തിരുവനന്തപുരം: ഭരണഘടനയെ തള്ളിപ്പറഞ്ഞു കൊണ്ട് സജി ചെറിയാൻ നടത്തിയ വിവാദ പ്രസംഗത്തിൽ അദ്ദേഹത്തിനെതിരെ കേസെടുക്കാൻ കോടതി നിർദേശിച്ചു. തിരുവല്ല ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് എംഎൽഎക്കെതിരെ കേസെടുക്കാൻ പൊലീസിന് നിർദേശം നൽകിയത്. കൊച്ചി സ്വദേശിയായ അഭിഭാഷകൻ ബൈജു നോയൽ നൽകിയ പരാതിയിലാണ് കോടതിയുടെ നടപടി. വെള്ളിയാഴ്ച കേസ് പരിഗണിക്കുമെന്നായിരുന്നു നേരത്തെയുള്ള നിർദേശമെങ്കിലും ഇന്ന് കേസെടുക്കാൻ കോടതി ആവശ്യപ്പെടുകയായിരുന്നു.
വിവാദ പ്രസ്താവന ഇത്രയേറെ വിവാദം സൃഷ്ടിച്ചിട്ടും മന്ത്രിക്കെതിരെ പൊലീസ് കേസെടുക്കാതത്തത് വലിയ വിമർശനത്തിന് കാരണമായിരുന്നു. ഇക്കാര്യത്തിൽ ഉന്നതതലത്തിൽനിന്നുള്ള നിർദേശത്തിന് പൊലീസ് കാത്തുനിൽക്കുകയായിരുന്നുവെന്നായിരുന്നു സൂചന. വിഷയം എങ്ങനെ കൈകാര്യം ചെയ്യണം എന്നതിൽ സർക്കാരിലും സിപിഎമ്മിലുമുള്ള ആശയക്കുഴപ്പത്തിന് തെളിവായും കേസെടുക്കുന്നതിലുള്ള കാലതാമസത്തെ പ്രതിപക്ഷം ഉയർത്തി കാട്ടിയിരുന്നു. സജി ചെറിയാനെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പ്രതിപക്ഷ പാർട്ടികൾ പരാതി നൽകിയെങ്കിലും ഇതുവരെ എവിടെയും കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.