ഇന്ന് പെസഹാ വ്യാഴം. കുരിശുമരണത്തിന് മുൻപ് യേശു തന്‍റെ ശിഷ്യന്മാരുടെ കാലുകൾ കഴുകിയതിന്‍റെയും അവർക്കൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്‍റെയും ഓർമ പുതുക്കുന്ന ദിവസമാണ് ഇന്ന്. പെസഹാ ദിനത്തിന്‍റെ ഭാഗമായി ക്രൈസ്തവ ദേവാലയങ്ങളിൽ ഇന്ന് കാൽകഴുകൽ ശുശ്രൂഷയും പ്രത്യേക പ്രാർഥനാ ചടങ്ങുകളും ഉണ്ടാകും.
സിറോ മലബാർ സഭാ തലവനും മേജർ ആർച്ചു ബിഷപ്പുമായ റാഫേൽ തട്ടിൽ ഇരിങ്ങാലക്കുട താഴേക്കാട് സെന്‍റ് സെബാസ്റ്റ്യൻസ് മേജർ ആർക്കി എപ്പിസ്കോപ്പൽ പളളിയിൽ രാവിലെ 6.30ന് കാൽകഴുകൽ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ലത്തീൻ സഭാ വരാപ്പുഴ അതിരൂപതാ ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ വൈകിട്ട് 5 മണിക്ക് എറണാകുളം സെന്‍റ് ഫ്രാൻസീസ് അസീസി കത്തീഡ്രലിൽ കാൽ കഴുകൽ ചടങ്ങ് നടത്തും. ഓർത്തഡോക്സ്-യാക്കോബായ പള്ളികളിൽ ഉച്ചയ്ക്ക് ശേഷമാണ് പ്രത്യേക പ്രാർത്ഥനാ ചടങ്ങുകൾ. തിരുവനന്തപുരം സെന്റ് മേരീസ് കത്തീഡ്രലില്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ നേതൃത്വം നൽകും. പാളയം സെന്‍റ് ജോസഫ് കത്തീഡ്രലിൽ ആർച്ച് ബിഷപ് തോമസ് ജെ.നെറ്റൊ മുഖ്യ കർമികത്വം വഹിക്കും.