ABOUT US

ആരംഭവും വളർച്ചയും :: കേരളാ എക്സ്പ്രസ് മുപ്പതാം വയസ്സിലേക്കു കടക്കുമ്പോൾ (1992–2022)

കേരളാ എക്സ്പ്രസ് മുപ്പതാം വയസ്സിലേക്കു കടന്നിരിക്കുന്നു. സഹോദരസ്നേഹത്തിന്‍റെയും ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെയും ഒരു സംയുക്ത സമ്മേളനമാണ് മാവേലിക്കര സ്വദേശിയായ കേരളാ എക്സ്പ്രസ്സിന്‍റെ മുഖ്യ പത്രാധിപരായ എല്ലാവരും ഈപ്പച്ചായന്‍ എന്നു വിളിക്കുന്ന കെ.എം. ഈപ്പന്‍റെ (കുഞ്ഞുമോന്‍) ജീവിതം. അമേരിക്കയില്‍ അന്യമായിക്കൊണ്ടിരിക്കുന്ന നമ്മുടെ മാതൃഭാഷയ്ക്കുവേണ്ടി എന്തെങ്കിലും ചെയ്യേണ്ടത് ആവശ്യവും അതിലേറെ കടമയുമാണെന്ന് ഈപ്പച്ചായന്‍ ചിന്തിച്ചു. അതോടൊപ്പംതന്നെ നമ്മുടെ സംസ്കാരവും പൈതൃകവും ഈ രാജ്യത്ത് നിലനിര്‍ത്തണം. അതിന് ഒരു മലയാളം പ്രസിദ്ധീകരണമാണ് ഏറ്റവും അനുയോജ്യമെന്ന് ധിഷണാശാലിയായ അദ്ദേഹം മനസ്സിലാക്കി. പ്രത്യേകിച്ച് ചരിത്രമുറങ്ങുന്ന ചിക്കാഗോയില്‍ ഒരു മലയാളം പ്രസിദ്ധീകരണത്തിന്‍റെ അഭാവവും ഈ ചിന്തയ്ക്ക് ആക്കംകൂട്ടി. ആ ചിന്തകള്‍ ഒരു പുതിയ പ്രസിദ്ധീകരണത്തിന് തുടക്കം കുറിക്കുവാന്‍ സഹായിച്ചു. അതായിരുന്നു ‘കേരളാ എക്സ്പ്രസ്’. പേരുപോലെ എക്സ്പ്രസ് വേഗത്തിലായിരുന്നു ഈ പ്രസിദ്ധീകരണത്തിന്‍റെ വളര്‍ച്ച. 1992-ല്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ തുടങ്ങിയ പ്രസിദ്ധീകരണം ഇന്ന് കളര്‍പേജുകളോടുകൂടി വളര്‍ന്നുകൊണ്ടിരിക്കുന്നു.ഈപ്പച്ചായന്‍റെ കുടുംബാംഗങ്ങളെല്ലാം ഈ സംരംഭത്തില്‍ സഹായിക്കുന്നുണ്ട്. സഹധര്‍മ്മിണി ഗ്രേസമ്മ ഈപ്പന്‍, മക്കളായ അനീഷ് ഈപ്പന്‍ (ഓഫീസ് അഡ്മിനിസ്ട്രേഷന്‍), അജിത് ഈപ്പന്‍ (സര്‍ക്കുലേഷന്‍ മാനേജര്‍), ടൈറ്റസ് ഈപ്പന്‍ (മാനേജിംഗ് എഡിറ്റര്‍), ആലീസ് മാത്യു, ആനീസ് ജോസ് എന്നിവര്‍ക്കൊപ്പം മരുമക്കളായ ജോസഫ് മാത്യു (മാനേജിംഗ് എഡിറ്റര്‍), കെ.ഒ. ജോസ് (മാനേജിംഗ് എഡിറ്റര്‍) തുടങ്ങിയവരുടെയെല്ലാം അകമഴിഞ്ഞ സഹകരണം കേരളാ എക്സ്പ്രസ്സിന്‍റെ വളര്‍ച്ചക്കു പിന്നിലുണ്ട്.കുടുംബ സഹകരണവും, അര്‍പ്പണ മനോഭാവവും സര്‍വ്വോപരി സര്‍വശക്തന്‍റെ കാരുണ്യവുമാണ് ഈ പ്രസിദ്ധീകരണത്തിന്‍റെ വിജയ രഹസ്യവും തന്‍റെ ജീവിതരഹസ്യവുമെന്ന് കെ.എം. ഈപ്പന്‍ വിശ്വസിക്കുന്നു.

