2022, ഡിസംബർ 10, തിരുവചനത്തിലെ ഒരു വാക്യം ഓർത്തുകൊണ്ടാണ് പ്രഭാതത്തിൽ എഴുന്നേറ്റത്.
“നന്മ ചെയ്‍വാൻ നിനക്കു പ്രാപ്തിയുള്ളപ്പോൾ അതിന്നു യോഗ്യന്മാരായിരിക്കുന്നവർക്കു ചെയ്യാതിരിക്കരുതു.”
സദൃ. 3:27.
ലഭിക്കുന്നതൊക്കെ കൂട്ടിവെയ്ക്കുമ്പോഴാണ് സമൃദ്ധി ഉണ്ടാകുന്നത് എന്നാണ് ലോകതത്വം, എന്നാൽ തിരുവചനം പറയുന്നത് അതിന്റെ നേർവിപരീതമാണ്.
‘‘കൊടുപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും; അമർത്തി കുലുക്കി കവിയുന്നോരു നല്ല അളവു നിങ്ങളുടെ മടിയിൽ തരും; നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നുകിട്ടും’’ (ലൂക്കൊസ് 6:38).
ദൈവം നമ്മെ പ്രാപ്തിയുള്ളവരാക്കി മാറ്റിയപ്പോൾ, അർഹിക്കുന്നവർക്ക് നന്മ ചെയ്യുക എന്ന ഒരു ഉത്തരവാദിത്വം കൂടിയാണ് അവിടുന്ന് നമ്മെ ഭരമേല്പിച്ചിരിക്കുന്നത്.
മറ്റുള്ളവർക്ക് നന്മ ചെയ്യുമ്പോൾ കിട്ടുന്നതുപോലെയുള്ള സന്തോഷവും സംതൃപ്തിയും മറ്റൊന്നിലും നമുക്ക് ലഭിക്കുകയില്ല. തിരുഹൃദയത്തിലെ ആഗ്രഹം നിറവേറ്റുവാൻ ചിലരൊക്കെ തയ്യാറാകുന്നത് കാണുമ്പോൾ മനസ്സ് സന്തോഷം കൊണ്ട് നിറയുന്നു.
ഹൃദയത്തിൽ സംതൃപ്തിയുടെ കുളിർമഴ പെയ്യിക്കുന്ന ഒരു ചടങ്ങിന് ഇന്ന് സാക്ഷ്യം വഹിക്കുവാൻ പോവുകയാണ്. ജീവിതയോട്ടത്തിനിടയിൽ വിധിയുടെ കണ്ണില്ലാത്ത ക്രൂരതയ്ക്ക് ഇരയാകേണ്ടിവന്ന 41 പേർ ആ ചടങ്ങിനെത്തും. ഓട്ടക്കളത്തിലേക്ക് ഇറങ്ങി മധ്യഭാഗത്തുപോലും എത്തുന്നതിനു വളരെ മുൻപേ വിധിയുടെ ദാക്ഷിണ്യമില്ലാത്ത കരങ്ങളിലെ മൂർച്ചയേറിയ കത്തികൊണ്ട് കാൽ മുറിച്ചു മാറ്റപ്പെട്ടവരാണ് അവർ, ചിലരുടെയൊക്കെ രണ്ടു കാലുകളും നഷ്ടപ്പെട്ടു. ഇനിയും മുന്നോട്ടോടുവാൻ കഴിയാതെ പകച്ചു നിൽക്കുന്ന അവരുടെ ട്രാക്കിലേക്ക് കാരുണ്യത്തിന്റെ നീട്ടിപ്പിടിച്ച കരങ്ങളുമായി ഇറങ്ങിവന്നിരിക്കയാണ് അമേരിക്കൻ മലയാളിയായ ജോൺസൻ സാമുവൽ എന്ന മഹാമനസ്കനായ, ദൈവത്തിന്റെ ആൾരൂപം.
