ആർഷ അഭിലാഷ്
ഞങ്ങളുടെ നാവായിക്കുളം ഹിന്ദുമതസ്ഥരും മുസ്ലിം മതസ്ഥരും കൂടുതൽ ഉള്ളയിടമാണ്.ക്രിസ്ത്യാനികൾ വളരെ വളരെ കുറവും. അതുകൊണ്ടുതന്നെ മുസ്ലിംമതവിശ്വാസപ്രകാരമുള്ള പലതിലും ഞാൻ പങ്കുകൊണ്ടിട്ടുണ്ട്, ഞാൻ മാത്രമല്ല അന്നാട്ടിലെ സ്‌കൂൾകുട്ടികൾ എല്ലാവരും എന്നാണ് എന്റെയൊരു തോന്നൽ. നോമ്പുകാലങ്ങളും പെരുന്നാൾ മൈലാഞ്ചിയിടലുകളും ഒക്കെ ജീവിതത്തിന്റെ ഭാഗമായിരുന്നു. എപ്പോഴും പെരുന്നാൾ എന്നോർക്കുമ്പോൾ ബിരിയാണിയേക്കാൾ മുൻപ് ഓർമ്മവരുന്നത് ഒറോട്ടിയാണ്. കല്യാണം കഴിഞ്ഞു ചെർപ്പുളശ്ശേരി എത്തിയിട്ടാണ് തീരെ മെലിഞ്ഞു മൃദുവായ അരിപ്പത്തിരി ഞാൻ കഴിച്ചത്, എൻ്റെ നാട്ടിലൊക്കെ അതിനുപകരമുണ്ടായിരുന്നത് കട്ടിയുള്ള ഒറോട്ടിയായിരുന്നു.
പെരുന്നാളിന് തലേദിവസം ‘അമ്മ പഠിപ്പിക്കാൻ പോയിവരുമ്പോൾ കയ്യിൽ ഒരു പാത്രത്തിൽ അപ്പോൾ ചുട്ടെടുത്ത ചൂട് മാറാത്ത ഒറോട്ടികൾ ഉണ്ടാകും കൂടെ അധികം കുറുകാതെ നീട്ടിയൊഴിക്കാവുന്ന ഇറച്ചിക്കറിയും. പിറ്റേദിവസം പെരുന്നാള് കൂടാൻ അമ്മയ്ക്ക് ഒന്നിൽക്കൂടുതൽ വീടുകളിൽ നിന്നും ക്ഷണവും ഉണ്ടാകും , ഒക്കെയും അമ്മയുടെ ട്യൂഷൻ കുട്ടികളാണേ. ഞാനും പോകും മിക്കപ്പോഴും. പൊരിച്ച കോയീന്റെ മണവും നല്ല ദം ബിരിയാണിയും ശ്യോ ഒന്നും പറയണ്ട ..കൊതിയേറുന്ന ദിനങ്ങൾ! പക്ഷേ അതിനുമൊക്കെ മുന്നേ ഈ ഒറോട്ടി കിട്ടിയിരുന്നത് അമ്മയുടെ പഴയ സ്‌കൂളിന് അടുത്തുള്ള ഉമ്മാന്റെ വീട്ടിൽ നിന്നാണ്. അവിടുത്തെ ഇക്കാനെ അച്ഛൻ പഠിപ്പിച്ചതാണ് പ്രീഡിഗ്രീക്കോ മറ്റോ. ഞാൻ കുഞ്ഞായിരുന്നപ്പോൾ വീട്ടിൽ വന്നിരുന്ന ആളാണ് ആ ഇക്ക – പുള്ളി പിന്നെ പോലീസുകാരനൊക്കെയായിട്ടാ . കുന്നിന്റെ മുകളിലേക്ക് കേറിപ്പോകുന്നപോലെ റോഡിൽ നിന്നും ഉയരത്തിലാണ് ആ വീട്. അവിടെ നിന്ന് കഴിച്ച ചൂടൻ ഒറോട്ടിയുടെ ടേസ്റ്റ് ആണ് എപ്പോഴും പെരുന്നാളോർമ്മകളിൽ മുന്നിൽ വരാറ്. പിന്നെ ആ വീട്ടിലെ പലരുടെയും മക്കൾ പഠിച്ചതും അമ്മയുടെ സ്‌കൂളിലാണ്. അമ്മയുടെ സ്‌കൂളിൽ ഞാൻ പോയിരുന്ന ദിവസങ്ങളിലൊക്കെയും ഒരു റൌണ്ട് അവിടംവഴി ചുറ്റിയിട്ടേ വീടെത്താറുള്ളൂ.