സാമൂഹിക സാമുദായിക സാംസ്കാരിക സംഘടനാരംഗത്ത് കഴിവു തെളിയിച്ചിട്ടുള്ള ജോസ് കണിയാലി 2000-ല്‍ ‘കേരളാ എക്സ്പ്രസ്സിന്‍റെ’ എക്സിക്യൂട്ടീവ് എഡിറ്ററായി പ്രവര്‍ത്തനം തുടങ്ങി. ‘കേരളാ എക്സ്പ്രസ്സിലെ’ ജോസിന്‍റെ പ്രവേശനം ഈ പ്രസിദ്ധീകരണത്തിന് ഒരു വഴിത്തിരിവായി മാറുകയായിരുന്നു. ‘കേരളാ എക്സ്പ്രസ്സിന്‍റെ’ കെട്ടിലും മട്ടിലും മാറ്റങ്ങള്‍ വരുത്തി. വരിക്കാരുടെ എണ്ണത്തിലും ഗണ്യമായ വര്‍ദ്ധനവുണ്ടായി. വിദ്യാര്‍ത്ഥി സംഘടനാ പ്രസ്ഥാനങ്ങളില്‍ തുടക്കമിട്ട് പ്രവര്‍ത്തിച്ച മേഖലകളിലെല്ലാം, തികഞ്ഞ വിജയം കൈവരിച്ച, മികച്ച സംഘാടകന്‍ കൂടിയായ ഏറ്റുമാനൂര്‍ സ്വദേശി ജോസ് കണിയാലി ‘കേരളാ എക്സ്പ്രസ്സിന്’ ഇന്ന് സൃഷ്ടിപരമായ നേതൃത്വം നല്‍കി വരുന്നു. ഭാര്യ: ലൂസി. മക്കള്‍: വീണ, നീതു, ഡാനി. മരുമകന്‍: ഡോ. സൈലസ് ജോസഫ് ഇടിയാലില്‍.

കോട്ടയത്ത് സി.എം.എസ് കോളജ് ജംഗ്ഷനിലാണ് ‘കേരളാ എക്സ്പ്രസ്സി’ന്‍റെ കേരളത്തിലെ ഓഫീസ് സ്ഥിതിചെയ്യുന്നത്. വിദ്യാര്‍ത്ഥിമിത്രത്തിന്‍റെ സ്ഥാപകനായ ജോണ്‍സാറിന്‍റെ കൊച്ചുമകന്‍ മാണി സാമുവല്‍ (ഷാജി) ആണ് തുടക്കം മുതല്‍ കോട്ടയം ഓഫീസിന്‍റെ കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍. വിദ്യാര്‍ത്ഥി ബുക്സ് ആന്‍ഡ് ലാബ് എയ്ഡ്സ് സ്ഥാപനത്തിന്‍റെ ഉടമ കൂടിയാണ് ഇദ്ദേഹം. ഉന്നത വിദ്യാഭ്യാസത്തിനുശേഷം ദീപികയിലൂടെ പത്രപ്രവര്‍ത്തനരംഗത്തെത്തുകയും തുടര്‍ന്ന് കുട്ടികളുടെ ദീപികയുടെ എഡിറ്ററും പിന്നീട് സഖി വാരികയുടെ ചീഫ് എഡിറ്ററുമായ തോമസ് വടക്കേല്‍ ചീഫ് ന്യൂസ് എഡിറ്ററായുള്ള എഡിറ്റോറിയല്‍ ബോര്‍ഡും തുടക്കം മുതല്‍ കോട്ടയത്ത് സേവനമനുഷ്ഠിച്ചു വരികയാണ്.

2022 ജനുവരിയില്‍ മുപ്പതാം വയസ്സിലേക്ക് കേരളാ എക്സ്പ്രസ് കടന്നു. കഴിഞ്ഞ 29 വര്‍ഷങ്ങള്‍ക്കിടയില്‍ അമേരിക്കന്‍ മലയാളികളുടെ പ്രിയപ്പെട്ട പത്രമായി വളരാന്‍ കേരളാ എക്സ്പ്രസിനായി. കേരളത്തിലെയും ഭാരതത്തിലെയും പ്രധാന വാര്‍ത്തകള്‍ അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ എത്തിക്കുന്നതോടൊപ്പം, അമേരിക്കന്‍ മലയാളികളുടെ വാര്‍ത്തകള്‍ക്കും സാഹിത്യസൃഷ്ടികള്‍ക്കും വേണ്ടി പ്രവാസിതാളുകള്‍ എന്ന പേരില്‍ ഏറെ പേജുകള്‍ ഓരോ ലക്കത്തിലും മാറ്റിവെക്കുന്നുണ്ട്. അടുത്ത നാളില്‍ അന്തരിച്ച പ്രശസ്ത പത്രപ്രവര്‍ത്തകന്‍ കെ.എം. റോയിയുടെ അവലോകനങ്ങള്‍ വായനക്കാര്‍ക്ക് ഏറെ പ്രിയങ്കരമാവുകയും ചെയ്തു.