വേഗത്തിൽ റെഡിയായി, ലൈഫ് & ലിംബ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കാല് നഷ്ടപ്പെട്ട നിർധനരായ ആളുകൾക്ക്, ജർമ്മൻ നിർമ്മിത കൃത്രിമക്കാലുകൾ സൗജന്യമായി നൽകുന്ന പ്രോഗ്രാം നടക്കുന്നതായ, മാവേലിക്കരയിലെ പുന്നമൂട്ടിലുള്ള ഗ്രേയ്സ് കൺവെൻഷൻ സെന്ററിലേക്കു പോയി. പ്രോഗ്രാമിന്റെ അവതാരകയായിട്ട് എന്നെയാണ് നിയമിച്ചിരിക്കുന്നത്. കൃത്യം 9.15 നു അവിടെയെത്തിയപ്പോൾ 750 പേർക്ക് ഇരിക്കാവുന്ന (അമേരിക്കയിൽ കേരള എക്സ്പ്രസ് ഉടമയുടെ മകൻ അജിത് ഈപ്പന്റെ ഉടമസ്ഥതയിലുള്ള ഗ്രേസ് കൺവെൻഷൻ സെന്റർ) ഏകദേശം നിറഞ്ഞിരുന്നു. കൃത്രിമ കാൽ സ്വീകരിക്കുവാനുള്ള 41 പേരും അവിടെ എത്തിയിട്ടുണ്ട്, സഹായത്തിന് കൂടെ വന്നവർ അവരോട് ചേർന്ന് നിൽക്കുന്നു. ചിലരുടെയൊക്കെ മുഖങ്ങളിലേക്ക് ഞാൻ നോക്കി, ആശാഭിലാഷങ്ങൾ നഷ്ടപ്പെട്ട്, ഉണങ്ങിക്കരിഞ്ഞുപോയ അവരുടെ പ്രതീക്ഷകൾക്ക് മീതെ ഒരു പുത്തൻ നാമ്പ് വിടർന്നു നിൽക്കുന്നു. സ്റ്റേജിൽ അടുക്കി വച്ചിരിക്കുന്ന കൃത്രിമ കാലുകളിലേക്ക് അവർ കണ്ണീരിന്റെ നനവുള്ള പുഞ്ചിരിയോടെ ഉറ്റു നോക്കിയിരിക്കുന്നു. 9.30 ആയപ്പോൾ ലൈഫ് ആൻഡ് ലിംബിന്റെ ചെയർമാനായിരിക്കുന്ന ശ്രീ. ജോൺസൺ സാമുവൽ അടുത്തുവന്ന് പ്രോഗ്രാം തുടങ്ങുവാൻ ആവശ്യപ്പെട്ടു. മുഖവുര പറഞ്ഞു ആരംഭിക്കുവാനായി ഞാൻ തയ്യാറെടുത്തുകൊണ്ടിരിക്കുമ്പോൾ, പ്രശസ്ത തിരക്കഥാകൃത്തായ ശ്രീ. പ്രവീൺ ഇറവങ്കര എന്റെ തൊട്ടടുത്തു വന്നിരുന്നു, അദ്ദേഹം എന്റെ സഹ അവതാരകനായി വന്നതാണെന്ന് അറിഞ്ഞപ്പോൾ, വലിയ ഉത്സാഹം തോന്നി.
ചടങ്ങ് ആരംഭിച്ചപ്പോൾ അതിഥികളായി ക്ഷണിക്കപ്പെട്ടവർ ഓരോരുത്തരായി വന്നുകൊണ്ടിരുന്നു.
എന്റെ ഇടതു വശത്ത് പൂർണ്ണ പിന്തുണയുമായി പാസ്റ്റർ ഗീവർഗീസ് ചാക്കൊ ഇരിപ്പുറപ്പിച്ചു. ഇടയ്ക്കിടയ്ക്ക് വേണ്ട നിർദ്ദേശങ്ങളും അഭിപ്രായങ്ങളും അതാതു സമയങ്ങളിൽ അദ്ദേഹം തന്നുകൊണ്ടിരുന്നത് വലിയൊരു ആശ്വാസമായി എനിക്ക് അനുഭവപ്പെട്ടു. തുടക്കം മുതൽ അവസാനം വരെ, ഒന്ന് എഴുന്നേല്‌ക്കുകപോലും ചെയ്യാതെ, ക്ഷമയോടെയുള്ള അദ്ദേഹത്തിന്റെ ഇരിപ്പും, സൂക്ഷ്മമായ നിരീക്ഷണങ്ങളും എന്നെ ആശ്ചര്യപ്പെടുത്തി.
