
നവകേരള സദസില്‍ പരാതി പ്രളയം; ആദ്യ ദിവസം എത്തിയത് 2000 ഓളം പരാതികള്‍
സംസ്ഥാന സർക്കാരിന്റെ നവകേരള സദസില്‍ പരാതി പ്രവാഹമാണ്. ആദ്യ ദിവസം തന്നെ 2000 ഓളം പരാതികളാണ് നവകേരള സദസ് പരാതി കൗണ്ടറില്‍ എത്തിയത്. പൊള്ളുന്ന ജീവിത പ്രശ്നങ്ങള്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അറിയിച്ച് പ്രശ്ന പരിഹാരം തേടാന്‍ നിരവധി പേരാണ് നവകേരള സദസിലെത്തുന്നത്. ചികിത്സ ധനസഹായം മുതൽ ക്ഷേമ പെൻഷൻ വരെയുള്ള ആവശ്യങ്ങൾക്കായാണ് പലരും എത്തിയത്. ഇന്ന് കാസർകോട് മണ്ഡലത്തിലെ നവകേരളാ സദസിൽ മാത്രം ആയിരത്തോളം പരാതികളാണ് കിട്ടിയത്. ഒന്നര മാസത്തിനുള്ളില്‍ പരാതികള്‍ക്ക് പരിഹാരം കാണുമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം.
അനുഭവിക്കുന്ന പല ദുരിതങ്ങൾക്കും പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് പലരുമെത്തിയത്. ക്ഷേമ പെൻഷൻ മുടങ്ങി ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ പാട് പെടുന്നവര്‍, സ്വന്തമായൊരു വീട് സ്വപ്നം കാണുന്നവർ, ലോൺ തിരിച്ചടവ് മുടങ്ങി ജപ്തി ഭീഷണിയിൽ കുടുങ്ങിയവർ അങ്ങനെ പ്രതിസന്ധികൾക്കൊക്കെ പരിഹാരം പ്രതീക്ഷിച്ചാണ് നവകേരള സദസിന്റെ പരാതി കൗണ്ടറുകളിലേക്ക് ആളുകളെത്തുന്നത്. കാസർകോടിന്റെ അതിർത്തി ഗ്രാമങ്ങളിലെ സ്കൂളുകളിൽ മലയാളം പഠിക്കാൻ സൗകര്യങ്ങളില്ലെന്ന പരാതിയുമുണ്ട്. എൻഡോസൾഫാൻ പെൻഷൻ മുടങ്ങിയതുൾപ്പെടെയുള്ള പരാതികൾ വേറെയും. പിന്നോക്ക ജില്ലയായ കാസർകോട് റെയിൽവേ വികസനം ഉൾപ്പെടെയുള്ള കാര്യങ്ങളിലും പരാതി നൽകാൻ ആളുകളെത്തി. ഭിന്നശേഷിക്കാരും, പ്രായമായവരും എല്ലാം ഈ കൂട്ടത്തിലുണ്ട്.
നവകേരള സദസിന്റെ വേദിക്ക് സമീപം 7 കൗണ്ടറുകളാണ് പരാതി സ്വീകരിക്കാനായി ഒരുക്കിയിരിക്കുന്നത്. റവന്യൂ ഉദ്യോഗസ്ഥർക്കാണ് കൗണ്ടറുകളുടെ ചുമതല. പരാതികൾ കളക്ടറേറ്റിൽ എത്തിച്ച് ബന്ധപ്പെട്ട വകുപ്പുകളിലേക്ക് ഓൺലൈനായി അപ്‌ലോഡ് ചെയ്യും. ജില്ലാതലത്തിൽ തീരുമാനമെടുക്കേണ്ട പരാതികളിൽ ഒരു മാസത്തിനകം തീർപ്പുണ്ടാകുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. സംസ്ഥാന തലത്തിൽ തീരുമാനമെടുക്കേണ്ട പരാതികളിൽ 45 ദിവസത്തിനകം പരിഹാരമുണ്ടാകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഒരാഴ്ചയ്ക്കകം പരാതിക്കാർക്ക് ഇടക്കാല മറുപടി ലഭിക്കുന്ന തരത്തിലാണ് ക്രമീകരണങ്ങൾ.