ദിലീപ് കേസ് – എ.ഡി.ജി.പി ശ്രീജിത്തിന്റെ സ്ഥാനമാറ്റം : അമേരിക്കൻ മാധ്യമങ്ങളും സംഘടനകളും പ്രതികരിക്കണം (അനിലാൽ ശ്രീനിവാസൻ )

sponsored advertisements

sponsored advertisements

sponsored advertisements

25 April 2022

ദിലീപ് കേസ് – എ.ഡി.ജി.പി ശ്രീജിത്തിന്റെ സ്ഥാനമാറ്റം : അമേരിക്കൻ മാധ്യമങ്ങളും സംഘടനകളും പ്രതികരിക്കണം (അനിലാൽ ശ്രീനിവാസൻ )

ദിലീപ് കേസിന്റെ അന്വേഷണ ചുമതലയുള്ള എഡിജിപി എസ് . ശ്രീജീത്തിനെ കേസന്വേഷണത്തില്നിന്ന് മാറ്റിയസംഭവമുണ്ടാക്കിയ ഞെട്ടലാണ് ഈ കുറിപ്പെഴുതാൻ പ്രേരിപ്പിക്കുന്നത്. കേസന്വേഷണം ആശാവഹമായ രീതിയിൽ പുരോഗമിക്കുന്ന ഈ നിര്ണ്ണായക ഘട്ടത്തിലുള്ള സര്ക്കാരിന്റെ ഇടപെടല് സര്ക്കാരിലുള്ള വിശ്വാസ്യതയെ തീര്ത്തും സംശയത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുന്നു .

വളരെ ഗുരുതരവും ഭയാനകവുമായ ചില സംഭവവികാസങ്ങൾ നടി ആക്രമിക്കപ്പെട്ട കേസുമായും അതേത്തുടർന്ന് ആ കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്മാരെ വധിക്കാൻ കേസിലെ പ്രതികൾ ഗൂഢാലോചന നടത്തിയെന്നുള്ള രണ്ടാത്തെ കേസുമായും ബന്ധപ്പെട്ട് നാം കണ്ടുകൊണ്ടും കേട്ടുകൊണ്ടുമിരിക്കുന്നു. കേരളത്തിന്റെ സമീപകാല ചരിത്രത്തിൽ അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഇത്രയേറെ അട്ടിമറിക്കപ്പെട്ടു ഒരു കേസ് ഉണ്ടായിട്ടില്ല. എ ഡിജിപി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ചുരുങ്ങിയസമയം കൊണ്ട് അന്വേഷണത്തിൽ ഇത്രയേറെ പുരോഗതിയുണ്ടാക്കിയത്. അവസാനം നാം കേൾക്കുന്നത് ദിലീപിന്റെ അഭിഭാഷകൻ അഡ്വക്കേറ്റ് രാമന്പിള്ളയെയും കൂടെയുള്ള ചില അഭിഭാഷകരെയും ചോദ്യം ചെയ്യേണ്ടതുണ്ട്. അതുപോലെ അന്വേഷണത്തിന്റെ ഭാഗമായി കാവ്യാമാധവനെയും ചോദ്യം ചെയ്യും.