തുടക്കം മുതൽ ലൈഫ് ആൻഡ് ലിംബിന്റെ കോഡിനേറ്റർ ആയി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ശ്രീ. കോശി വർഗീസിന്റെ സ്വാഗത പ്രസംഗത്തിനുശേഷം, ട്രെയിൻ അപകടത്തിൽപ്പെട്ട് ഇരു കാലുകളും നഷ്ടപ്പെട്ട 28 കാരനായ അനീഷിന്റെ നൃത്തപരിപാടിയായിരുന്നു. നിങ്ങൾ വിചാരിക്കും രണ്ടു കാലുകളും ഇല്ലാത്ത അനീഷ് എങ്ങനെ നൃത്തം ചെയ്യുമെന്ന്, അദ്ദേഹത്തെ മറ്റൊരാൾ തോളിലേറ്റിയാണ് സ്റ്റേജിലേക്ക് കൊണ്ടുവന്നത്. കൈകൾ നിലത്തുറപ്പിച്ച്, ഇരുന്നുകൊണ്ട് സംഗീതത്തിന്റെ താളലയങ്ങൾക്കൊപ്പം അദ്ദേഹം ആടിത്തിമർത്തു. കാലുകൾ കൊണ്ട് നൃത്തം ചവിട്ടുന്ന മറ്റ് നർത്തകരോടൊപ്പം, കൈകളും, കാലുകളില്ലാത്ത ശരീരവും കൊണ്ട്, ചിരിച്ചുല്ലസിച്ച് നൃത്തമാടിയപ്പോൾ സദസ്സ് ശ്വാസം അടക്കിപ്പിടിച്ചാണ് അത് വീക്ഷിച്ചത്.
ചടങ്ങിന്റെ അദ്ധ്യക്ഷസ്ഥാനം അലങ്കരിച്ച സ്ഥലം എം.എൽ.എ, ശ്രീ. എം. എസ്. അരുൺകുമാർ ശാന്തഗാംഭീര്യത്തോടെയുള്ള തന്റെ പ്രഭാഷണത്തിൽക്കൂടി, ” പ്രതിസന്ധികളിൽ തളരുകയല്ല, അതിനെ അതിജീവിച്ചുകൊണ്ട് മുന്നോട്ടുപോകുന്നവർക്കു മാത്രമാണ് ചരിത്രം സൃഷ്ടിക്കുവാൻ കഴിയുന്നത്, അങ്ങനെയുള്ളവരെയാണ് നാട് എന്നും ഓർത്തിരിക്കുന്നത്. പ്രശ്നം വരുമ്പോൾ തളരാതെ കരുത്താർജ്ജിക്കുന്നവരായി തീരണം” എന്ന് ആഹ്വാനം ചെയ്തു.
അപകടത്തിൽ ഇടതുകാൽ നഷ്ടപ്പെട്ട രാജസ്ഥാൻ സ്വദേശിയായ രാഹുൽരാജിന്റെ ഒരു പാട്ടായിരുന്നു അടുത്തത്. സംഗീതത്തിൽ ബിരുദാനന്തരബിരുദം പൂർത്തിയാക്കിയ രാഹുൽ ഒരു ഹിന്ദി ഗാനമാലപിച്ചപ്പോൾ, സ്റ്റേജിൽനിന്നും ഒരു അരുവി ശാന്തമായി ഒഴുകിയിറങ്ങി സദസ്സിലാകെ പരക്കുന്നതുപോലെ അനുഭവപ്പെട്ടു.
ആമുഖപ്രസംഗത്തിനായി ശ്രീ. പ്രവീൺ ഇറവങ്കര എഴുന്നേറ്റു; “നിങ്ങളുടെ മുൻപിൽ ഞാനെന്റെ ശിരസ്സും മനസ്സും നമിക്കുന്നു” എന്നു പറഞ്ഞു കൊണ്ടു പ്രഭാഷണം ആരംഭിച്ചപ്പോൾ, വളരെ പതിഞ്ഞ ശബ്ദത്തിലുള്ള അദ്ദേഹത്തിന്റെ സംസാരം ശ്രദ്ധയോടെ ഞാൻ കേട്ടിരുന്നു. ഒരു വാക്കുകൊണ്ടോ, ചെറുചലനം കൊണ്ടോ, ഒരു നിശ്വാസം കൊണ്ടുപോലുമോ ആരെയും ഉലയ്ക്കുവാൻ അദ്ദേഹത്തിന് കഴിയുകയില്ല എന്നെനിക്കു തോന്നി.
