NEWS DETAILS

19 November 2023

ശുചീകരണ യജ്ഞവുമായി പവിത്രം ശബരിമല പ്രോജക്ട്

മണ്ഡല-മകരവിളക്ക് സമയത്തെ സന്നിധാനത്തെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞദിവസം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് ഉദ്ഘാടനം നിര്‍വഹിച്ച പവിത്രം ശബരിമല പ്രോജക്റ്റിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ദേവസ്വം ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ ഇന്നുമുതല്‍  ആരംഭിച്ചു. മണ്ഡല മകരവിളക്ക് സമയത്തും മാസ പൂജ ദിവസങ്ങളിലും സന്നിധാനത്തെ പരിസര പ്രദേശങ്ങള്‍  വൃത്തിയാക്കി പ്ലാസ്റ്റിക് വിമുക്തമാക്കുകയാണ് ഇതിന്റെ  പ്രധാന ലക്ഷ്യം. ദേവസ്വം ബോര്‍ഡിലെ ദിവസവേതനക്കാര്‍ ഉല്‍പ്പടെയുള്ള എല്ലാ ഉദ്യോഗസ്ഥരും, ക്ഷേത്ര ജീവനക്കാര്‍, വൈദിക സേവന ജീവനക്കാര്‍ എന്നിവര്‍ ഈ ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായി.

ആരോഗ്യസേവനം സുസജ്ജമാക്കി ആരോഗ്യവകുപ്പ്

ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് വിപുലമായ ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കിക്കൊണ്ട് ആരോഗ്യവകുപ്പ്. ചികിത്സാ സേവനങ്ങള്‍  കൂടാതെ പകര്‍ച്ചവ്യാധികളുടെ നിയന്ത്രണത്തിനും പ്രതിരോധത്തിനും പ്രാധാന്യം നല്‍കി പരാതിരഹിതമായാണ് പ്രവര്‍ത്തിക്കുന്നത്.

മണ്ഡല കാലം ആരംഭിച്ച് ഒരു ദിവസത്തിനുള്ളില്‍ 1042 പേര്‍ അലോപ്പതിയില്‍ ചികിത്സ തേടിയപ്പോള്‍ 1317 പേര്‍ ആയുര്‍വേദ ചികിത്സയ്ക്കായി എത്തി. ഇപ്പോള്‍ ബാംഗ്ലൂരില്‍ സ്ഥിര താമസമുള്ള കോട്ടയം സ്വദേശിയായ മുരളി(59)എന്ന ഭക്തന്‍ മരണപ്പെട്ടത് ഒഴികെ അനിഷ്ട സംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.കഴിഞ്ഞ ദിവസം അത്യാഹിത വിഭാഗത്തില്‍ മൂന്ന് പേര്‍ ഉണ്ടായിരുന്നു, ഇവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കിയതിനുശേഷം  തുടര്‍ ചികിത്സയ്ക്കായി    വിട്ടു.24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗവും ഡോക്ടര്‍മാരുടെ സേവനവുമാണ് അധികൃതര്‍ ഭക്തര്‍ക്കായി ഒരുക്കിയിരിക്കുന്നത്.

അയ്യപ്പന്മാര്‍ക്കായി സൗജന്യ ഫിസിയോതെറാപ്പി ക്ലിനിക്

മണ്ഡലകാലത്ത് ശബരിമലയില്‍ എത്തുന്ന അയ്യപ്പന്മാര്‍ക്കായി  ശബരീപീഠത്തിന് സമീപത്തായി സജ്ജീകരിച്ച സൗജന്യ ഫിസിയോതെറാപ്പി ക്ലിനിക്കിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് നിര്‍വഹിച്ചു. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ഫിസിയോതെറാപ്പിസ്റ്റും, പത്തനംതിട്ട റിഹാബിലിറ്റേഷന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സെന്ററും (പി ആര്‍ പി സി ) സംയുക്തമാണ് സൗജന്യ ക്ലിനിക്ക് നടത്തുന്നത്.പി ആര്‍ പി സി പ്രസിഡന്റ്  ഹര്‍ഷകുമാര്‍, ചെയര്‍മാന്‍  കെ പി ഉദയഭാനു,ഗവേണിങ് മെമ്പര്‍ അഡ്വ.എസ്.മനോജ്,ജനറല്‍ സെക്രട്ടറി അഡ്വ.എസ്. ഷാജഹാന്‍,ഐ എ പി സംസ്ഥാന പ്രസിഡന്റ് ഡോക്ടര്‍ ശ്രീജിത്ത് നമ്പൂതിരി, പത്തനംതിട്ട കണ്‍വീനര്‍ ഡോ. നിഷാദ് എസ്,

അഡ്വ.എസ്. ഷാജഹാന്‍,ഡോ.ഹരി,ഡോ.വിശാല്‍ജോണ്‍സണ്‍,ഡോ.ജിം ഗോപാലകൃഷ്ണന്‍, ഡോ.ബൈജു ജയകുമാര്‍,ഡോ.വിനോദ്,വി പി രാജശേഖരന്‍ നായര്‍,നാഗരാജു, എന്നിവര്‍ പങ്കെടുത്തു.

മല കയറിവരുന്ന അയ്യപ്പഭക്തര്‍ക്ക് കൂടുതലായി അനുഭവപ്പെടുന്ന പേശി വേദന, സന്ധി വേദന, പേശി വലിവ് തുടങ്ങിയ വിവിധ ശാരീരിക പ്രശ്‌നങ്ങള്‍ പെട്ടെന്ന് തന്നെ സുഖപ്പെടുത്തുന്ന രീതിയിലുള്ള സൗകര്യങ്ങളാണുള്ളത്.8 മുതല്‍ വൈകുന്നേരം 5 വരെയാണ് ക്ലിനിക് പ്രവര്‍ത്തിക്കുന്നത്.നിലവില്‍ സംസ്ഥാനത്തിന് പുറത്തുള്ളവര്‍ ഉള്‍പ്പെടെ ആറ് ഫിസിയോതെറാപ്പിസ്റ്റുകളാണ് ഇവിടെ ഉള്ളത്.