മലയാളഭാഷയില്‍ ലോകത്തിലാദ്യം ഇന്‍റര്‍നെറ്റില്‍ പ്രവര്‍ത്തനമാരംഭിച്ച പത്രം കേരളാ എക്സ്പ്രസാണ്. 1996-ല്‍ ഇന്‍റര്‍നെറ്റിന്‍റെ പ്രസക്തി മനസ്സിലാക്കി പ്രധാന വാര്‍ത്തകള്‍ ഇന്‍റര്‍നെറ്റില്‍ മലയാളഭാഷയില്‍ പ്രസിദ്ധീകരണമാരംഭിച്ചു. കേരളത്തിലെ പ്രമുഖ ഭാഷാപത്രങ്ങള്‍പോലും ഇതിനുശേഷമാണ് ഇന്‍റര്‍നെറ്റ് സംവിധാനത്തിലേക്ക് കാലെടുത്തുവെച്ചത്. ഇതു സംബന്ധിച്ച് ഹിന്ദു ദിനപ്പത്രത്തില്‍, വളരെ പ്രാധാന്യത്തോടെ ഒന്നാംപേജില്‍ ദീര്‍ഘവും ശ്രദ്ധേയവുമായ ഒരു വാര്‍ത്തയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കേരളാ എക്സ്പ്രസ് വീക്ക്ലി ന്യൂസ്പേപ്പറാണ്. എല്ലാ ചൊവ്വാഴ്ചയും ചിക്കാഗോയില്‍നിന്നും പ്രസിദ്ധീകരിച്ചുവരുന്നു. അമേരിക്കന്‍ പോസ്റ്റല്‍ സര്‍വീസിന്‍റെ സഹായത്തോടെ തപാല്‍മാര്‍ഗ്ഗം വരിക്കാര്‍ക്ക് എത്തിച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. കൂടാതെ ആവശ്യക്കാര്‍ക്ക് ഇ-മെയില്‍, വാട്ട്സ്ആപ്പ് സംവിധാനങ്ങളിലൂടെ പത്രത്തിന്‍റെ പി.ഡി.എഫ്. കോപ്പികള്‍ അയച്ചുകൊടുക്കുവാനുള്ള സംവിധാനവും ഇന്ന് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വൈവാഹികപംക്തികള്‍ പത്രത്തില്‍ ചേര്‍ക്കുന്നതുകൂടാതെ ഇന്‍റര്‍നെറ്റിലും പ്രസിദ്ധീകരിക്കുന്നു. ഈ പംക്തിയിലൂടെ അനേകം നല്ല വിവാഹങ്ങള്‍ നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. മലയാളികള്‍ക്കുവേണ്ടിയുള്ള ആദ്യത്തെ ഇന്‍റര്‍നെറ്റ് വൈവാഹിക പംക്തിയും കേരളാ എക്സ്പ്രസിന്‍റെ തന്നെ. അമേരിക്കയില്‍ ഒരു കൊച്ചുകേരളം കെട്ടിപ്പടുക്കുന്നതില്‍ കേരളാ എക്സ്പ്രസിന്‍റെ പ്രവര്‍ത്തനങ്ങള്‍ അങ്ങേയറ്റം വിജയം കൈവരിച്ചിരിക്കുന്നു. ഇംഗ്ലീഷിന്‍റെ നാട്ടില്‍ മലയാളഭാഷയെ പരിപോഷിപ്പിക്കുന്ന കേരളാ എക്സ്പ്രസ് എക്കാലവും അമേരിക്കന്‍ മലയാളികള്‍ക്ക് ഒരു മുതല്‍ക്കൂട്ടായി നിലകൊള്ളും. അത് പത്ര മാനേജ്മെന്‍റിന്‍റെയും ജീവനക്കാരുടെയും ഒത്തൊരുമയുടെ ഫലംകൊണ്ടും കഠിനാദ്ധ്വാനംകൊണ്ടും കൂടിയാണ്. കേരളാ എക്സ്പ്രസിന് കഴിഞ്ഞ മുപ്പത് വര്‍ഷക്കാലം താങ്ങും തണലുമായി നിലകൊള്ളുന്ന അമേരിക്കന്‍ മലയാളികള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും, പരസ്യദാതാക്കള്‍ക്കും, എഴുത്തുകാര്‍ക്കും കൃതജ്ഞതയുടെ പൂച്ചെണ്ടുകള്‍.

  • K.M.Eapen

    (Chief Editor)
  • Jose Kaniyaly

    (Executive Editor)
  • Mani Samuel

    (Co-ordinating Editor)
  • Thomas Vadakel

    (Chief News Editor)