അഭയ കേസില്‍ നീതി നടപ്പിലാകുന്നു

sponsored advertisements

sponsored advertisements

sponsored advertisements

3 August 2022

അഭയ കേസില്‍ നീതി നടപ്പിലാകുന്നു

സ്വന്തം ലേഖകൻ
സിസ്റ്റര്‍ അഭയ എന്ന പെണ്‍കുട്ടിയുടെ മരണം ഒരു വലിയ വാര്‍ത്തയായി സമൂഹത്തിലേക്ക് പെയ്തിറങ്ങിയപ്പോള്‍ യഥാര്‍ത്ഥത്തില്‍ ഇരയാക്കപ്പെട്ടത് രണ്ട് വൈദികരും ഒരു കന്യാസ്ത്രീയുമാണ്. നുണകളുടെ പെരുമഴപ്പാച്ചിലില്‍ മൂന്നു മനുഷ്യരുടെ ജീവിതകാലം മുഴുവന്‍ കോടതിമുറികളും കുത്തുവാക്കുകളുടെ ശരങ്ങളുംകൊണ്ട് നിറഞ്ഞുപോയിരുന്നു. ആരാണ് കുറ്റവാളികള്‍ എന്ന് തെളിയിക്കേണ്ട പ്രോസിക്യൂഷന്‍ പോലും വൈദികര്‍ക്കും കന്യാസ്ത്രീയ്ക്കും മുന്‍പില്‍ കള്ളങ്ങളുടെ ഒരു വലിയ മല കെട്ടിപ്പൊക്കിയപ്പോള്‍ തകര്‍ന്നടിഞ്ഞത് നീതിന്യായ വ്യവസ്ഥതയോടുള്ള സഭയുടെ വിശ്വാസമാണ്. എന്നാല്‍ ഈ കേസില്‍ ഏറ്റവും പുതിയതായി ഉണ്ടായ 29 പേജുള്ള ഹൈക്കോടതി വിധി എല്ലാ കെട്ടുകഥകളെയും മായ്ച്ചു കളയുകയും നീതിയുടെ വെളിച്ചം പ്രതികളെന്ന് ആരോപിക്കപ്പെട്ടവര്‍ക്ക് മേല്‍ വീഴ്ത്തുകയും ചെയ്തു.
അഭയ കേസിലെ ഒന്നാം പ്രതിയായ വൈദീകനുമേല്‍ വിധിക്കപ്പെട്ട ശിക്ഷ താല്‍ക്കാലികമായി റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി വിധി പ്രഖ്യാപിച്ചത് ഈ കേസില്‍ വലിയ വഴിത്തിരിവുകള്‍ക്ക് വഴിതെളിക്കും. നിലവിലെ അപ്പീല്‍ ഇല്ലായ്മ ചെയ്യുംവരേയ്ക്കും ഒന്നാം പ്രതിയായ വൈദീകനെ ജാമ്യത്തില്‍ വിട്ടയയ്ക്കാനും കോടതി ഉത്തരവിടുകയായിരുന്നു.
ഒരു മനുഷ്യരോടും ചെയ്യരുതാത്ത ക്രൂരതയാണ് വൈദികരോടും ഒരു കന്യാസ്ത്രീയോടും ഇവിടുത്തെ നീതിന്യായ വ്യവസ്ഥയും സത്യമറിയാത്ത ജനങ്ങളും ചെയ്തത്. ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന ഇന്ത്യന്‍ ഭരണഘടനയുടെ ആശയത്തെ പോലും അട്ടിമറിച്ചു കൊണ്ടാണ് വൈദികരെയും കന്യാസ്ത്രീയെയും പൊതുസമൂഹം വേട്ടയാടിയത്.
1992 മാര്‍ച്ച് 27നാണ് സിസ്റ്റര്‍ അഭയയെ കോട്ടയം പയസ് ടെന്‍ത് കോണ്‍വന്‍റ് വളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടതോ? അതോ ആത്മഹത്യ ചെയ്തതോ? എന്ന സംശയം കേരള സമൂഹത്തിന് ഒന്നടങ്കം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ മാധ്യമങ്ങളും വിഷയത്തില്‍ വലിയ താല്പര്യം കാണിച്ചു. ഈ താല്പര്യത്തെ മുതലെടുത്തുകൊണ്ട് പല സംഘടനകളും പ്രോസിക്യൂഷനും സാഹചര്യതെളിവുകളെയും സാക്ഷികളെയും സൃഷ്ടിക്കുകയായിരുന്നു.
