സഹനത്തിന്റെ തീവ്രത അതിജീവനത്തിന്റെ അന്ത:സത്ത (രഘുനാഥൻ പറളി)

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements


13 September 2022

സഹനത്തിന്റെ തീവ്രത അതിജീവനത്തിന്റെ അന്ത:സത്ത (രഘുനാഥൻ പറളി)

രഘുനാഥൻ പറളി

മലയാള സിനിമാ രംഗത്ത് വ്യത്യസ്തമായ അഭിപ്രായങ്ങളും നിലപാടുകളും കൊണ്ട് നേരത്തേ തന്നെ ശ്രദ്ധേയനായിട്ടുളള സംവിധായകനാണ് വിനയന്‍. അതിന്റെ ഭാഗമയി സിനിമാ മേഖലയിലെ ചില തമസ്കരണങ്ങളും വിലക്കുകളും ഈ സംവിധായകന്‍ അഭിമുഖീകരിച്ചതും ഓര്‍ക്കുന്നു. ഏതായാലും തന്നിലെ സംവിധായക സ്വത്വത്തിന്റെ ഒരു പൂര്‍ണ്ണാവിഷ്കരണം വിനയന്‍ അദ്ദേഹത്തിന്റെ പുതിയ ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ടിലൂടെ അതിശയകരമായി സാധിക്കുന്നുണ്ട്. നമ്മുടെ സിനിമയില്‍ -പ്രത്യേകിച്ച് ചരിത്ര‍ അഥവാ പിരീഡ് സിനിമയില്‍- അദ്ദേഹത്തിന്റെ പുതിയ ചിത്രം മരണമില്ലാത്ത ഒരു മുദ്ര ചാര്‍ത്തുക തന്നെയാണ്.
പത്തൊമ്പതാം നൂറ്റാണ്ടില്‍, കൃത്യമായി പറഞ്ഞാല്‍ എഡി 1825 മുതല്‍ എഡി 1874 വരെ ആലപ്പുഴ ജില്ലയില്‍ ജീവിച്ചിരുന്ന ആറാട്ടുപുഴ വേലായുധപണിക്കര്‍ അഥവാ കല്ലിശ്ശേരി വേലായുധ ചേകവര്‍ എന്ന അധികമാര്‍ക്കും പരിചിതമല്ലാത്ത ഒരു സാമൂഹികപരിഷ്കര്‍ത്താവിന്റെ-നവോത്ഥാന പോരാളിയുടെ, ജ്വലിക്കുന്ന ധീരജീവിതം സിനിമയുടെ അണയാത്ത അഗ്നിയായി നിലനില്‍ക്കുന്നു. ആ ജീവിതവും അനീതികള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെയുള്ള സജീവ പോരാട്ടങ്ങളുമാണ് ചിത്രത്തിന്റെ കാതല്‍. അവര്‍ണരുടെ പക്ഷത്തുനിന്നും അല്ലെങ്കില്‍ അവരുടെ വീക്ഷണകോണില്‍ നിന്നുകൊണ്ട് നടത്തുന്ന ചരിത്ര വായന മാത്രമല്ല ചരിത്രമെഴുത്ത് കൂടിയായിത്തിരുന്നുണ്ടേ് ഈ സിനിമ എന്ന് അതിശയോക്തിയില്ലാതെ പറയേണ്ടി വരും. മീശക്കരം, തലക്കരം, മുലക്കരം തുടങ്ങി പറഞ്ഞാലൊടുങ്ങാത്ത അനീതികളാണ് പത്തൊമ്പതാം നൂറ്റാണ്ടിലും തിരുവിതാംകൂറിലെ അധസ്ഥിത വർഗക്കാർ അനുഭവിച്ചു പോന്നിരുന്നത്. 1812 ല്‍ അതെല്ലാം പിന്‍വലിക്കുന്ന നിയമം വന്നിട്ടും നാട്ടുപ്രമാർണിമാരും ദിവാന്‍ പേഷ്കാരരുമാരും ആയത് അനുവദിച്ചു കൊടുത്തില്ലെന്നത് തിരുവിതാംകൂര്‍ ചരിത്രത്തിലെ വലിയ ഒരു ചരിത്ര പ്രതിസന്ധികൂടിയാകുന്നത്, ഈ ചിത്രം സൂക്ഷ്മമായി വരച്ചിടുന്നു.