ഒരിക്കൽ ഒരു വല്യ പെരുന്നാൾ സമയം , സന്ധ്യയായി – കല്ലമ്പലത്തുകൂടി അമ്മയും ഞാനും അവിടെയുള്ള ചന്തയിൽ നിന്ന് സാധനങ്ങൾ ഒക്കെ വാങ്ങി വരികയാണ്. ഇരുവശവുമുള്ള കടകളിൽ പെരുന്നാൾ കച്ചവടം പൊടിപൊടിക്കുന്നു . അപ്പോൾ “മോളിടീച്ചറേ” ന്നൊരു വിളി. നോക്കുമ്പോൾ ഉമ്മാമ്മന്റെ അവിടുത്തെ മൂത്ത കാക്കയാണ്. അവരുടെ മക്കളും അമ്മയുടെ സ്‌കൂളിൽ തന്നെയാണ് പഠിക്കുന്നത്. അദ്ദേഹം ഗൾഫിലാണ്, പെരുന്നാൾ പ്രമാണിച്ചു വന്നിരിക്കുകയാണ് അവധിക്ക്. മക്കൾക്കും അനിയൻ അനിയത്തിമാരുടെ മക്കൾക്കുമൊക്കെ പെരുന്നാൾ കുപ്പായമെടുക്കാൻ കടയിൽ വന്നതാണ്. ഭാര്യയും മക്കളും കൂടെയുണ്ട്. വിശേഷമൊക്കെ ചോദിച്ചു – ഞാനന്ന് ഏഴിലോ മറ്റോ ആണ് പഠിക്കുന്നത്. നമുക്ക് അന്നൊക്കെ ഓണത്തിനോ മറ്റോ ഒരു പുതിയ ഉടുപ്പ് തയ്ച്ചു കിട്ടിയാലായി. അല്ലാതെ കടയിൽ നിന്നും പുതിയ രണ്ടു ചുരിദാറുകൾ വാങ്ങിയത് ഒൻപതാം ക്ലാസിൽ ആയപ്പോഴാണ് – അച്ഛനോടൊപ്പം ശ്രീ രാമചന്ദ്രൻ ടെക്സ്ടൈൽസിൽ നിന്ന്. പെട്ടെന്നു ഈ ഇക്കാക്ക എന്നെ ചൂണ്ടിയിട്ട് കടക്കാരനോട് പറഞ്ഞു മോൾക്ക് കൂടി ഒരു ഉടുപ്പിങ്ങെടുത്തേന്ന്. അമ്മ വേണ്ട എന്നൊക്കെ പറയുന്നുണ്ട്. എന്റെ മനസിൽ ആണെങ്കിൽ ” ഹായ് പുതിയ ഉടുപ്പ് ” എന്ന് ലഡ്ഡു പൊട്ടി. പുത്യേ തരം ഉടുപ്പൊക്കെ എടുത്തിടാനൊക്കെ പറഞ്ഞപ്പോഴേക്കും കടക്കാരൻ കുറെ മിഡി – ടോപ് മോഡൽ സാധനങ്ങൾ എടുത്തു വീശി. എനിക്കാണേൽ വൻ ആഗ്രഹമായിരുന്നു ഒരു മിഡിയും ടോപ്പും വേണമെന്ന്. അപ്പോഴാണ് ഞാൻ കണ്ടത് ഒരു മജന്ത / കടും പിങ്ക് കളറിൽ അന്നത്തെ ഫാഷൻ ആയിട്ടുള്ള സിനിമയിലെ നായികയൊക്കെ ഇടുന്ന മോഡൽ ടിഷ്യു ഉടുപ്പും നെറ്റ് പോലൊരു നീളൻ പാവാടയും (ഈ ടിഷ്യു എന്ന് അന്ന് ഞങ്ങൾ പറഞ്ഞിരുന്നത് ബ്രോക്കേഡ് പോലെ മേലൊക്കെ കുത്തിക്കേറുന്ന ഒരുതരം തുണിയായിരുന്നു) – ആദ്യകാലങ്ങളിലെ ലാച്ച എന്നോ ലഹൻക എന്നോ ഒക്കെ പറയാം. ഈ ഉടുപ്പിനും പാവാടയ്ക്കും അന്നൊരു പേരുണ്ടായിരുന്നു , ഇപ്പോൾ അത് നോ ഓർമ്മ. ‘അമ്മ ആകുന്നത്ര പറഞ്ഞു അവിടെയുണ്ടായിരുന്ന ഒരു കോട്ടൺ പാവാടയും ഉടുപ്പും എടുക്കാൻ. എനിക്ക് കണ്ടാലേ പുതുമയില്ലാത്ത ആ സാധനം വേണ്ടേ വേണ്ട. എനിക്കീ തിളങ്ങുന്ന, നിറയെ സ്വർണ്ണപ്പൊട്ടുകളുള്ള ഉടുപ്പും സ്വപ്നത്തിൽ കാണുന്നതുപോലുള്ള പാവാടയും മതി. ‘അമ്മ അതിനിടയ്ക്ക് എൻ്റെ ചെവിയിൽ അതിനൊക്കെ വലിയ വിലയാകും എന്ന് പറഞ്ഞതോടെ ഞാൻ ധർമ്മ സങ്കടത്തിലായി പാവാടയിൽ നിന്നും പിടിവിട്ടു. പക്ഷേ എന്റെ കണ്ണുകൾ അപ്പോഴും ആ മജന്തയിൽ തന്നെ തങ്ങിനിൽക്കുന്നത് കണ്ടിട്ടാകണം നാസർ ഇക്കാക്ക (ഇത് തന്നെയാണോ പേരെന്ന് എനിക്കോർമ്മയില്ല കാരണം പേര് പറഞ്ഞു ആളെ ഞാൻ വിളിച്ചിട്ടില്ല ) പറഞ്ഞു “അവൾക്കിതാണ് ചേരുക ഇതങ്ങെടുത്തോ, അവൾക്ക് പെരുന്നാള് ഉഷാറാകട്ടെ”.
അന്ന് ഞാൻ വീട്ടിലെത്തിയത് ആ കടയുടെ പ്ലാസ്റ്റിക് കവറും നെഞ്ചോട് ചേർത്താണ്. എനിക്കുറപ്പാണ് ആ വീട്ടിലെ കുട്ടികൾക്ക് എടുത്ത അതേ വിലയിലെ ഉടുപ്പാണ് അദ്ദേഹം എനിക്കും എടുത്തു തന്നത് എന്ന്. ആ ഉടുപ്പും പാവാടയും പെരുനാൾ കഴിഞ്ഞു സ്‌കൂൾ തുറന്നപ്പോൾ ഞാനും വലിയ സ്റ്റൈലിൽ എന്റെ പുത്തനുടുപ്പ് ആയിട്ട് ഇട്ടുകൊണ്ട് പോയി. സാധനം എന്നേക്കാൾ നാലിരട്ടി നീളമുണ്ടായിരുന്നു ആ പാവാടയ്ക്ക്, ഉടുപ്പിൽ എന്നെപോലെ രണ്ടാളെ കേറ്റാമായിരുന്നു , കൂടെ ആ ഉടുപ്പിന്റെ സ്വർണ്ണക്കുത്തുകൾ അത്യാവശ്യം നന്നായി നമ്മളുടെ പുറത്തെ കുത്തുകയും ചെയ്തിരുന്നു. പക്ഷേ അതൊന്നും എന്നെ ബാധിച്ചില്ല – ഞാൻ ആ കുപ്പായത്തെ ഒത്തിരി ഇഷ്ടപ്പെട്ടു. അത് കീറിപ്പോകും വരെ ഉപയോഗിക്കുകയും ചെയ്തു. ഇപ്പോൾ ആലോചിക്കുമ്പോൾ ആണ് രസകരമായ ഒരു സംഗതി മനസിലാകുന്നത് – അതായിരുന്നു എൻ്റെ ജീവിതത്തിലെ ഏക ലാച്ച /ലെഹങ്ക ടൈപ്പ് ഉടുപ്പ്. ഇനിയിപ്പോൾ പുതിയ ഒരെണ്ണം വാങ്ങിയിട്ട് തന്നെ കാര്യം.