ചടങ്ങിന്റെ അടുത്ത കാര്യപരിപാടി, കൃത്രിമക്കാൽ വിതരണം ആയിരുന്നു. ഉദ്ഘാടന പ്രസംഗത്തിനായി സ്നേഹത്തിന്റെ ഇന്ദ്രജാലക്കാരനായ പ്രൊഫസർ ഗോപിനാഥ് മുതുകാട് എഴുന്നേറ്റു നിന്നപ്പോൾ ഒരു ദിവ്യമായ തേജസ് അദ്ദേഹത്തിന്റെ മുഖത്ത് പ്രകാശിക്കുന്നുണ്ടായിരുന്നു. ദൈവം തന്റെ പദ്ധതിക്കുവേണ്ടി നിയോഗിച്ചാക്കിയ മനുഷ്യന്റെ ചാരെ കാവൽക്കാരനായി ദൈവമല്ലാതെ മാറ്റാരാണ് നിൽക്കേണ്ടത്, ദൈവതേജസ്സിന്റെ ബഹിഃസ്ഫുരണമല്ലാതെ മറ്റെന്താണ് ആ മുഖത്തുനിന്നും നമുക്ക് പ്രതീക്ഷിക്കാനാവുക.
“ഒരു പക്ഷിയുടെ ചിറവുകളും തൂവലുകളും കൊഴിമ്പോഴല്ല, ആ പക്ഷിയുടെ ചിറകുകൾ കുഴയുമ്പോളല്ല, നേരെമറിച്ച് അതിന്റെ ആകാശം നഷ്ടപ്പെടുമ്പോഴാണ് ആ പക്ഷി, പക്ഷിയല്ലാതായി മാറുന്നത്. ചില കാരണങ്ങൾ കൊണ്ട് കാലുകൾ നഷ്ടപ്പെട്ടുപോയ, ഇവിടെയിരിക്കുന്ന ആളുകൾക്ക് ഇന്ന് കാലുകൾ നൽകുന്നതിലൂടെ ശ്രീ. ജോൺസൺ സാമുവലും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ചേർന്ന് നിങ്ങൾക്ക് ആകാശം സൃഷ്ടിച്ചു നൽകുകയാണ് ഇന്നിവിടെ ചെയ്യുന്നത്. അതിലൂടെ നിങ്ങൾക്ക് ഇനിയും സ്വതന്ത്രമായി പറന്നു നടക്കാം.
നിസ്വാർത്ഥമായി, ഒന്നിനുംവേണ്ടി അല്ലാതെ മറ്റുള്ളവരെ സ്നേഹിക്കുവാനും, സഹായിക്കുവാനും കഴിയുന്ന മനുഷ്യനാണ് ദൈവം, അങ്ങനെയെങ്കിൽ ജോൺസൺ സാമുവൽ എന്ന മനുഷ്യനെ ഞാൻ ‘ദൈവം’ എന്ന് വിളിക്കുവാൻ ആഗ്രഹിക്കുന്നു” എന്നു പറഞ്ഞുകൊണ്ട് ശ്രീ. മുതുകാട് തന്റെ പ്രസംഗം അവസാനിപ്പിച്ചതിനുശേഷം, ട്രെയിൻ ആക്‌സിഡന്റിൽ ഇരുകാലുകളും നഷ്ടപ്പെട്ട ആലപ്പുഴക്കാരനായ അനീഷിനു കാലുകൾ നൽകിക്കൊണ്ട് അദ്ദേഹം കൃത്രിമക്കാൽ വിതരണം ഉത്ഘാടനം ചെയ്തു.
ലൈഫ് & ലിംബ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 2019 ൽ നടന്ന കൃത്രിമക്കാൽ വിതരണത്തിൽ കാൽ സ്വീകരിച്ച നന്ദു മഹാദേവൻ എന്ന 27 കാരൻ, നാലു വർഷത്തെ അർബുദത്തിനെതിരെയുള്ള പോരാട്ടത്തിനൊടുവിൽ മരണത്തിനു കീഴടങ്ങി. നന്ദുവിന്റെ വീഡിയോ ക്ലിപ് സ്‌ക്രീനിൽ കണ്ടപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മകൾക്കു മുന്നിൽ ഞങ്ങൾ ഒരു നിമിഷം ശിരസ്സു നമിച്ചു.