മുലക്കരത്തിന്റെയും മാര്‍ക്കച്ചയുടെയും പേരില്‍ ഈഴവ സമുദായം മുതല്‍ താഴോട്ടുളളവര്‍ അനുഭവിക്കുന്ന അധസ്ഥിതാവസ്ഥയുടെ അമ്പരപ്പിക്കുന്ന കാഠിന്യം ഈ ചിത്രം നിര്‍ദ്ദയം വിളിച്ചു പറയുന്നുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിൽ മുലക്കരത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുകയും യുവതികളെ സംഘടിപ്പിക്കുകയും ചെയ്ത നങ്ങേലിയുടെ അനശ്വര ചിത്രം കൂടിയാണ് ഈ വിനയന്‍ സിനിമ. മുലക്കരം പിരിക്കാനും മാർക്കച്ച അഴിക്കാനും വന്ന പ്രഭുക്കന്മാർക്ക് മുന്നിൽ സ്വന്തം മുലകൾ അരിഞ്ഞു ആത്മ ഹനനം നടത്തുന്ന നങ്ങേലിയുടെ കഥ ഏത് സ്വാതന്ത്ര്യസമര കഥയ്ക്കും ഒപ്പമോ മുകളിലോ നില്‍ക്കുന്നതാണ്. ആലപ്പുഴയില്‍, ആറാട്ടുപുഴ ഗ്രാമത്തിലെ ഗോവിന്ദപ്പണിക്കർ എന്ന ജ്യോതിഷികൂടിയായ കളരിപ്പയറ്റു വിദഗ്ദന്റെ മകനത്രേ ആറാട്ടുപുഴ വേലായുധ ചേകവൻ. ചെറുപ്പം മുതൽ തന്റെയും മറ്റു താഴ്ന്ന ജാതിയിലുമുള്ളവരുടെയും സമുദായങ്ങള്‍ അകപ്പെട്ട തൊട്ടുകൂടായ്‌മയുടെയും അനീതിയുടെയും ലോകത്തിന് സാക്ഷിയായ വേലായുധൻ നിരന്തരം അതിനെതിരെ പ്രതികരിച്ചുകൊണ്ടിരുന്നു എന്നതാണ് ഈ ചിത്രം ബോധ്യപ്പെടുത്തുന്നത്. പോരാളിയും സമ്പന്നനുമായതുകൊണ്ട് പ്രഭുക്കന്‍മാരുടെ പിടിയില്‍ എളുപ്പം ഒതുങ്ങാത്ത ഒരു നായകനായി വേലായുധന്‍ വളരുന്നത് , ആ ചരിത്ര സന്ധിയിലെ ഒരു അവതാരം എന്നതു പോലെയാണ്. സിജു വില്‍സണ്‍ എന്ന നടന്‍ വേലായുധ ചേകവരായി ഏകീഭവിച്ച ഒരു അനുഭവമാണ് സൃഷ്ടിക്കപ്പെടുന്നത്. സിജു എന്ന നടന്റെ ഭാവി ജീവിതം ഈ ചിത്രം ഏറെ ഭദ്രമാക്കുമെന്ന് ഉറപ്പാണ്. ഒരു യോദ്ധാവിന്റെ ശരീരവും ആയോധനകലകളിൽ പാടവവുമുള്ള യുവതിയായി- ഒരു ചീറ്റപ്പുലിപോലുളള നങ്ങേലി കഥാപാത്രത്തെ വീര്യം ഒട്ടും ചോരാതെ അവതരിപ്പിക്കുന്നത് കയാദു ലോഹര്‍ എന്ന കന്നഡ താരമാണ്. അതുപോലെ ചെമ്പൻ വിനോദിന്റെ കായംകുളം കൊച്ചുണ്ണി മറക്കാനാകാത്ത മറ്റൊരു കഥാപാത്രമാണ്. തിരുവിതാംകൂർ മഹാരാജാവായി അനൂപ് മേനോനും മികച്ച സാന്നിധ്യമാകുന്നു. സുരേഷ് കൃഷ്ണയുടെ പരമേശ്വര കൈമൾ, മണികണ്ഠൻ ആചാരിയുടെ ബാവ, പൂനം ബജ്‌വയുടെ മഹാറാണി, അലന്സിയറിന്റെ രാമൻ തമ്പി, സുദേവ് നായരുടെ പടവീടൻ നമ്പി, ദീപ്തി സതിയുടെ സാവിത്രി, രേണു സുന്ദർ അവതരിപ്പിച്ച നീലി, ഇന്ദ്രൻസിന്റെ കേളു, സുധീർ കരമനയുടെ പടത്തലവൻ തുടങ്ങിയവരെല്ലാം വിസ്മരിക്കാനാകാത്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഷാജി കുമാറിന്റെ ഫോട്ടോഗ്രഫി ഈ ചിത്രത്തിന്റെ ഗാംഭീര്യം അക്ഷരാര്‍ഥത്തില്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അതുപോലെ അജയൻ ചാലിശേരിയുടെ കലാ സംവിധാനവും അന്യൂനമാണ്. പത്തൊൻപതാം നൂറ്റാണ്ടിലെ തിരുവിതാംകൂറിന്റെ പശ്ചാത്തലം മികവാര്‍ന്ന രീതിയില്‍ ചിത്രത്തില്‍ പുനരാവിഷ്കരിക്കപ്പെട്ടിരിക്കുന്നു. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലന്‍ നിർമിച്ച ഈ ചിത്രം, ചുരുക്കത്തിൽ വിനയന്റെ നിത്യസാന്നിധ്യം നമ്മുടെ സിനിമയില്‍ ഒരു മധുരപ്രതികാരം പോലെ ഉറപ്പാക്കുന്നതു കൂടിയാണ്.

രഘുനാഥൻ പറളി