എന്നാല്‍ പ്രോസിക്യൂഷന്‍ കണ്ടെത്തിയ തെളിവുകള്‍ക്ക് സത്യത്തിന് മുകളില്‍ ആയുസ്സുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അപ്പീല്‍ വാദം കേള്‍ക്കുന്നത് വരെ ശിക്ഷ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ പ്രതിഭാഗം അപേക്ഷകള്‍ സമര്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് സത്യം മനസ്സിലാക്കിയ കോടതി കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഒന്നാം പ്രതിക്കും മൂന്നാം പ്രതിക്കും ജാമ്യം അനുവദിച്ചു. എന്തുകൊണ്ട് കോടതി ഒന്നാം പ്രതിക്കും മൂന്നാം പ്രതിക്കും ജാമ്യം അനുവദിച്ചു എന്നതിനുള്ള തെളിവാണ് 29 പേജുള്ള കോടതിയുടെ വിധി. അത് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുള്ള ഓരോ മനുഷ്യരും വായിച്ചിരിക്കേണ്ട ഒന്നാണ്.
എത്ര മറച്ചുവച്ചാലും സത്യം ഒരുനാള്‍ പുറത്തുവരിക തന്നെ ചെയ്യും എന്നതിന്‍റെ തെളിവാണ് അഭയ കേസില്‍ ഇപ്പോള്‍ നമ്മള്‍ കാണുന്നത്. ദൈവമെപ്പോഴും കുടിയിരിക്കുന്നത് സത്യമുള്ളവരുടെ ഹൃദയത്തിലാണ്.
വൈദികന്‍റെ അഭിഭാഷകനായ രാമന്‍ പിള്ളയും കന്യാസ്ത്രീയുടെ അഭിഭാഷകനായ വിജയഭാനുവും നിരത്തിയ സത്യങ്ങളെ മുന്‍നിര്‍ത്തി കേസില്‍ ഒടുവിലത്തെ സത്യസന്ധമായ വിധിയെഴുതിയത് ജസ്റ്റിസ് കെ വിനോദ് ചന്ദ്രനും, ജസ്റ്റിസ് സി. ജയചന്ദ്രനുമാണ്. രാമന്‍പിള്ളയും, വിജയഭാനുവും കോടതിമുറിയില്‍ പ്രോസിക്യൂഷനെ ഭംഗിയായിത്തന്നെ നേരിടുകയും, സത്യവും ധര്‍മ്മവും പുനഃസ്ഥാപിക്കുകയും ചെയ്തു.
വാദങ്ങളുടെയും പ്രതിവാധങ്ങളുടെയും അടിസ്ഥാനത്തില്‍ കോടതി വൈദികനും കന്യാസ്ത്രീയ്ക്കും ജാമ്യം നല്‍കാന്‍ കണ്ടെത്തിയ ചില സുപ്രധാന സത്യങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ടത് സാക്ഷിമൊഴികളിലെ പാകപ്പിഴകളാണ്. വിധിയില്‍ രണ്ടു ജഡ്ജിമാരും അത് കൃത്യമായിത്തന്നെ പ്രതിപാദിച്ചിട്ടുമുണ്ട്. പ്രോസിക്യൂഷന്‍റെ ഓരോ വാദങ്ങളെയും കോടതി തന്നെയാണ് പൊളിച്ചടുക്കിയതും, സത്യം പുറത്തു കൊണ്ടുവരാന്‍ സഹായിച്ചതും.
(തുടരും..)