ഒരു ക്യാൻസർ വന്നു വിളിച്ചിറക്കിക്കൊണ്ടുപോയ നന്ദുവിനെക്കുറിച്ചുള്ള ഓർമ്മകൾ, അദ്ദേഹത്തിന്റെ അമ്മ, ലേഖ പങ്കു വെച്ചപ്പോൾ, വല്ലാത്തൊരു വിമ്മിഷ്ടത്തോടെയാണ് കേട്ടിരുന്നത്.
മകന്റെ നല്ല ഓർമ്മകൾകൊണ്ട്, ആ അമ്മ, ഉള്ളിലെ പൊള്ളിക്കുന്ന തീക്കനലുകൾ തൂത്തെറിയാൻ ശ്രമിക്കുന്നതുപോലെ തോന്നി.
“നന്ദു ഒരു യാത്ര പോയിരിക്കുകയാണ്, ഒരിക്കൽ ഞങ്ങളും അവന്റെ അടുത്തെത്തും എന്ന പ്രതീക്ഷയാണ് ഞങ്ങളെ ജീവിപ്പിക്കാൻ പ്രേരിപ്പിക്കുന്നത്. ഒരിക്കലും തോൽക്കാൻ കൂട്ടാക്കാത്ത പ്രകൃതക്കാരനായിരുന്നു നന്ദു. ജീവിതത്തിന്റെ ഒരു നിമിഷം മാത്രമേ നമ്മുടെ കയ്യിൽ ബാക്കിയുള്ളൂ എങ്കിലും, അതുപോലും പുകയാൻ അനുവദിക്കാതെ ജ്വലിപ്പിക്കണം; ഒരുപക്ഷേ തളർന്നു വീണുപോയാലും ഇഴഞ്ഞു നീങ്ങണം, അത് മുന്നോട്ട് തന്നെയാകണം” എന്ന് എപ്പോഴും അവൻ എന്നോട് പറയുമായിരുന്നു.
“ജീവിതം മുന്നോട്ടു കൊണ്ടുപോകുവാൻ നമ്മൾത്തന്നെ ഊർജ്ജം കണ്ടെത്തുക, വിജയം നമ്മുടെ കൂടെയാണ്. അടുത്ത പ്രാവശ്യം ഈ ചടങ്ങിൽ വരുമ്പോൾ നിങ്ങൾ നേടിയ നേട്ടങ്ങളെക്കുറിച്ച് ഇവിടെ സംസാരിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു” എന്നു പറഞ്ഞുകൊണ്ട് ശ്രീമതി ലേഖ തന്റെ വാക്കുകൾ അവസാനിപ്പിച്ചു.
പിന്നീട് പേരു വിളിച്ചപ്പോൾ ഓരോരുത്തരായി വന്ന് കാലുകൾ സ്വീകരിച്ചു. യുഗങ്ങളുടെ നൊമ്പരവും പേറി, തങ്ങളുടെ വൈകല്യം മറ്റൊരാളുടെ തോളിലേക്ക് മനസ്സില്ലാമനസ്സോടെ വെച്ചുകൊടുത്ത്, കാരുണ്യത്തിന്റെ തീരത്ത് അവർ ഒറ്റക്കാലിൽ നിന്നു. കാലുകൾ ലഭിച്ചവർ, ആത്മവിശ്വാസത്തിന്റെ ചിറകുകൾ ലഭിച്ചതുപോലെ, തനിയെ നടന്നും സ്റ്റെപ്പുകൾ കയറിയും വൈകല്യങ്ങൾ മറന്ന്, അല്പം ദൂരെ മാറി നിൽക്കുന്ന, തങ്ങളുടെ ചുമൽ വെച്ചുനീട്ടിത്തന്നവരെ നോക്കി പുഞ്ചിരി തൂകി.
പ്രൊഫ. ഗോപിനാഥ് മുതുകാട്, ഫാ. ഡേവിസ് ചിറമേൽ, ഗുഡ് ന്യൂസ് ചെയർമാൻ ശ്രീ. ടി എം മാത്യു, അഡ്വ. പത്മകുമാർ, ശ്രീ. രവീന്ദ്രൻ നായർ, പാസ്റ്റർ തോമസ് സാമുവൽ, ശ്രീ. കുഞ്ഞുമോൻ സാമുവൽ ശ്രീ. ബേബി സാമുവൽ, തെക്കേക്കര ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീ. എൻ.ആർ. ഗോപകുമാർ, തഴക്കര ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ. സുനിൽ വെട്ടിയാർ എന്നിവർ കാലുകൾ വിതരണം ചെയ്തു.
