മണിക്കൂറുകള്‍ക്കിടെ സംസ്ഥാനത്ത് അരങ്ങേറിയത് രണ്ടു രാഷ്ട്രീയ കൊലപാതകങ്ങള്‍

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

19 December 2021

മണിക്കൂറുകള്‍ക്കിടെ സംസ്ഥാനത്ത് അരങ്ങേറിയത് രണ്ടു രാഷ്ട്രീയ കൊലപാതകങ്ങള്‍

ആലപ്പുഴ: മണിക്കൂറുകള്‍ക്കിടെ സംസ്ഥാനത്ത് അരങ്ങേറിയത് രണ്ടു രാഷ്ട്രീയ കൊലപാതകങ്ങള്‍. ആലപ്പുഴ മണ്ണഞ്ചേരിയില്‍ എസ്.ഡി.പി.ഐ നേതാവ് കെ.എസ് ഷാനെ അഞ്ചംഗ സംഘം ചേര്‍ന്ന് വെട്ടികൊലപ്പെടുത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് ജില്ലയില്‍ നിന്ന് വീണ്ടും രാഷ്ട്രീയകൊലപാതക വാര്‍ത്ത പുറത്തുവന്നത്. ബി.ജെ.പി നേതാവ് രഞ്ജിത്ത് ശ്രീനിവാസ് ആണ് ഇന്ന് പുലര്‍ച്ചെ കൊല്ലപ്പെട്ടത്.

12 മണിക്കൂറുകളുടെ വ്യത്യാസത്തില്‍ പതിനഞ്ച് കിലോമീറ്റര്‍ ദൂരപരിധിയിലാണ് രണ്ടു കൊലപാതകങ്ങളും നടന്നത്. കൊല്ലപ്പെട്ടതില്‍ രണ്ടുപേരും അതാതു സംഘടനകളുടെ സംസ്ഥാനതല ഭാരവാഹികളായിരുന്നു. കൊലപാതകങ്ങളെ തുടര്‍ന്ന് ആലപ്പുഴയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. ജില്ലയില്‍ ഇന്നും നാളെയുമാണ് കലക്ടര്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്.

ശനിയാഴ്ച രാത്രി ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന എസ്.ഡി.പി.ഐ നേതാവ് കെ.എസ് ഷാനെ ഇടിച്ചു വീഴ്ത്തിയ അക്രമികള്‍ ശേഷം വെട്ടി കൊലപ്പെടുത്തുകയായിരുന്നു. പുറത്തുവന്ന സി.സി.ടി.വി ദൃശ്യങ്ങള്‍പ്രകാരം അഞ്ചംഗ സംഘമാണ് കെ.എസ് ഷാനെ വെട്ടികൊലപ്പെടുത്തിയത്. എസ്.ഡി.പി.ഐയുടെ സംസ്ഥാന സെക്രട്ടറിയാണ് കെ.എസ് ഷാന്‍. കൊലപാതകത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് സംഭവം നടന്നതിന് പിന്നാലെ എസ്.ഡി.പി.ഐ ആരോപിച്ചിരുന്നു.

ഇന്ന് പുലര്‍ച്ചെയാണ് ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായ രഞ്ജിത്ത് ശ്രീനിവാസ് കൊല്ലപ്പെട്ടത്. വീട്ടില്‍ കയറിയാണ് ഇദ്ദേഹത്തെ കൊലപ്പെടുത്തിയിരിക്കുന്നത്. ആലപ്പുഴ വെള്ളക്കിണറിലായിരന്നു സംഭവം. ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എട്ടംഗ സംഘമാണ് രഞ്ജിത്തിന്റെ കൊലപാതത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരങ്ങള്‍. സംഭവത്തിന് എസ്.ഡി.പി.ഐ നേതാവിന്റെ കൊലപാതകവുമായി ബന്ധമുണ്ടോ എന്ന കാര്യം പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.