കോഴിക്കോട്: വഖഫ് ഭേദഗതി ബില്ലിലെ ചര്‍ച്ചയില്‍ കോണ്‍ഗ്രസ് എംപിമാരായ പ്രിയങ്കഗാന്ധിയെയും രാഹുല്‍ഗാന്ധിയെയും വിമര്‍ശിച്ച് സമസ്ത മുഖപത്രം. വഖഫ് ചര്‍ച്ചയില്‍ ലോക്സഭയില്‍ വയനാട് എംപി പ്രിയങ്ക എത്താതിരുന്നത് കളങ്കമായെന്ന് 'സുപ്രഭാത'ത്തിലെ എഡിറ്റോറിയലില്‍ ചൂണ്ടിക്കാട്ടുന്നു. ഇനി നിയമപോരാട്ടത്തിന്റെ കാലമെന്ന തലക്കെട്ടോടെയുള്ള മുഖപ്രസംഗത്തിലാണ് ഇരു നേതാക്കള്‍ക്കുമെതിരെ സമസ്തയുടെ വിമര്‍ശനം.
മുസ്ലിങ്ങളുടെ ഭരണഘടനാ അവകാശങ്ങളില്‍ ബുള്‍ഡോസര്‍ ചെയ്യുമ്പോള്‍ പ്രിയങ്ക എവിടെ ആയിരുന്നുവെന്ന ചോദ്യം എക്കാലവും മായാതെ നില്‍ക്കുമെന്നും സുപ്രഭാതത്തില്‍ പറഞ്ഞു. രാജ്യത്തിന്റെ ഐക്യം തകര്‍ക്കുന്ന ബില്ലില്‍ പ്രതിപക്ഷ നേതാവ് എന്തുകൊണ്ട് സംസാരിച്ചില്ലെന്ന ചോദ്യവും ഉയര്‍ന്നുതന്നെ നില്‍ക്കുമെന്നും രാഹുല്‍ ഗാന്ധിക്കെതിരെ സുപ്രഭാതം പറയുന്നു.
'ലോക്സഭയില്‍ രാജ്യം ഏറെ പ്രതീക്ഷയോടെ നോക്കുന്ന വയനാട് എം പി പ്രിയങ്ക ഗാന്ധി വിപ്പ് ലംഘിച്ച് പാര്‍ലമെന്റില്‍ എത്തിയില്ലെന്നത് കളങ്കമായി. മുസ്ലിങ്ങളുടെ ഭരണഘടനാവകാശങ്ങള്‍ ബിജെപി ബുള്‍ഡോസര്‍ ചെയ്യുമ്പോള്‍ പ്രിയങ്കാ ഗാന്ധി എവിടെയായിരുന്നുവെന്ന ചോദ്യം എക്കാലത്തും മായാതെ നില്ക്കും. രാജ്യത്തിന്റെ ഐക്യം തകര്‍ക്കുന്ന ബില്ലില്‍ പ്രതിപക്ഷ നേതാവ് എന്തുകൊണ്ട് സംസാരിച്ചില്ലെന്ന ചോദ്യവും ഉയര്‍ന്നു തന്നെ നില്ക്കും', - സുപ്രഭാതം പറയുന്നു.