മറ്റൊരു കാരുണ്യപ്രവർത്തനം കൂടി ഈ ചടങ്ങിൽ നടന്നു. ജോൺസൻ സാമൂവലിന്റെ ജ്യേഷ്ഠസഹോദരനായ പാസ്റ്റർ തോമസ് സാമൂവൽ, തന്റെ സ്വന്തം ജന്മദേശത്തുതന്നെ, കയറികിടക്കാൻ കിടപ്പാടം ഇല്ലാത്ത ഒരു വ്യക്തിക്ക് ഒരു ഭവനം നിർമ്മിച്ചുകൊടുക്കുക എന്ന ആഗ്രഹത്തിന്റെ സാക്ഷാത്ക്കാരമായിരുന്നു അത്. വീടിന്റെ താക്കോൽ സ്വീകരിച്ചപ്പോൾ, റോസമ്മ ബാബു എന്ന വിധവയുടെ ചിരകാലസ്വപ്നം കൂടിയാണ് ഇവിടെ പൂവണിഞ്ഞത്.
MGM ബെഥനി ശാന്തി ഭവൻ സ്കൂളിൽ നിന്നും എത്തിയ ഭിന്നശേഷി കലാകാരന്മാർ നേതൃത്വം കൊടുത്ത നൃത്തപരിപാടി അതീവഹൃദ്യമായിരുന്നു.
ഗുഡ് ന്യൂസിന്റെ ചീഫ് എഡിറ്റർ, ശ്രീ. സി. വി. മാത്യുവിന്റെ ആശംസാവാക്കുകൾ, ലൈഫ് & ലിംബ് പ്രവർത്തനങ്ങൾക്ക് പ്രചോദനവും ആവേശം പകരുന്നതും ആയിരുന്നു. “പലപ്രാവശ്യം അമേരിക്കയിൽ പോയിട്ടുള്ള എന്റെ അനുഭവത്തിൽ, സമ്പന്നരേക്കാൾ സാധാരണക്കാരാണ് പലപ്പോഴും പാവങ്ങളെ സഹായിക്കുവാൻ ശ്രമിക്കുന്നത് എന്നു ഞാൻ മനസ്സിലാക്കിയിട്ടുണ്ട്, അതിന് പ്രത്യേകമായ ഒരു മനസ്സും വികാരവും താൽപര്യവും വേണം. ഇനിയും അനേകരെ സഹായിക്കുവാൻ ജോൺസൺ സാമുവലിനേയും കുടുംബത്തെയും, അവരോട് ചേർന്ന് പ്രവർത്തിക്കുന്നവരെയും ദൈവം സഹായിക്കട്ടെ എന്ന് ആശംസിക്കുന്നു”, എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.
കായംകുളം സ്വദേശിയായ മനോജ് മഹാദേവന് ബാഡ്മിന്റൺകളിയോട് വല്ലാത്തൊരു ഭ്രമമായിരുന്നു. കളിക്കിടയിൽ അണലിയുടെ കടിയേറ്റ് ഇടതുകാൽ മുറിച്ചുമാറ്റേണ്ടി വന്നപ്പോൾ, ഇനിയൊരിക്കലും തന്റെ പ്രിയപ്പെട്ട ബാഡ്മിന്റൺ കളിയിലേക്ക് മടങ്ങുവാൻ കഴിയുകയില്ലല്ലോ എന്ന പരമാർത്ഥം താങ്ങുവാൻ കഴിയുന്നതിനും അപ്പുറമായിരുന്നു. ഇടതുകയ്യിൽ ഷട്ടിൽകോക്കിന്റെയും റാക്കറ്റിന്റെയും ചിത്രം പച്ച കുത്തി, ബാഡ്മിന്റൺ കളിയെ മനോജ് തന്റെ ശരീരത്തോട് ചേർത്തു നിർത്തി.
