NEWS DETAILS

21 November 2023

അയ്യങ്കാളിയുടെ ചിത്രമുള്ള വസ്ത്രം ധരിച്ച് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേള കാണാന്‍ കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘം

ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേള കാണാന്‍ കോട്ടയം കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സിലെ വിദ്യാര്‍ത്ഥികളും ജീവനക്കാരുമടങ്ങുന്ന സംഘമെത്തിയത് ശ്രദ്ധനേടി. അയ്യങ്കാളിയും പെണ്‍കുട്ടിയും ക്യാമറയുമടങ്ങുന്ന ലോഗോയുള്ള ടീഷര്‍ട്ടായിരുന്നു മിക്കവരുടേയും വേഷം. അമ്പതോളം പേരാണ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ചലച്ചിത്രമേളയ്‌ക്കെത്തിയത്. ഉദ്ഘാടന ചിത്രമായ ക്യാച്ചിങ് ഡസ്റ്റും ഇവര്‍ കണ്ടു.

അയ്യങ്കാളിയും അദ്ദേഹത്തിന്റെ കയ്യില്‍പ്പിടിച്ച് നില്‍ക്കുന്ന പെണ്‍കുട്ടിയും ഒരു ക്യാമറയും ചേര്‍ന്ന ലോഗോ ഉള്ള ടീ ഷര്‍ട്ട് ധരിച്ചാണ് എല്ലാവരും മേളയ്‌ക്കെത്തിയത്. ഇരുവരും പിന്തിരിഞ്ഞാണ് നില്‍ക്കുന്നത്. അഗ്‌നിയുടെ പ്രതീകമായി പശ്ചാത്തലത്തില്‍ മഞ്ഞനിറവും കാണാം. അയ്യങ്കാളിക്കൊപ്പമുള്ള പെണ്‍കുട്ടി പഞ്ചമിയാണെന്നും ചിത്രത്തിലെ മഞ്ഞനിറം വിദ്യാലയം കത്തിച്ച സംഭവത്തെ പ്രതിനിധീകരിക്കുന്നതാണെന്നും കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സ് ഡയറക്ടറും നടനുമായ ജിജോയ് രാജഗോപാല്‍ പറഞ്ഞു.

പഞ്ചമിയെ സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍ അതിനെ എതിര്‍ത്ത ഒരു സംഘം ആളുകളുണ്ടായിരുന്നു. അതിനെ എതിര്‍ത്ത് നടത്തിക്കാന്‍ ഒരു സമൂഹമുണ്ടാവുമെന്നും സ്ത്രീ വിദ്യാഭ്യാസം അനിവാര്യമാണെന്നും സൂചിപ്പിക്കുന്ന ലോഗോയാണിതെന്ന് കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സ് ഡയറക്ടറും നടനുമായ ജിജോയ് രാജഗോപാല്‍ വ്യക്തമാക്കി. ഇത്തരം സിനിമകളാണ് നമ്മള്‍ എടുക്കേണ്ടതെന്നാണ് ലോഗോയിലെ ക്യാമറ അര്‍ത്ഥമാക്കുന്നതെന്നും അദ്ദേഹം പരാമര്‍ശിച്ചു.

നിലവിലുള്ള സമൂഹത്തെ മുറിപ്പെടുത്താനല്ല ചരിത്രം പഠിക്കുന്നത്. മുന്നോട്ടുപോകാനാണ് ചരിത്രം പഠിക്കുന്നത്. ഇന്നിന്റെയും നാളെയുടേയും ദിനങ്ങള്‍ കൂടുതല്‍ സുന്ദരമാക്കാനാണ് ചരിത്രത്തില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നത്. പിന്നെ കെ.ആര്‍. നാരായണന്‍ എന്ന വ്യക്തിയേക്കുറിച്ചും അദ്ദേഹം പ്രതിനിധീകരിക്കുന്ന സമൂഹത്തേക്കുറിച്ചും ഇന്ത്യ എന്ന ഭൂപ്രകൃതിയില്‍ ഒരുപാട് പ്രാധാന്യമുണ്ട്. നമ്മുടെ പാഠ്യപദ്ധതിയില്‍ ഇത്തരം പുരോഗമനപരമായ ആശയങ്ങള്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടൊക്കെ കൂടിയാണ് ലോഗോ ചെയ്തത്.

കുറച്ചുകൂടി ലളിതമായി ജിവിതത്തെ സമീപിക്കുന്ന സ്ഥലമാണ് ഗോവ. അതെങ്ങനെയെന്നും നമ്മള്‍ അറിഞ്ഞിരിക്കണം. ചില സമയങ്ങളില്‍ ഒന്നും ചെയ്യാതെ വെറുതെയിരിക്കണമെന്നും പറയാറില്ലേ ജീവിതം ആസ്വദിക്കാനുള്ള സമയവും കണ്ടെത്തണം. ഇവിടെ വന്ന് സിനിമ കാണുന്നത് തന്നെയാണ് മാസ്റ്റര്‍ക്ലാസ് എന്നും ജിജോയ് കൂട്ടിച്ചേര്‍ത്തു.