ങാ അപ്പോൾ പറഞ്ഞുവന്നത് നമ്മടെ ഒറോട്ടിയാണ് – ഈ ഒറൊട്ടി പത്തിരി പോലെഅല്ല കേട്ടോ. പലയിടങ്ങളിൽ നിന്നും കഴിച്ചതിൽ എനിക്ക് നാവായിക്കുളം ഒറൊട്ടി സ്‌പെഷൽ ആയിട്ടാണ് തോന്നാറ്. നമ്മടെ ചങ്ക് പെണ്ണുണ്ട് അവളോട് ചോദിച്ച റെസിപ്പി ഇവിടെ പോസ്റ്റുന്നു – വറുത്ത അരിപൊടിയാണ് വേണ്ടത്. വെള്ളത്തിൽ ഉപ്പിട്ട് തിളപ്പിക്കുക ,അതിലേക്ക് ഈ മാവിനെ പതുക്കെ തട്ടിയിളക്കിക്കൊടുക്കുക (കിണ്ടുക എന്ന് നാട്ടുഭാഷയിൽ പറയും) അടുപ്പത്തു നിന്നും എടുത്ത് ആ ചൂടോടെ നന്നായി കുഴയ്ക്കണം – കുഴയ്ക്കലിലാണ് ആ സ്വാദ് എന്നാണ് അവളുടെ പക്ഷം. കുഴയ്ക്കും മുൻപ് അതിലേക്ക് ചിരകിയ തേങ്ങാ നല്ലോണം ചേർക്കുക (ചിലയിടങ്ങളിൽ തേങ്ങാപാൽ ചേർത്തും കുഴയ്ക്കാറുണ്ട് -എനിക്ക് കടിക്കാൻ തേങ്ങാ കിട്ടുന്നതാണ് ഇഷ്ടം) . കയ്യിൽ എണ്ണയോ മറ്റോ പുരട്ടി നല്ല മയം വരും വരെ കുഴച്ചിട്ട് ഉരുളയാക്കി പൂരി /ചെറിയ ചപ്പാത്തി മോഡലിൽ പരത്തി എടുക്കുക.ഒത്തിരി നൈസ് ആക്കേണ്ട ആവശ്യമില്ല. ചുട്ടെടുക്കുമ്പോൾ ഒരു കട്ടിയുണ്ടാകും അതിന്. നല്ല എരിവുള്ള ഇറച്ചിക്കറിയുടെ ചാറ് ഈ ഒറോട്ടിയുടെ പുറത്തേക്ക് ഒഴിക്കണം , എന്നിട്ടൊരു ഭാഗം മുറിച്ചിട്ട് അതിലേക്ക് ഒരു ഇറച്ചിക്കഷ്‌ണം എടുത്തുവെച്ചു വായിലേക്ക് വെച്ചാലുണ്ടല്ലോ സാറേ …പിന്നൊന്നും വേണ്ട ആ ദിവസം പെരുന്നാളാകാൻ!