ഒരു കിഡ്നി മറ്റൊരാൾക്ക് പകുത്തു നൽകിക്കൊണ്ട്, നിനക്ക് രണ്ടു വസ്ത്രം ഉണ്ടെങ്കിൽ ഒന്ന് ഇല്ലാത്തവന് കൊടുക്കണം എന്ന് പഠിപ്പിച്ച യേശുനാഥന്റെ പാത പിന്തുടരുന്ന, സാക്ഷാൽ ചിറമേൽ അച്ചൻ അനുഗ്രഹപ്രഭാഷണത്തിനായി എഴുന്നേറ്റപ്പോൾ, കണ്ണും കാതും കൂർപ്പിച്ചു ഞങ്ങളിരുന്നു. തന്റെ സ്വതസിദ്ധമായ ശൈലിയിൽ, ചിരിപ്പിച്ചുകൊണ്ട് ചിന്തിപ്പിക്കുന്ന വാക്കുകൾ, മൂർച്ചയുള്ള ചാട്ടുളിപോലെ അദ്ദേഹത്തിന്റെ അധരത്തിൽ നിന്നും മലവെള്ളപ്പാച്ചലായി പുറത്തുവന്നു.
“ഭക്തിയിൽ നിന്നും നമ്മൾ ആത്മീയതയിലേക്ക് വളരണം, ഭക്തിയെന്നാൽ ഇങ്ങോട്ട് ലഭിക്കണമെന്ന ചിന്താഗതിയോടെയുള്ള പ്രാർത്ഥനകളാണ്; എന്നാൽ ആത്മീയത ത്യാഗമനോഭാവമാണ്, അത് മറ്റുള്ളവരുടെ സങ്കടങ്ങൾ നമ്മുടെ സങ്കടങ്ങളാക്കി നെഞ്ചിലേറ്റുന്നതാണ്. അതാണ് ജോൺസൺ സാമുവൽ ചെയ്യുന്നത്, യഥാർത്ഥ ആത്മീയതയാണത്. സൽകർമ്മങ്ങൾ ഒരിക്കലും മരിക്കില്ല, അത് നിത്യതയോളം നമ്മളെ പിന്തുടരുന്നതാണ്”, ചിറമേൽ അച്ചൻ പറഞ്ഞു നിർത്തി.
സ്നേഹത്തിന്റെ മാന്ത്രികനായ ഗോപിനാഥ് മുതുകാട്, സഹജീവികളോടുള്ള കരുണയിൽക്കൂടിയും സൽകർമ്മങ്ങളിൽക്കൂടിയും മായാജാലം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ജോൺസൺ സാമുവലിനു പൊന്നാട അണിയിച്ചപ്പോൾ, പതിവുപോലെ തല അല്പം താഴ്ത്തിപ്പിടിച്ച് കണ്ണുകൾ മേലോട്ട് ഉയർത്തി, ദൈവത്തിന്റെ കരങ്ങളിലെ ഒരു ഉപകരണം മാത്രമാണ് താനെന്ന മട്ടിൽ എളിമയോടെ അനങ്ങാതെ നിന്നു. ദൈവത്തിന്റെ പ്രതിരൂപത്തെ ആളുകൾ കൗതുകത്തോടെ നോക്കിയിരുന്നപ്പോൾ, എന്റെ കസിൻ ബ്രദർ എന്ന നിലയിൽ, ഞങ്ങൾ സ്നേഹത്തോടെ റെജിച്ചാൻ എന്നു വിളിക്കുന്ന ജോൺസൻ സാമൂവലിനെ നോക്കി, ഞാൻ അഭിമാനത്തോടും തെല്ലൊരു അഹങ്കാരത്തോടെയും തല ഉയർത്തിപ്പിടിച്ചിരുന്നു.
കേരളത്തിലിരുന്നുകൊണ്ട് ഇതിന്റെയെല്ലാം പിന്നിൽ നിശബ്ദമായി പ്രവർത്തിക്കുന്ന മറ്റൊരാൾ കൂടിയുണ്ട്; ലൈഫ് & ലിംബിന്റെ കോ-ഓർഡിനേറ്ററായ ശ്രീ. കോശി വർഗീസ്. തിരശ്ശീലയ്ക്കപ്പുറത്ത് നിന്നുകൊണ്ടുള്ള അദ്ദേഹത്തിന്റെ നിസ്വാർത്ഥ സേവനം ഈ സംരംഭത്തിന് വിലമതിക്കാനാവാത്തതാണ്. അദ്ദേഹത്തിന്റെ അത്യധ്വാനത്തിന് ഒരു സമ്മാനം കൊണ്ട് വിലയിടുവാൻ കഴിയില്ലെങ്കിലും, ചിറമേൽ അച്ചൻ അദ്ദേഹത്തിന് പുരസ്കാരം നൽകി ആദരിച്ചു.
