്: സനാതന ധർമമോ മനുസ്മൃതിയോ അശ്ലീലമല്ലെന്നും അല്പജ്ഞാനികളുടെ അഭിപ്രായം അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയണമെന്നും അയ്യപ്പസേവാ സംഘം പ്രസിഡന്റും കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാനുമായ ഗോപിനാഥക്കുറുപ്പ് അഭിപ്രായപ്പെട്ടു.

സനാതന ധർമത്തെപ്പറ്റി ഭാരതസംസ്ക്കാരത്തിലോ അതിന്റെ മഹത്വത്തിലോ ക്ഷേത്രസംസ്ക്കാര പാരമ്പര്യത്തിലോ താല്പര്യമില്ലാത്ത രാഷ്ട്രീയ ഭിക്ഷാംദേഹികൾ വ്യാകുലരാവേണ്ടതില്ല. സനാതന ധർമ്മ വിശ്വാസികൾക്ക് ഇവരിൽ നിന്നോ വൈദേശിക ദർശനങ്ങളിൽ നിന്നോ തത്വശാസ്ത്രങ്ങളിൽ നിന്നോ ഒന്നും മനസ്സിലാക്കാനില്ല.

കാലാനുസൃതമായ ഹൈന്ദവ നവോത്ഥാനം കാന്തദർശികളായ ഹൈന്ദവ നവോത്ഥാന നായകരുടെയും ഗുരുക്കന്മാരുടെയും ആചാര്യ ശ്രേഷ്ഠന്മാരുടെയും പ്രയത്നഫലമായി രൂപപ്പെട്ടിട്ടുള്ളതാണ്. മനുസ്മൃതിയിലുള്ള ചാതുർവർണ്യത്തെപ്പറ്റി വികലമായി മനസ്സിലാക്കിയ ഇത്തരക്കാർക്ക് അതിൽതന്നെയുള്ള “ലോകാഃസമസ്താഃ സുഖിനോ ഭവന്തു” എന്നുള്ള തത്വമോ മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. കഴിഞ്ഞ വർഷം തിരുവനന്തപുരത്തു വച്ചു നടന്ന ഹിന്ദു കോൺക്ലേവിൽ സനാതന ധർമത്തെപ്പറ്റി ശ്രീകുമാരൻ തമ്പി വിശദമായി പ്രതിപാദിച്ചത് ഇക്കൂട്ടർ മനസ്സിലാക്കിയിട്ടുള്ളതാണ്. അറിഞ്ഞിട്ടും അജ്ഞത നടിക്കുന്ന ഇവർക്ക് സനാതന ധർമത്തെ അവഹേളിക്കുന്നതുപോലെ ഇതര മതവിശ്വാസികളുടെ മതഗ്രന്ഥത്തിലുള്ള ആശയങ്ങളെയോ പ്രവർത്തികളെയോ വിമർശിക്കാൻ തന്റേടമുണ്ടോ? ഹൈന്ദവ ഐക്യത്തെ തകർക്കുന്നതിനു വേണ്ടി ബോധപൂർവമായി നടത്തുന്ന ഇത്തരം ജല്പനങ്ങളെ ഹിന്ദുക്കളായ സനാതന ധർമ വിശ്വാസികൾ അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയണമെന്നും, സനാതനമെന്നാൽ എന്നും നിലനിൽക്കുന്നത് എന്നാണ്, അത് വർദ്ധിത വീര്യത്തോടെ നിലനിൽക്കുക തന്നെ ചെയ്യും.

അതുപോലെ ക്ഷേത്രങ്ങളിൽ മേൽമുണ്ട് ധരിച്ചോ, ഷർട്ടു ധരിച്ചുകൊണ്ടോ സൗകര്യമനുസരിച്ച് അതാത് ക്ഷേത്രാചാരങ്ങൾക്ക് കോട്ടം തട്ടാതെ നിലനിർത്തുവാനുള്ള കാര്യങ്ങൾ തന്ത്രിമാരുടെ അഭിപ്രായം ആരാഞ്ഞ് ചെയ്യുവാനും വിശ്വാസികൾക്കറിയാമെന്നും അതിൽ ആരും ആകുലപ്പെടേണ്ടതില്ലെന്നും കെ.എച്ച്.എൻ.എ. ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാൻ ഗോപിനാഥക്കുറുപ്പ് എടുത്തു പറഞ്ഞു.

ഗോപിനാഥക്കുറുപ്പ്

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.