ആശ്വാസം. അതുവരെ വിവിധ സാംസകാരിക നേതാക്കളും സംഘടനാ പ്രതിനിധികളും രാഷ്ട്രീയനേതാക്കളും അർത്ഥമില്ലാത്ത പുലമ്പിക്കൊണ്ടിരുന്ന വാക്കുകൾക്കു വിലയുണ്ടാവാൻ പോവുന്നു. “അതിജീവിതയോടൊപ്പം”, “അതിജീവിതക്കു നീതി ലഭിക്കും , ലഭിക്കണം”
ഇതുപറയുമ്പോൾ ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് അവതരിപ്പിച്ച അമ്മ എന്ന താരസംഘടനയെക്കുറിച്ചുള്ള പ്രോഗ്രാം സൂചിപ്പിക്കേണ്ടതുണ്ട്. കാണാത്തവർ കാണേണ്ടതാണ്. എത്രമാത്രം ആൺകോയ്മയായാണ് ആ സംഘടനയിലുള്ളതെന്നു വിളിച്ചുപറയുന്ന പരിപാടി. “അതിജീവിതക്കൊപ്പം” എന്ന് ആവർത്തിക്കുന്നതിലൂടെ നോക്കൂ എത്ര നല്ല അഭിനേതാക്കളാണ് ഞങ്ങൾ എന്നും നമ്മെ കാണിച്ചു തരുന്നു. അവർ അതിജീവിതയെ മാത്രമല്ല WCC യെ മാത്രമല്ല കേരളത്തിലെ മുഴുവൻ സ്ത്രീകളെയും ആക്ഷേപിക്കുകയായിരുന്നു. അതിലൊരിടത്തു അതിജീവിതയെപ്പറ്റി പറയുമ്പോൾ ദിലീപ് ഗദ്ഗദകണ്ഠനാവുന്നുണ്ട്. കുറെ സിനിമാ ദിനേശന്മാർ മലയാളി സ്ത്രീകളെ മുഴുവൻ കളിയാക്കി രസിക്കുന്നു.

അപ്പോഴാണ് സർക്കാരിന്റെ പൊളിറ്റിക്കൽ സെക്രട്ടറി ആയി സ. പി. ശശി ( അദ്ദേഹത്തിന് പൊളിറ്റിക്കൽ സെക്രട്ടറി ആയി പ്രവർത്തിച്ചു മുൻകാല പരിചയമുണ്ട് : സ.ഇ കെ നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറി ആയിരുന്നല്ലോ അദ്ദേഹം.) ഈ പദവിക്ക് യോഗ്യൻ തന്നെ.
തൊട്ടുപിന്നാലെ അതാ വരുന്നു മറ്റൊരു വാർത്ത” ശശി വന്നു, ശ്രീജിത്തു പോയി” ഒന്നു ഞെട്ടി, അതെന്തിന്? അദ്ദേഹം ഏറ്റവും നല്ല രീതിയിൽ പ്രവർത്തിച്ചു തെളിച്ചുവരികയായിരുന്നല്ലോ? പിന്നെ മനസിലിലായി. സ്ത്രീ പീഡനക്കേസ് അന്വേഷിക്കാൻ ശ്രീജിത്തിനേക്കാൾ കൂടുതൽ യോഗ്യൻ
ജോലിയിൽ നിന്ന് വിരമിക്കാൻ രണ്ടുമാസം മാത്രം ബാക്കിയുള്ള എ ഡിജിപി പ്രിസൺസ് ഷെയ്ഖ് ദർവേഷ് സാഹേബ് തന്നെയാണ്. കാരണം തീരുമാനം പുതിയ പൊളിറ്റിക്കൽ സെക്രട്ടറിയുടേതാണ്, ഏകദേശം പത്തു വര്ഷം മുമ്പ് ഐസ്ക്രീം പാർലർ സെക്സ് സ്കാൻഡലുമായി ബന്ധപ്പെട്ടു അദ്ദേഹത്തിന് ആ മേഖലയിലും പരിചയമുണ്ട്.

നിറുത്തൂ – നിങ്ങൾ അമേരിക്കയിരുന്നുകൊണ്ടു ഇത്ര കണ്ണീരൊഴുക്കുന്നതതെന്തിനാണ്? എന്നാൽ പിന്നെ അവിടെ പോയി അതിജീവിതക്കുവേണ്ടി പ്രവർത്തിച്ചൂടെ?

കാരണമുണ്ട്.

