എം ടി യുടെ ആദ്യ ഭാര്യ പ്രമീളാനായർ എഴുതിയ ചെറുകഥകൾ അതിൽ തന്നെ പോൾക്കാ ഡോട്ടുള്ള സാരി ധരിച്ച ഒരു സ്ത്രീയെക്കുറിച്ച് എഴുതിയത്...അതാണ് ഞാൻ ആദ്യം വായിച്ചത്... നല്ലൊരു എഴുത്തുകാരിയായിരുന്നു അവർ. മകൾ സിത്താരയുടെ അമേരിക്കയിലുള്ള വീട്ടിൽ താമസിക്കുമ്പോൾ ആഫ്രിക്കക്കാരനായ ഒരു കള്ളൻ വീട്ടിൽ വന്ന് ബെല്ലടിച്ചതും അവർ വാതിൽ തുറന്നതും വീട്ടിൽ കുറേ നേരം ഇരുന്നതും പിന്നീട് അയാൾ മാന്യമായി യാത്ര പറഞ്ഞു പോയതും കള്ളനാണെന്ന് അറിഞ്ഞ് അന്തംവിട്ടു പോയതും അതീവ ചാരുതയോടെ അവർ എഴുതീരുന്നത് ഞാൻ വായിച്ചിട്ടുണ്ട്. സിത്താരക്ക് കുഞ്ഞുണ്ടാകുന്ന സമയത്ത്, ലേബർ റൂമിലുണ്ടായിരുന്ന സിത്താരയുടെ ഭർത്താവ് സഞ്ജയ് കണ്ണുകളടച്ചു പിടിച്ചുവെന്നത് അവർ എഴുതീരുന്നു. അവരുടെ സഹോദരൻറെ ഭാര്യ അമേരിക്കക്കാരിയാണെന്നും അവരെ സഹോദരൻ മലയാളത്തിൽ വഴക്ക് പറയുമെന്നും അങ്ങനെ പൊട്ടിച്ചിരിപ്പിക്കുന്ന ഒരു കുറിപ്പ് അവർ എഴുതിയതും ഞാൻ ഓർക്കുന്നുണ്ട്. പറയാതിരിക്കാൻ കഴിയില്ല, പ്രമീളാനായർ വളരേ ഭംഗിയായി, മനോഹരമായി എഴുതീരുന്നു... അവരെ നേരിട്ടു കാണണമെന്ന് എനിക്ക് അപ്പോഴൊക്കെ മോഹം തോന്നിയിരുന്നു....
പിന്നീട് വളരേക്കാലത്തിനു ശേഷം അജിതേച്ചിയും ദീദിയുമൊക്കെ പ്രമീളാനായരെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. അവർ ഒരു തപ്തസ്മരണയായി മനസ്സിലുണ്ട്.
എം ടിയെ നാലാം ക്ളാസിൽ പഠിക്കുമ്പോഴാണ് ഞാൻ ആദ്യം വായിക്കുന്നത്. എൻറെ ഓർമ്മ ശരിയാണെങ്കിൽ എം ടി എഴുതിയത് ഏകദേശം എല്ലാം തന്നെ ഞാൻ വായിച്ചു കാണും. 'ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച'യാണ് എം ടി യുടെ രചനകളിൽ എന്നെ എന്നും മഥിച്ചിട്ടുള്ളത്. പറഞ്ഞറിയിക്കാൻ വയ്യാത്ത കൊടിയ നിസ്സഹായത അതു വായിക്കുമ്പോഴെല്ലാം എന്നെ പൊട്ടിക്കരയിച്ചിട്ടുണ്ട്. എൻറെ രോമകൂപങ്ങൾ പോലും കണ്ണീർ വാർക്കുന്നതായി എനിക്ക് തോന്നാറുണ്ടായിരുന്നു.
ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ മകൻ അപ്പുവിന്റെ കല്യാണച്ചടങ്ങിലാണ് ഞാൻ ആദ്യം എം ടി യെ കാണുന്നത്. അന്നും ക്ഷീണിതനായിരുന്നു എം ടി.
പിന്നീട് കണ്ടത് കഴിഞ്ഞ വർഷം തിരൂർ തുഞ്ചൻപറമ്പിൽ വെച്ചാണ്. ഡോ. ശ്രീകുമാർ ഉണ്ടായിരുന്നതുകൊണ്ടാണ് കാണാൻ സാധിച്ചത്. അതീവ ക്ഷീണിതനായിരുന്നു എം ടി അപ്പോൾ. ആരാണെന്ന അർഥത്തിൽ എം ടി എൻറെ മുഖത്തേക്കു നോക്കി. ഞാൻ എച്മുക്കുട്ടിയാണെന്നും തുഞ്ചൻ പറമ്പിലെ സാഹിത്യ ഉൽസവത്തിൽ പങ്കെടുക്കാൻ വന്നതാണെന്നും ഞാൻ പറഞ്ഞു. ഡോ. ശ്രീകുമാർ ആണ് ഞാനും എം ടിയും ഒന്നിച്ചുള്ള ഫോട്ടോ എടുത്തു തന്നത്.
കെ. പി സുധീരച്ചേച്ചി എൻറെ പുസ്തകങ്ങൾ എം ടിക്ക് നല്കിയിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. പക്ഷേ, അതു വായിച്ചിട്ടൊന്നുമുണ്ടാവില്ലെന്ന് എനിക്ക് അറിയാമായിരുന്നു. അതുകൊണ്ട് 'എച്മുക്കുട്ടി' എന്ന് ഒരു ആത്മവിശ്വാസവുമില്ലാതെയാണ് ഞാൻ പേര് പറഞ്ഞത്.
'ഞാൻ പോട്ടേ' എന്ന് പറഞ്ഞ് ഇറങ്ങേ, വളരേ സാവധാനം എം ടി എന്നോട് ഒരു വാചകം പറഞ്ഞു.
'ജീവിതത്തിൽ ഇനി എന്തു സംഭവിച്ചാലും എഴുതാതിരിക്കരുത്.'
ഞാൻ തല കുലുക്കി...മറ്റൊന്നും എനിക്ക് കഴിയുമായിരുന്നില്ല.