2004 ൽ ഒരു കാൽ നഷ്ടപ്പെട്ട വ്യക്തിയെ കണ്ടപ്പോൾ മുതലാണ് ഇങ്ങനെയൊരാശയം മനസ്സിൽ ഉദിച്ചത് എന്ന് മറുപടി പ്രസംഗത്തിൽ ജോൺസൺ സാമുവൽ പറഞ്ഞു. ഓരോ വർഷവും 10 പേർക്ക് വീതം കാലു വെച്ചു കൊടുക്കണം എന്ന ആഗ്രഹത്തോടെ 2014 ൽ തുടങ്ങിയ ഈ മഹനീയ സംരംഭത്തിൽ നാളിതുവരെ 202 കാലുകളാണ് വിതരണം ചെയ്തത്.
‘ഞങ്ങൾ സ്നേഹിക്കുന്ന ഒരു ദൈവമുണ്ട്, അതുകൊണ്ടാണ് ദൈവത്തെ എന്നതുപോലെ നിങ്ങളെ ഞങ്ങൾക്ക് സ്നേഹിക്കുവാൻ കഴിയുന്നതും നിങ്ങൾക്കുവേണ്ടി ഇതൊക്കെ ചെയ്യുവാൻ കഴിയുന്നതും. ഓരോ ദിവസവും പ്രഭാതത്തിൽ എഴുന്നേൽക്കുമ്പോൾ ഏതെങ്കിലും തരത്തിലുള്ള ഒരു നന്മ, അതർഹിക്കുന്നവർക്ക് ചെയ്യണം എന്ന ചിന്തയോടെയായിരിക്കണം നമ്മൾ എഴുന്നേൽക്കേണ്ടത്, ഉറങ്ങുവാൻ കിടക്കുമ്പോൾ നമ്മെക്കൊണ്ട് മറ്റുള്ളവർക്ക് ഇന്ന് എന്ത് പ്രയോജനം ഉണ്ടായി എന്ന് ചിന്തിക്കണം. നിങ്ങളുടെ പ്രാർത്ഥന എന്നും ഞങ്ങളോടൊപ്പം ഉണ്ടായിരിക്കണം എന്ന് മാത്രമേ ഞങ്ങൾ ആഗ്രഹിക്കുന്നുള്ളൂ.” മറുപടി പ്രസംഗത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ സംരംഭത്തിന് ചെറുതും വലുതുമായ സേവനങ്ങൾ ചെയ്ത എല്ലാവരോടും നന്ദിയും കൃതജ്ഞതയും അറിയിച്ചത് പാസ്റ്റർ ഗീവർഗീസ് ചാക്കോയാണ്. ആരെയും വിട്ടു കളയാതെ, സകലരെയും ഉൾക്കൊള്ളിച്ചു കൊണ്ട് ഹൃദ്യമായ രീതിയിൽ നന്ദി പ്രകാശനം നടത്തിയ അദ്ദേഹം പ്രത്യേക നന്ദി അർഹിക്കുന്നു.
കാരുണ്യ പ്രവർത്തനത്തിൽ ജോൺസൺ സാമുവലിന്റെ നിഴലായി, ഒരു നിശബ്ദ സാന്നിധ്യമായി, അദ്ദേഹത്തിന്റെ സഹധർമ്മിണി ഷേർലി ജോൺസൺ സദാ സമയവും കൂടെ നിൽക്കുന്നു. കൂടാതെ ഈ സംരംഭത്തിന് ഒരു കൈ സഹായമായി തന്റെ സഹോദരങ്ങളും, സഹപ്രവർത്തകരും, സ്നേഹിതരും, അഭ്യുദയകാംക്ഷികളും ചേർന്നു നിൽക്കുന്നത് അദ്ദേഹത്തിന്റെ പ്രവർത്തനത്തിന് ഒരു ഊർജ്ജമാണ്. എന്നെന്നും ഒരു നക്ഷത്ര വിളക്കായി ജോൺസൺ സാമുവൽ എന്ന വ്യക്തിയും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും പ്രശോഭിക്കട്ടെ എന്ന പ്രാർത്ഥനയോടെ..