അടുത്തിടെ ഒരു ബുധനാഴ്ച ദിവസം : സമയം രാവിലെ ആറുമണികഴിഞ്ഞിരിക്കും. whatsapp ലെ പല വാർത്താഗ്രൂപ്പുകളിലൊന്നിൽ നിന്നും ഒരു വാർത്ത കണ്ടു. “അറബിക്കടലിൽ ന്യുനമർദം : മത്സ്യബന്ധനത്തിന് പോകുന്നവർക്ക് വിലക്ക്” ഞാനോർത്തു. അമേരിക്കയിൽ നിന്നാരാണ് ഈ അതിരാവിലെ അറബിക്കടലിൽ മത്സ്യബന്ധനത്തിന് പോവുന്നത്? അതിനു യാതൊരു സാധ്യതയുമില്ലല്ലോ? പോകാം എന്ന് കരുതിയാൽ തന്നെ നമുക്കറിയാം നടക്കില്ലാന്ന്. അഭിമാനം തോന്നി. നമ്മെ നേരിട്ട് ബാധിക്കുന്നില്ലെങ്കിൽ പോലും കേരളത്തെ ബാധിക്കുന്ന ഏതു ചെറിയകാര്യവും നമുക്ക് പ്രധാനമാണ്. അത് നമ്മൾ വർത്തയാക്കും.

അങ്ങിനെയെങ്കിൽ അമേരിക്കയിലെ വാർത്താമാധ്യമങ്ങളും ഈ അട്ടിമറിശ്രമത്തിൽ പ്രതികരിക്കണം. നാട്ടിലെ വാർത്താമാധ്യമങ്ങളുടെ
പൊതുനിലപാട് നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കപ്പെടാതിരിക്കാനും അതിജീവിതക്കു നീതികിട്ടാനും റിപ്പോര്ട്ടര് ചാനലും എം.വി.നികേഷ് കുമാറും ഉണ്ടല്ലോ, ഞങ്ങൾക്ക് വേറെ പണിയുണ്ട് എന്നതാണ്.

അതുപോലെ തന്നെ ഫോമാ, ഫൊക്കാന, വിവിധ വിമൻസ് സംഘടനകൾ അസോസിയേഷനുകൾ , സാംസ്കാരിക സംഘടനകൾ ഒക്കെ ഈ നടപടിയെ അപലപിക്കേണ്ടതാണ്. കള്ളൻ കേറിയത് അടുത്തവീട്ടിലല്ലേ എന്റെ വീട്ടിലല്ലല്ലോ എന്ന് ചിന്തിക്കരുത്. കേരളത്തിൽ തന്നെ സാംസ്കാരികനായകന്മാരും സംഘടനകളും സിനിമാ സംഘടനകളും WCC യും ഭരണ പ്രതിപക്ഷ പാർട്ടികളും എന്തിനു ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങൾ പോലും ഈ വാർത്ത കണ്ടതായി തോന്നുന്നില്ല. അത് വരുത്തിവെക്കാവുന്ന സാംസ്കാരിക സമൂഹിക ജീർണത അടുത്ത തലമുറകളെയാവും കൂടുതൽ ബാധിക്കുക.

അതോ സർക്കാരിനെപ്പോലെ സിനിമാ അധോലോകത്തെയും അതിന്റെ നായകന്മാരെയും മറ്റു മാടമ്പികളെയും നിങ്ങൾക്കും ഭയമാണോ? അമേരിക്കൻ മലയാളികളിൽ വലിയൊരു ഭാഗം സ്ത്രീയുടെ വിശാലമനസ് മനസിലാക്കിയവരെന്നതു പ്രതീക്ഷ നൽകുന്നു.

എന്നും ഇടതു വശത്തുകൂടി മാത്രം ഉറച്ച കാൽവയ്പ്പുകളോടെ നടന്നിട്ടുള്ള എന്നെപ്പോലുള്ളവർക്കു സർക്കാരിന്റെ ഈ നടപടി നാണക്കേടാണ്. ഇത് തിരുത്തപ്പെടണം.

അനിലാൽ ശ്രീനിവാസൻ