NEWS DETAILS

21 November 2023

അമേരിക്കയിലെ ചെറുപുഷ്‌പ മിഷൻ ലീഗിന്റെ വാർഷികാഘോഷങ്ങൾ അവിസ്മരണീയമായി

ബാൾട്ടിമോർ: തങ്ങളുടെ സമയവും കഴിവുകളും മറ്റുള്ളവർക്കായി  പങ്കുവെക്കണമെന്നും അവരുടെ ജീവിതത്തിൽ ഓരു തിരി വെളിച്ചമായി മാറുവാൻ സാധിക്കണമെന്നും ചിക്കാഗോ രൂപത അധ്യക്ഷൻ മാർ ജോയി ആലപ്പാട്ട്. ചെറുപുഷ്‌പ മിഷന്‍ ലീഗ് ചിക്കാഗോ രൂപതയുടെ ഒന്നാമത് വാർഷികാഘോഷങ്ങൾ, ബാൾട്ടിമോർ സെന്റ് അൽഫോൻസാ ഇടവക ദേവാലയത്തിൽ ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മിഷൻ ലീഗിലെ കൂട്ടായ പ്രവർത്തനങ്ങളിലൂടെ യേശുക്രിസ്തുവാകുന്ന പ്രകാശത്തെ മറ്റുള്ളവരിലേക്ക് പകർന്നുകൊടുക്കുവാൻ ഏവർക്കും കടമയുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ചെറുപുഷ്‌പ മിഷന്‍ ലീഗ് ചിക്കാഗോ രൂപത പ്രസിഡന്റ് സിജോയ് സിറിയക് പറപ്പള്ളിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. മിഷന്‍ ലീഗ് രൂപതാ ഡയറക്ടർ റവ.ഡോ. ജോർജ് ദാനവേലിൽ,  ജനറൽ സെക്രട്ടറി ടിൻസൺ തോമസ്, ബാൾട്ടിമോർ ഇടവക വികാരി ഫാ. വിൽ‌സൺ ആന്റണി, ബാൾട്ടിമോർ യൂണിറ്റ് പ്രസിഡന്റ് ഏബി ബേസിൽ എന്നിവർ പ്രസംഗിച്ചു.

രാവിലെ നടന്ന സെമിനാറിൽ രൂപതാ ജോയിൻറ് ഡയറക്ടർ സിസ്റ്റർ ആഗ്നസ് മരിയ എം.എസ്.എം.ഐ ക്‌ളാസ്സുകൾ നയിച്ചു. മിഷൻ ലീഗ് ബാൾട്ടിമോർ യുണിറ്റ് ഓർഗനൈസർ ബിനു സെബാസ്റ്റിൻ സ്വാഗതവും യുണിറ്റ് സെക്രട്ടറി കിരൺ ചാവറ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന വിശുദ്ധ കുർബാനയിൽ ചിക്കാഗോ രൂപതാ ബിഷപ്പ് മാർ ജോയ് ആലപ്പാട്ട് മുഖ്യകാർമികത്വം വഹിച്ചു.

ബാൾട്ടിമോർ ഇടവക വികാരി ഫാ. വിൽ‌സൺ ആന്റണി, ബാബു പ്ലാത്തോട്ടത്തിൽ, ജോവി വല്ലമറ്റം, തോമസ് വർഗീസ്, ഷെൽവിൻ ഷാജൻ, സോളി എബ്രാഹം, ബിനു സെബാസ്റ്റിൻ, ജിനിതാ ജോമി എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികൾ പരിപാടികൾക്ക് നേതൃത്വം നൽകി.